TopTop

കൊറോണ - ചൈനയില്‍ നിന്ന് മടങ്ങിയെത്തിയ 12 പേര്‍ കണ്ണൂരില്‍ നിരീക്ഷണത്തില്‍, എറണാകുളത്ത് 55 പേർ വീടുകളിൽ നിരീക്ഷണത്തിൽ

കൊറോണ - ചൈനയില്‍ നിന്ന് മടങ്ങിയെത്തിയ 12 പേര്‍ കണ്ണൂരില്‍ നിരീക്ഷണത്തില്‍, എറണാകുളത്ത് 55 പേർ വീടുകളിൽ നിരീക്ഷണത്തിൽ

കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ചൈനയില്‍ നിന്ന് കണ്ണൂരില്‍ മടങ്ങിയെത്തിയ 12 പേര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തില്‍. കണ്ണൂര്‍ പേരാവൂര്‍ സ്വദേശികളായ ഒരു കുടുംബത്തിലെ അംഗങ്ങളടക്കമുള്ള 12 പേരാണ് ചൈനയില്‍ നിന്ന് മടങ്ങിയെത്തിയത്. സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ പരിശോധന നടത്താന്‍ കേന്ദ്ര സംഘം ഇന്നെത്തും. 28 ദിവസം ചൈനയില്‍ നിന്ന് വന്നവരെ നിരീക്ഷിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് 288 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ ഏഴ് പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

തിരുവനന്തപുരം ജില്ലയില്‍ 15 പേര്‍ നിരീക്ഷണത്തിലാണ്. വീടുകളില്‍ 14 പേരും ആശുപത്രിയില്‍ ഒരാളും. കൊല്ലത്ത് വീടുകളില്‍ 34 പേര്‍. പത്തനംതിട്ടയില്‍ വീടുകളില്‍ 11, ആശുപത്രിയില്‍ ഒരാള്‍. ആലപ്പുഴയില്‍ വീടുകളില്‍ 8 പേര്‍. ആശുപത്രിയില്‍ ഒരാള്‍. കോട്ടയത്ത് വീടുകളില്‍ ഒമ്പത് പേര്‍. വലിയ ആരോഗ്യപ്രശ്നങ്ങൾ ആർക്കുമില്ല. ഇടുക്കിയില്‍ ആരും നിലവിൽ നിരീക്ഷണത്തിലില്ല.

എറണാകുളത്ത് വീടുകളില്‍ 51 പേരും ആശുപത്രികളില്‍ മൂന്ന് പേരും. രണ്ട് പേർ കളമശ്ശേരി ഗവ.മെഡിക്കൽ കോളേജിലും ഒരാൾ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്. ചൈനയിലെ രോഗബാധിത പ്രദേശങ്ങളിൽ പോയി തിരിച്ചുവന്ന 16 പേർ എറണാകുളം ജില്ലയിലുണ്ട്. എന്നാൽ ഇവരിൽ ആർക്കും തന്നെ രോഗലക്ഷണങ്ങളില്ല. മുൻകരുതലിൻ്റെ ഭാഗമായി ഇവരോട് വീടുകളിൽ തുടരാൻ ആവശ്യപ്പെട്ടു.

തൃശ്ശൂരില്‍ വീടുകളില്‍ 23 പേരും ആശുപത്രിയില്‍ ഒരാളും. പാലക്കാട് വീടുകളില്‍ 19 പേര്‍. മലപ്പുറത്ത് വീടുകളില്‍ 25 പേർ. മഞ്ചേരി മെഡിക്കൽ കോളേജിൽ ഒരാൾ നേരത്തെ നിരീക്ഷണത്തിലായിരുന്നെങ്കിലും ഇദ്ദേഹത്തിന് പനി മാത്രമാണുള്ളത് എന്ന് ഡോക്ടർമാർ അറിയിച്ചു. കോഴിക്കോട് വീടുകളില്‍ 72 പേര്‍. വയനാട് വീടുകളില്‍ മൂന്ന് പേര്‍. കണ്ണൂര്‍ വീടുകളില്‍ 11 പേര്‍. കാസറഗോഡ് വീടുകളില്‍ ഒരാള്‍ - ഇങ്ങനെയാണ് നിരീക്ഷണത്തിലുള്ളവരുടെ കണക്ക്.

നേരത്തെ കൊച്ചിയില്‍ ഒരാള്‍ക്ക് കൊറോണയാണ് എന്ന് സംശയമുണ്ടായിരുന്നെങ്കിലും ഇത് സ്ഥിരീകരിക്കപ്പെട്ടില്ല. എറണാകുളം ജില്ലയില്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന മൂന്ന് പേരുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്കായി പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിക്ക് അയച്ചിട്ടുണ്ടെങ്കിലും പരിശോധനാ ഫലം ലഭ്യമായിട്ടില്ല. സൗദി അറേബ്യയില്‍ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശിയായ നഴ്‌സിനും കൊറോണ ബാധിച്ചതായി സംശയമുണ്ടായിരുന്നെങ്കിലും ഇത് കൊറോണയല്ലെന്നാണ് പിന്നീട് വ്യക്തമായത്. ഇവരുടെ നില മെച്ചപ്പെട്ടിരുന്നു. രാജസ്ഥാനിലും ബിഹാറിലും ഓരോരുത്തര്‍ വീതം നിരീക്ഷണത്തിലാണ്. സംസ്ഥാനത്തെ ജില്ലാ ആശുപത്രികളിലെല്ലാം നേരത്തെ മുന്‍കരുതലിന്റെ ഭാഗമായി ഐസൊലേഷന്‍ വാര്‍ഡ് തയ്യാറാക്കിയിരുന്നു. രാജ്യത്തെ വിമാനത്താവളങ്ങളിലെല്ലാം തെര്‍മല്‍ സ്‌കാനിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ട്.


Next Story

Related Stories