TopTop
Begin typing your search above and press return to search.

കൊറോണയ്ക്ക് മുന്നില്‍ ചൈന പതറുന്നു, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്വയംവിമർശനം വിരൽ ചൂണ്ടുന്നത് ഫലപ്രദമായ സോഷ്യലിസ്റ്റ് പൊതുജനാരോഗ്യ മാതൃകയുടെ അഭാവത്തിലേയ്ക്കോ?

കൊറോണയ്ക്ക് മുന്നില്‍ ചൈന പതറുന്നു, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്വയംവിമർശനം വിരൽ ചൂണ്ടുന്നത് ഫലപ്രദമായ സോഷ്യലിസ്റ്റ് പൊതുജനാരോഗ്യ മാതൃകയുടെ അഭാവത്തിലേയ്ക്കോ?

പൊതുജനാരോഗ്യം, വിദ്യാഭ്യാസം - ലോകത്തെമ്പാടുമുള്ള കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റുകള്‍ അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിക്കുന്ന രണ്ട് മാതൃകകളാണിവ. ആരോഗ്യരക്ഷയിൽ വികസിതരാജ്യങ്ങള്‍ക്ക് പോലും മാതൃകയായാണ് കമ്മ്യൂണിസ്റ്റ് രാജ്യമായ ക്യൂബ ഉയര്‍ത്തിക്കാട്ടപ്പെടുന്നത്. യുഎന്‍ അടക്കം ക്യൂബയെ പ്രശംസിച്ചിരുന്നു. ആഗോളതലത്തില്‍ മാരകമായ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിച്ച ഘട്ടങ്ങളില്‍ ക്യൂബ തങ്ങളുടെ ഡോക്ടര്‍മാരുടെ സംഘത്തെ അയച്ച് ലോകത്തിന് മാതൃകയായി. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളായ ലൈബീരിയയിലും സൈറ ലിയോണിലും എബോള പടര്‍ന്നുപിടിച്ചപ്പോള്‍, വികസിത രാജ്യങ്ങള്‍ പോലും മടിച്ചുനിന്ന ഘട്ടങ്ങളില്‍ സഹായവുമായി ക്യൂബന്‍ ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങുന്ന മെഡിക്കല്‍ സംഘം സഹായത്തിനെത്തി. എല്ലാ ആരോഗ്യസൂചികകളിലും ക്യൂബ വികസിതരാജ്യങ്ങള്‍ക്കൊപ്പമെത്തി. ആരോഗ്യക്ഷേമ പദ്ധതികളില്‍ പലപ്പോളും യുഎസ് അടക്കമുള്ള വിദേശരാജ്യങ്ങളെ നാണിപ്പിക്കുന്ന തരത്തിലും മയക്കുമരുന്നിന് അടിമയായ ഫുട്‌ബോള്‍ ഇതിഹാസം മറഡോണയും എണസ്‌റ്റോ ചെ ഗുവേരയുടെ ഘാതകനായ മുന്‍ ബൊളീവിയന്‍ സൈനികന്‍ മാരിയോ ടെറാനുമടക്കമുള്ളവര്‍ ക്യൂബയുടെ ചികിത്സാസൗകര്യങ്ങളും പരിചരണവും ഉപയോഗപ്പെടുത്തി. എന്നാല്‍ മറ്റൊരു കമ്മ്യൂണിസ്റ്റ് രാജ്യമായ, ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക, സൈനിക ശക്തിയായ ചൈന അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആരോഗ്യപ്രതിസന്ധികളിലൊന്ന് നൊവേല്‍ കൊറോണ വൈറസിലൂടെ അഭിമുഖീകരിക്കുകയാണ്.

ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സര്‍ക്കാരുകളും ഏറ്റവും വലിയ നേട്ടങ്ങളായി എക്കാലത്തും ഉയര്‍ത്തിക്കാട്ടിയിട്ടുള്ളത് ആരാഗ്യ, വിദ്യാഭ്യാസ, സാമൂഹ്യാസുരക്ഷാരംഗങ്ങളിലെ നേട്ടങ്ങളിലും വികസിത രാജ്യങ്ങളുടെ സൂചികകള്‍ക്കൊപ്പം നില്‍ക്കുന്ന കണക്കുകളുമാണ്. സോവിയറ്റ് യൂണിയനും കിഴക്കന്‍ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളും മികച്ച ആരോഗ്യ സംവിധാനങ്ങളുടെ മാതൃകകളായി ഉയര്‍ത്തിക്കാട്ടപ്പെട്ടിരുന്നു. മുന്‍ സോവിയറ്റ് റിപ്പബ്ലിക്കായ ജോര്‍ജ്ജിയ പോലുള്ളവയെ ഇന്ത്യയില്‍ നിന്നടക്കമുള്ള വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്നു. ഇന്ത്യയില്‍ നിന്ന് വലിയ തോതില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന രാജ്യമാണ് ചൈന. മാനവിക വികസന സൂചികകളിൽ മുന്നിൽ നിൽക്കുന്നതായി അവകാശപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് ചൈന. ചൈനയില്‍ സാമ്പത്തിക അസമത്വം ശക്തമാണ് എന്ന റിപ്പോര്‍ട്ടുകള്‍ വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ പോലും.

ലോകബാങ്കിന്റെ കണക്കുകള്‍ പ്രകാരം ഉയര്‍ന്നവരുമാനമുള്ള രാജ്യങ്ങളില്‍പ്പെടാത്ത ഒറ്റ രാജ്യമേ ആഗോള പൊതുജനാരോഗ്യ സൂചികകളില്‍ മുന്നിലുള്ളൂ. അത് ക്യൂബയാണ്. യുഎസിനേക്കാളും അഞ്ച് സ്ഥാനങ്ങള്‍ മുകളില്‍ ക്യൂബ എത്തുന്ന നിലയുണ്ടായി. അതേസമയം കഴിഞ്ഞ വര്‍ഷത്തെ ബ്ലൂംബെര്‍ഗ് വേള്‍ഡ് ഹെല്‍ത്തിയര്‍ കണ്‍ട്രീസ് ഇന്‍ഡക്‌സില്‍ ചൈന 52ാം സ്ഥാനത്താണ്. 1.15 കോടി മാത്രം ജനസംഖ്യയുള്ള ചെറുരാജ്യമായ ക്യൂബയുമായി 140 കോടിയിലധികം ജനസംഖ്യയുള്ള വലിയ രാജ്യമായ ചൈനയെ താരതമ്യം ചെയ്യാനാവില്ല. എന്നാല്‍ വ്യവസ്ഥിതികള്‍ അതിന്റെ പൗരന്മാരോട് പുലര്‍ത്തുന്ന സമീപനം പ്രശ്‌നമാണ്.

ഗവൺമെൻ്റ് ആശുപത്രികള്‍ക്കൊപ്പം ചൈനയില്‍ സ്വകാര്യ ആശുപത്രികളുണ്ട്. അതേസമയം വലിയൊരു വിഭാഗത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്. എന്നാല്‍ പൊതു ആരോഗ്യ ഇന്‍ഷുറന്‍സ് മൊത്തം ചികിത്സാ ചിലവിന്റെ പകുതി മാത്രമേ കവര്‍ ചെയ്യുന്നുള്ളൂ എന്ന പരാതിയുണ്ട്. ഗുരുതര അസുഖങ്ങള്‍ക്ക് ഈ അനുപാതം വീണ്ടും കുറവാണ്. 2016ൽ ചൈനീസ് തലസ്ഥാനമായ ബീജിങ്ങിൽ പോലും ഡോക്ടർമാരുടെ കുറവ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഹെല്‍ത്തി ചൈന 2030 പദ്ധതി പ്രകാരം ചൈന ചികിത്സാചിലവുകള്‍ കുറക്കാനുള്ള നടപടികള്‍ക്ക് ശ്രമം നടത്തുന്നുണ്ട്. ഗ്രാമങ്ങളിലെല്ലാം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുണ്ട്. എന്നാൽ കൊറോണ പോലൊരു വലിയ പകർച്ചവ്യാധി പടരുന്നത് തടയാൻ ചൈനീസ് ഭരണസംവിധാനം ഏറെ പരിമിതികൾ അനുഭവിക്കുന്നു എന്നാണ് വ്യക്തമാകുന്നത്.

2017ലെ കണക്ക് പ്രകാരം 138.64 കോടി ജനസംഖ്യയുള്ള, ഭൂവിസ്തൃതിയില്‍ ലോകത്ത് നാലാം സ്ഥാനത്തുള്ള ചൈനയിലെ ആരോഗ്യ സംവിധാനം എത്തരത്തിലാണ് ഇതിനോട് പ്രതികരിക്കുന്നത് എന്ന് പരിശോധിക്കുമ്പോള്‍, ചെറിയ രാജ്യങ്ങളുടെ പ്രതികരണ രീതിയും നടപടികളുമായി താരതമ്യം ചെയ്യുന്നതില്‍ പ്രശ്‌നങ്ങളുണ്ട്. എന്നാല്‍പ്പോലും ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ (സിപിസി) പൊളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിംഗ് കമ്മിറ്റി (ഏഴംഗ പിബി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പരമോന്നത സമിതി) നൊവേല്‍ കൊറോണ വൈറസിനെ നേരിടുന്നതില്‍ രാജ്യം സ്വീകരിച്ച നടപടികളിലെ അപര്യാപ്തതകളെ സ്വയംവിമര്‍ശനപരമായി വിലയിരുത്തുന്നു എന്ന വാര്‍ത്തകള്‍ പ്രസക്തമാണ്. 1980കളുടെ അവസാനം ഡെങ് സിയാവോ പിങ്ങിന്റെ നേതൃത്വത്തില്‍ ഉദാരീകൃത വിപണി മുതലാളിത്ത നയങ്ങളിലേയ്ക്ക് നീങ്ങുകയും അതിവേഗം സാമ്പത്തിക വളര്‍ച്ച കൈവരിക്കുകയും അമേരിക്കയ്ക്ക് പോലും ആശ്രയിക്കേണ്ടി വരുകയും ചെയ്യുന്ന തരത്തിലേയ്ക്ക് വലിയൊരു സാമ്പത്തിക ശക്തിയായി വളരുകയും ചെയ്തു. യുഎസ് - ചൈന വ്യാപാര യുദ്ധത്തിന് അയവ് വന്നത് ജനുവരി ആദ്യവാരമാണ്. ഇപ്പോള്‍ ചൈനയുടെ വിവിധ മേഖലകള്‍ക്കും നഗരങ്ങള്‍ക്കും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായുള്ള ബന്ധം വിച്ഛേദിപ്പിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ സാമ്പത്തികമായി ചൈനയെ ഇത് വല്ലാതെ ബാധിക്കുമെന്നും പ്രതിരോധത്തിലാക്കുമെന്നും സംശയമില്ല. തങ്ങള്‍ക്ക് വലിയ തോതില്‍ മാസ്‌കുകളും പ്രൊട്ടക്ടീവ് വെയറുകളും മറ്റും വേണമെന്ന് ചൈനീസ് ഗവണ്‍മെന്റ് ആവശ്യപ്പെട്ടിരിക്കുന്നു. ഡിസംബര്‍ പകുതിയോടെ തന്നെ ആദ്യം ന്യൂമോണിയ എന്ന പേരില്‍ വന്ന കൊറോണ കേസുകള്‍ ചൈന കണ്ടെത്തിയിരുന്നു. എന്നാല്‍ 2003ല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പടര്‍ന്നുപിടിച്ച് 700ലധികം പേരുടെ മരണത്തിനിടയാക്കിയ സാര്‍സ് (സീവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം) ഉണ്ടാക്കിയതിനേക്കാള്‍ വളരെയധികം മരണസംഖ്യ ഇപ്പോൾ കൊറോണ ചൈനയിലുണ്ടാക്കിയിരിക്കുന്നു.

സാര്‍സ് മൂലം 2003ല്‍ ചൈനീസ് മെയിന്‍ലാന്‍ഡില്‍ 349 പേരും ഹോങ്കോങ്ങില്‍ 299 പേരുമാണ് മരിച്ചത്. ഇത്തവണ ചൈനീസ് നിയന്ത്രിത പ്രവിശ്യയായ ഹോങ്കോങ്ങില്‍ നിന്ന് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം ചൈനീസ് മെയിന്‍ലാന്‍ഡില്‍ മരണം 425 കടന്നിരിക്കുന്നു. ആരോഗ്യരക്ഷാസംവിധാനങ്ങളിലും സാങ്കേതികവിദ്യയിലും മെഡിക്കല്‍ ഗവേഷണങ്ങളിലും മുന്നില്‍നില്‍ക്കുന്നു എന്ന് അവകാശപ്പെടുന്ന ചൈനയ്ക്ക് എന്തുകൊണ്ട് സാര്‍സിന്റെ മുന്നനുഭവം ഉണ്ടായിട്ടുപോലും ഇത്തരമൊരു വൈറസ് അതിവേഗം പടരുന്നത് തടയാനായില്ല എന്ന് ചോദ്യം പ്രസക്തമാണ്. ചൈനീസ് ഗവണ്‍മെന്റ് പത്രമായ ഗ്ലോബല്‍ ടൈംസും വാര്‍ത്താ ഏജന്‍സിയായ സിന്‍ഹ്വയും ഒരാഴ്ച മുമ്പ് വരെ വുഹാന്‍ ന്യുമോണിയ എന്നാണ് പറഞ്ഞിരുന്നത്. കൊറോണ എന്ന വാക്ക് ഇപ്പോള്‍ ഉപയോഗിച്ചുതുടങ്ങിയിരിക്കുന്നു. ഇത്തരത്തില്‍ പ്രശ്‌നത്തെ അഭിസംബോധന ചെയ്യുന്നതില്‍ ചൈനീസ് ഭരണകൂടത്തിന് വീഴ്ച പറ്റിയിട്ടുണ്ട് എന്ന് തന്നെ വേണം മനസ്സിലാക്കാന്‍. അതും കടുത്ത നിയന്ത്രണങ്ങള്‍ പൗരന്മാര്‍ക്ക് ഏര്‍പ്പെടുത്തുന്ന, നിയമം വിട്ടുവീഴ്ചയില്ലാതെ കര്‍ശനമായി നടപ്പാക്കുന്നു എന്ന് അവകാശപ്പെടുന്ന, മനുഷ്യാവകാശ ലംഘനങ്ങള്‍ സംബന്ധിച്ച് വലിയ പരാതികള്‍ കേള്‍പ്പിക്കുന്ന ഒരു രാജ്യത്ത് നിന്ന്. ചൈനീസ് ഭരണകൂടത്തിന്റെ ജനാധിപത്യ ധ്വംസനങ്ങളും അടഞ്ഞ വ്യവസ്ഥിതിയും എക്കാലത്തും വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. അഴിമതിക്ക് പോലു വധശിക്ഷ നല്‍കുന്ന രാജ്യമാണ്. ഭരണപരമായ കെടുകാര്യസ്ഥതകൾക്കും പിഴവുകൾക്കും ഉത്തരവാദികളായ ഉദ്യോഗസ്ഥരെ യാതൊരു ഇളവുകളുമില്ലാതെ ജയിലിലാക്കുന്ന രാജ്യം. എന്നാല്‍ ഇങ്ങനെയൊരു രാജ്യത്താണ് കൊറോണ വൈറസ് 200ലധികം ജീവനെടുത്ത, കൊറോണയുടെ പ്രഭവ കേന്ദ്രമായ ഹുബെയ് പ്രവിശ്യയിലെ വുഹാനില്‍ സംവിധാനങ്ങളുടെ അപര്യാപ്തതയുടെ പേരില്‍ വിമര്‍ശനമേറ്റുവാങ്ങുന്നത്. മാസ്‌ക് മോഷ്ടിക്കുന്നവരുടെ വീഡിയോകള്‍ പുറത്തുവന്നിരുന്നു.

ഒരു വിദഗ്ധ ഡോക്ടറുടെ അപ്പോയിമെന്റിനായി നൂറിനടുത്ത് പേര്‍ ബീജിംഗിലെ ആശുപത്രിയില്‍ മണിക്കൂറോളം ക്യൂ നില്‍ക്കുന്നതടക്കമുള്ള അനുഭവങ്ങള്‍ 2018ല്‍ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തത ചികിത്സയ്ക്കായി ബീജിംഗിലെത്താന്‍ മറ്റ് മേഖലകളിലുള്ളവരെ പ്രേരിപ്പിച്ചിരുന്നു. ഒരു ദരിദ്ര കാര്‍ഷിക രാജ്യമെന്ന നിലയില്‍ നിന്ന് ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തികശക്തിയെന്ന നിലയിലേയ്ക്കുള്ള ചൈനയുടെ വളര്‍ച്ച അതിവേഗമായിരുന്നു. തുടക്കത്തില്‍ ഗ്രാമങ്ങള്‍ മുതല്‍ നഗരങ്ങള്‍ വരെ മൂന്ന് തട്ട ആരോഗ്യരക്ഷാ സംവിധാനങ്ങള്‍ ചൈനയില്‍ ശക്തമായി കൊണ്ടുപോകാന്‍ ചൈനീസ് ഭരണകൂടത്തിന് കഴിഞ്ഞിരുന്നു. എന്നാല്‍ ജനസംഖ്യാവളര്‍ച്ചയ്ക്കനുസരിച്ച് സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനായില്ല. അസമത്വം പെരുകി. 2018 ജൂലൈയില്‍ നൂറുകണക്കിന് കുട്ടികള്‍ക്ക് തെറ്റായ വാക്‌സിനുകള്‍ നല്‍കിയതായി കണ്ടെത്തിയിരുന്നു. ഇത് ഗവണ്‍മെന്റിനെതിരെ വലിയ അമര്‍ഷത്തിന് കാരണമായിരുന്നു. പൊതുജനാരോഗ്യ സംവിധാനത്തില്‍ നിരവധിപേര്‍ക്ക് വിശ്വാസം നഷ്ടപ്പെടാന്‍ ഇത് ഇടയാക്കി.

സമ്പന്നര്‍ക്ക് ഏറ്റവും മെച്ചപ്പെട്ട ഹോസ്പിറ്റലുകളില്‍ ചികിത്സാസൗകര്യങ്ങള്‍ ലഭിക്കുമ്പോള്‍ ഭൂരിഭാഗം വരുന്ന സാധരണക്കാര്‍ക്ക് തിരക്കുള്ള ആശുപത്രികളില്‍ മണിക്കൂറുകളോളം ക്യൂവിൽ നിൽക്കേണ്ടി വരുന്നു. ഗ്രാമങ്ങളില്‍ ജനങ്ങള്‍ ക്ലിനിക്കുകളെയാണ് കാര്യമായി ആശ്രയിക്കുന്നത്. ലോക ആരോഗ്യനിലവാര പ്രകാരം 1500 മുതല്‍ 2000 വരെ പേര്‍ക്ക് ഒരു ഡോക്ടര്‍ എന്നതാണ് താല്‍പര്യപ്പെടുന്ന അനുപാതം. എന്നാല്‍ ചൈനയില്‍ ഇത് 6666 പേര്‍ക്ക് ഒരു ഡോക്ടര്‍ എന്ന നിലയിലാണ് എന്ന് ലോകാരോഗ്യ സംഘടന പറയുന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ക്ലിനിക്കുകളിലും പോകുന്നതിന് പകരം പനിക്കും തലവേദനയ്ക്കും പോലും ജനങ്ങള്‍ സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് മുന്നില്‍ തിരക്ക് കൂട്ടുന്നു. ദിവസം 200 രോഗികളെ കാണുന്ന ഡോക്ടര്‍മാരുണ്ട്. ചൈനയില്‍ ഡോക്ടര്‍മാര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ സര്‍വസാധാരണമാണ്. ഇതിനെ യി നാവോ (മെഡിക്കല്‍ ഡിസ്ടര്‍ബന്‍സ്) എന്നാണ് പറയുന്നത്.

പൊതുജന ആവശ്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള ശേഷി ആശുപത്രികള്‍ക്കില്ല എന്ന് നാഷണല്‍ ഹെല്‍ത്ത് ആന്‍ഡ് ഫാമിലി പ്ലാനിംഗ് കമ്മീഷന്‍ വക്താവ് മാവോ ക്യുനാന്‍ പറഞ്ഞിരുന്നു. കാല്‍നട ഡോക്ടര്‍മാര്‍ എന്നത് വിപ്ലവകാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംഭാവനയായിരുന്നു. നഗ്നപാദരായി ഗ്രാമങ്ങളിൽ കാൽനടയായി സഞ്ചരിച്ച് ജനങ്ങൾക്ക് ചികിത്സ ഉറപ്പാക്കിയിരുന്നവർ. വിപ്ലവത്തിന് ശേഷം കുറഞ്ഞ ചിലവിൽ എല്ലാവർക്കും ചികിത്സ ഉറപ്പാക്കാനുള്ള ശ്രമങ്ങളുണ്ടായി. ഗ്രാമങ്ങളിൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വ്യാപകമായി. 1960ല്‍ 44 വയസ്സ് ആയിരുന്ന ശരാശരി ആയുര്‍ദൈര്‍ഘ്യം 1970ല്‍ 63 ആയി. എന്നാൽ 1965ല്‍ ചെയര്‍മാന്‍ മാവോ സെ ദൊങ്, രാജ്യത്തെ ആരോഗ്യരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തത തിരിച്ചറിഞ്ഞുകൊണ്ട് ആരോഗ്യ പ്രവര്‍ത്തകരുടെ ഒരു ടീമിനെ നിയോഗിച്ചിരുന്നു. അതേസമയം 1980കളില്‍ ഡെങ് സിയാവോ പിങ്ങിന്റെ കാലത്ത് ചൈന അതിന്റെ വിപണി തുറന്നുകൊടുക്കുകയും ചൈനയുടെ ആരോഗ്യനയത്തിൽ മാറ്റം വരുകയും ചെയ്തു. ഹോസ്പിറ്റലുകള്‍ക്കുള്ള സബ്‌സിഡി വെട്ടിക്കുറച്ചു. ഡോക്ടര്‍മാര്‍ വ്യാപകമായി മരുന്ന് കമ്പനികളില്‍ നിന്ന് കൈക്കൂലി വാങ്ങുന്ന നിലയുണ്ടായി. രോഗികളില്‍ നിന്ന് പാരിതോഷികങ്ങളും. 2013ല്‍ പ്രധാന നഗരങ്ങളായ ബിജിങ്ങിലും ഷാങ്ഹായിയിലും ഗ്വാങ്‌സൂവിലുമായി നടത്തിയ സര്‍വേയില്‍ പങ്കെടുത്ത പകുതിയിലധികം പേരും പറഞ്ഞത് തങ്ങള്‍ ശസ്ത്രക്രിയയ്ക്കായി ഡോക്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കേണ്ടി വന്നു എന്നാണ്. ഡോക്ടര്‍മാര്‍ തന്നെ വ്യാപക കൈക്കൂലി സംബന്ധിച്ച ആരോപണങ്ങള്‍ ശരിവച്ചിരുന്നു.

കൊറോണ വൈറസ്, ചൈനയുടെ ആരോഗ്യ, ഭരണ സംവിധാനങ്ങളേയും അതിന്റെ ശേഷിയേയും പരീക്ഷണത്തിന് വിധേയമാക്കുന്നതായി സിപിസി പൊളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗം വിലയിരുത്തിയതായി സിന്‍ഹ്വ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ നിന്ന് പാഠം പഠിക്കണമെന്നും പിബി സ്റ്റാന്‍ഡിംഗ് കമ്മിറ്റി നിര്‍ദ്ദേശിക്കുന്നു. രാജ്യത്തിന്റെ എമര്‍ജന്‍സി മാനേജ്‌മെന്റ് സിസ്റ്റം, അടിയന്തര കാര്യങ്ങള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യാനുള്ള ശേഷി ഇതിലെല്ലാം പ്രാധാന്യം കൊടുക്കണമെന്ന് പറയുന്നു. പൊതുജനാരോഗ്യ സംവിധാനങ്ങള്‍, പരിസര ശുചീകരണം, ഇറച്ചിമാര്‍ക്കറ്റുകളുടെ നിരീക്ഷണം തുടങ്ങിയവയ്‌ക്കെല്ലാം പ്രാധാന്യം നല്‍കണം. ചൈനയില്‍ കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതി സ്ഥാപിക്കപ്പെട്ടിട്ട് 2019ല്‍ 70 വര്‍ഷം തികഞ്ഞിരുന്നു. അവശ്യസാധനങ്ങളുടെ ഉല്‍പ്പാദന ശേഷി മെച്ചപ്പെടുത്തണമെന്നും ദേശീയ സംഭരണ സംവിധാനം മെച്ചപ്പെടുത്തണമെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം നിര്‍ദ്ദേശിക്കുന്നു. മുകളില്‍ പറഞ്ഞ പ്രശ്‌നങ്ങളെല്ലാം ഏറിയും കുറഞ്ഞും ഏതൊരു രാജ്യവും, ഏതൊരു വ്യവസ്ഥിതിയും നേരിടുന്ന വെല്ലുവിളികളാണ്. എന്നാല്‍ ഒരു പാര്‍ട്ടിയുടെ കേന്ദ്രീകൃത നേതൃത്വം അതിന്റെ ഭരണനയങ്ങള്‍ പൗരന്മാര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നു എന്ന വിമര്‍ശനം നേരിടുന്ന രാജ്യത്താണ് ഇത്തരം ചര്‍ച്ചകള്‍. സാർസ് കാലത്ത് ഭരണകൂട വിലക്കുകൾ ലംഘിച്ച് പുറത്തുകടന്നവരെ ചൈനീസ് ഉദ്യോഗസ്ഥർ വെടിവച്ചുകൊന്ന സംഭവങ്ങളുണ്ടായി എന്ന് പാശ്ചാത്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ലോകത്തെ ഏറ്റവും വലിയ ധനികരിലൊരാളായ ആലിബാബ സ്ഥാപകൻ ജാക്ക് മായുടേയും ആഗോളതലത്തില്‍ ടെക്‌നോളജി രംഗത്തും മറ്റും മുന്നില്‍ നില്‍ക്കുന്ന കമ്പനികളുടേയും രാജ്യമാണ് ചൈന. ലോകവ്യാപാരത്തിലും സമ്പദ് വ്യവസ്ഥയിലും ആധികാരിക സാന്നിധ്യമുള്ള, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ വിപണികള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുള്ള രാജ്യം. ഉൽപ്പന്നങ്ങളും സേവനങ്ങളും ലോകത്തെ മിക്കവാറും എല്ലാ വിപണികളിലും എത്തിക്കാൻ കഴിഞ്ഞിട്ടുള്ള രാജ്യമാണ് ചൈന. ആ രാജ്യമാണ് ഇത്ര വലിയ ഒരു വലിയ പൊതുജനാരോഗ്യ പ്രതിസന്ധിയെ ഭീതിയോടെ നോക്കിക്കാണുന്നത്. ലോകത്തെ തന്നെ ഏറ്റവും കരുത്തനായ നേതാവായി അറിയപ്പെടുന്ന ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങിന്റെ വാക്കുകളില്‍ പോലും ചൈന നേരിടുന്ന വലിയ പ്രതിസന്ധി ഭീതിയുടെ രൂപത്തില്‍ നില്‍ക്കുന്നുണ്ട്. ലോകാരോഗ്യ സംഘടന ചൈന സ്വീകരിച്ച പ്രതിരോധ നടപടികളെ പ്രശംസിച്ചു എന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോളും അവ തന്നെ പുറത്തുവിടുന്ന ഇത്തരം സ്വയംവിമര്‍ശനപരമായ വസ്തുതകള്‍ വളരെ പ്രധാനപ്പെട്ടതാണ്.


Next Story

Related Stories