TopTop
Begin typing your search above and press return to search.

മരുന്നും മെഡിക്കല്‍ സാമഗ്രികളും പൂഴ്ത്താന്‍ ചൈന കൊറോണ തീവ്രത മറച്ചുവച്ചതായി യുഎസ്; ട്രംപ് ഗവൺമെൻ്റിനെതിരായ ജനവികാരം മറികടക്കാനുള്ള നീക്കമോ?

മരുന്നും മെഡിക്കല്‍ സാമഗ്രികളും പൂഴ്ത്താന്‍ ചൈന കൊറോണ തീവ്രത മറച്ചുവച്ചതായി യുഎസ്; ട്രംപ് ഗവൺമെൻ്റിനെതിരായ ജനവികാരം മറികടക്കാനുള്ള നീക്കമോ?

മരുന്നും മെഡിക്കല്‍ സാമഗ്രികളുമടക്കമുള്ളവ പൂഴ്ത്തിവയ്ക്കുന്നതിനായി ചൈന കൊറോണ വൈറസിന്റെ തീവ്രത ലോകത്തിന് മുന്നില്‍ മറച്ചുവച്ചതായി അമേരിക്കയുടെ ആരോപണം. യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ആണ് ഇക്കാര്യം പറയുന്നത്. മേയ് ഒന്നിന്റെ റിപ്പോര്‍ട്ടാണ് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് (എപി) പുറത്തുവിട്ടിരിക്കുന്നത്. ചൈനയാണ് കൊറോണ വൈറസ് വ്യാപനത്തിന് കാരണമെന്നും അവര്‍ മറുപടി പറയണമെന്നും ട്രംപ് ഗവണ്‍മെന്റ് തുടര്‍ച്ചയായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതിന് ഇടയിലാണ് ഡിഎച്ച്എസിന്റെ (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി) നാല് പേജുള്ള റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ഇന്നലെ യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു.

കോവിഡ് 19നെതിരായ പ്രതിരോധത്തിൽ തികഞ്ഞ പരാജയമെന്ന വിമർശനം നേരിടുന്ന ട്രംപ് ഗവൺമെൻ്റിനെതിരെ യുഎസ്സിൽ ശക്തമായിക്കൊണ്ടിരിക്കുന്ന ജനവികാരത്തെ വഴിതിരിച്ചുവിടാനുള്ള തന്ത്രമാണ്, ചൈനയ്ക്ക് നേരെയുള്ള ഈ പോരെന്നാണ് വിമർശകർ പറയുന്നത്. ഗവൺമെൻ്റിൻ്റെ പ്രതികരണം. വളരെ അപര്യാപ്തവും മന്ദഗതിയിലുള്ളതുമാണ് എന്നാണ് പൊതുവായി ഉയര്‍ന്നിട്ടുള്ള പരാതി. പ്രധാന വ്യാപാര പങ്കാളിയായ ചൈനയ്‌ക്കെതിരായ ഈ പ്രചാരണ ബഹളങ്ങള്‍, യുഎസ്സില്‍ ഉയരുന്ന വിമര്‍ശനങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് ട്രംപിന്റെ രാഷ്ട്രീയ എതിരാളികള്‍ ആരോപിക്കുന്നു.

കൊറോണ വൈറസ് തീവ്രത കുറച്ചുവച്ച ചൈന, മെഡിക്കല്‍ ഉപാധികളുടെ ഇറക്കുമതി വര്‍ദ്ധിപ്പിച്ചു. കയറ്റുമതി കുറച്ചു. അതേസമയം കയറ്റുമതി നിയന്ത്രണങ്ങളില്ലെന്ന് പറയുകയും ചെയ്തു - ഡിഎച്ച്എസ് അനാലിസിസ് പറയുന്നു. ഇതൊരു പകര്‍ച്ചവ്യാധിയാണെന്ന് ചൈന ലോകാരോഗ്യ സംഘടനയെ വിവരമറിയിക്കാന്‍ വൈകി. മറ്റ് രാജ്യങ്ങളില്‍ നിന്ന് പരമാവധി ഫേസ് മാസ്‌കുകളും സര്‍ജിക്കല്‍ ഗൗണുകളും ഗ്ലൗസുകളും അടക്കമുള്ളവ ഇറക്കുമതി ചെയ്യുന്നത് വര്‍ദ്ധിപ്പിച്ചു. ചൈന അതിന്റെ ഇറക്കുമതിയിലും കയറ്റുമതിയിലും വരുത്തിയ മാറ്റങ്ങള്‍ സ്വാഭാവികമല്ലെന്ന് ഡിഎച്ച്എസ് റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നു.

ഡിസംബര്‍ 31നാണ് ചൈന കൊറോണ വൈറസ് പകര്‍ച്ചവ്യാധി സംബന്ധിച്ച് ഡബ്ല്യുഎച്ച്ഒയെ വിവരമറിയിച്ചത്. ജനുവരി മൂന്നിന് യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോളിന് വിവരം നല്‍കി. ജനുവരി എട്ടിന് നൊവേല്‍ കൊറോണ വൈറസ് എന്ന് സ്ഥിരീകരിച്ചു. വൈറസിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയ ഡോക്ടര്‍മാരെ നിശബ്ദരാക്കുകയാണ് ചൈന ചെയ്തത് എന്ന പരാതിയുണ്ട്. അതേസമയം കൊറോണ വൈറസ് സംബന്ധിച്ച്് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ തന്നെ നേരത്തെ വിവരമറിയിച്ചില്ല എന്ന് ട്രംപ് കുറ്റപ്പെടുത്തുന്നു. അതേസമയം ജനുവരി 20ന് ഇത് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേയ്ക്ക് പടരുന്ന രോഗമാണെന്ന് ചൈന പ്രഖ്യാപിച്ചിരുന്നു. യുഎസ്സിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ക്കുള്ള സമയവുമുണ്ടായിരുന്നു. എന്നാല്‍ ആവശ്യമായ മെഡിക്കല്‍ സപ്ലൈയും കിറ്റുകളും സജ്ജമാക്കിവക്കാന്‍ യുഎസ്സിന് കഴിഞ്ഞില്ല. സ്വന്തം കാര്യക്ഷമതയില്ലായ്മയ്ക്ക് ചൈനയെ പഴിച്ച് രക്ഷപ്പെടാന്‍ നോക്കുകയാണ് യുഎസ് ഗവണ്‍മെന്റ് എന്ന് ചൈനീസ് വിദേശകാര്യ വക്താവ് ജെങ് ഷുവാങ് കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.


Next Story

Related Stories