TopTop

കൊറോണ വൈറസ്; ചൈനയിൽ മരണസംഖ്യ 17 ആയി, പ്രഭവകേന്ദ്രമായ വുഹാൻ നഗരവുമായുള്ള 'ബന്ധം' വിച്ഛേദിച്ചു

കൊറോണ വൈറസ്; ചൈനയിൽ മരണസംഖ്യ 17 ആയി,  പ്രഭവകേന്ദ്രമായ വുഹാൻ നഗരവുമായുള്ള

ലോകത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് ബാധ. രോഗ ബാധ ആദ്യം കണ്ടെത്തിയ ചൈനയ്ക്ക് പുറമെ മറ്റ് രാജ്യങ്ങളിലും വൈറസ് സാന്നിധ്യം കണ്ടെത്തിയത് ആശങ്ക വർദ്ധിപ്പിക്കുകയാണ്, ഇതിനിടെ ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി. അതോടെ വൈറസിന്‍റെ പ്രഭവ കേന്ദ്രമായ വുഹാനും പുറംലോകവും തമ്മിലുള്ള എല്ലാ ഗതാഗത ബന്ധവും താല്‍ക്കാലികമായി നിരോധിച്ചു.

നഗരത്തിലെ വിമാനത്താവളവും റെയില്‍വേ സ്റ്റേഷനുകളും ഉള്‍പ്പടെയുള്ള നഗരത്തിൽ നിന്നുള്ള ബസ്, സബ്‌വേ, കടത്തുവള്ളം, ദീർഘദൂര യാത്രാ ഗതാഗത ശൃംഖലകളെല്ലാം ഇന്നു രാവിലെ പത്തുമണി മുതല്‍ നിര്‍ത്തിവയ്ക്കുകയാണെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അടിയന്തിര സാഹചര്യങ്ങളില്‍ അല്ലാതെ നഗരത്തിലെ 11 ദശലക്ഷം പൗരന്മാര്‍ നഗരം വിട്ടുപോകരുതെന്നും സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്.570 പേർക്ക് വൈറസ് ബാധിച്ചതായാണ് റിപ്പോർട്ടുകൾ. ശ്വാസതടസ്സം അനുഭവപ്പെടുന്ന ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതല്‍ പേരിലേക്ക് വൈറസ് പടര്‍ന്നിരിക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ അനുമാനം. കൃത്യമായ മരുന്നുകളും വാക്സിനും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ഈ വൈറസ് ആപത്താണെന്ന മുന്നറിയിപ്പ് ലോകാരോഗ്യ സംഘടന ഇതിനകം നല്‍കിക്കഴിഞ്ഞു.

കഴിഞ്ഞ ഡിസംബറിലാണ് പുതിയ തരം കൊറോണ വൈറസ് വുഹാനിൽ പ്രത്യക്ഷപ്പെട്ടത്. ജപ്പാൻ, തായ്ലാന്‍ഡ്, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലും വൈറസിന്‍റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് വൈറസ് പടരാന്‍ തുടങ്ങിയെന്ന് ചൈന സ്ഥിരീകരിച്ചു. രോഗികളെ ചികിത്സിക്കുന്നതിനിടെ നിരവധി മെഡിക്കൽ തൊഴിലാളികളിലേക്കും വൈറസ് പകര്‍ന്നതായി വൈറസ് ബാധയെ കുറിച്ച് അന്വേഷിക്കുന്ന ഹെൽത്ത് കമ്മീഷൻ ടീമിന്‍റെ തലവനായ സോങ് നാൻഷാൻ പറഞ്ഞു.

'സ്പ്രിംഗ് ഫെസ്റ്റിവൽ വരാനിരിക്കുന്നു. ഇത് രോഗം പടരാനുള്ള സാധ്യതയും, പ്രതിരോധത്തിന്റെയും നിയന്ത്രണത്തിന്റെയും ബുദ്ധിമുട്ടും വര്‍ദ്ധിപ്പിക്കും. അതുകൊണ്ട് അശ്രദ്ധരായിരിക്കരുത്. അതീവ ജാഗ്രത പാലിക്കണം' കമ്മീഷന്‍ വ്യക്തമാക്കി. വൈറസ് കൂടുതൽ പ്രദേശങ്ങളിലേക്ക് പടരാൻ സാധ്യതയുള്ളതിനാല്‍ ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിലേക്ക് പോവാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കണമെന്നും ആരോഗ്യ വിഭാഗം നിര്‍ദേശം നല്‍കുന്നുണ്ട്.

കൊറോണ വൈറസിന്റെ ആഘാതം നേരിടാൻ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ബുധനാഴ്ച വിയന്നയിൽ അടിയന്തര യോഗം ചേർന്നിരുന്നു. എബോള, പന്നിപ്പനി തുടങ്ങിയ വൈറസ് രോഗബാധയെ തുടർന്ന് പുറപ്പെടുവിച്ച പൊതുജനാരോഗ്യ അടിയന്തരാവസ്ഥ (PHEIC) ചൈനയിൽ പടർന്നുപിടിക്കുന്ന കൊറോണ വൈറസിനും പ്രഖ്യാപിക്കണോ എന്ന് തീരുമാനിക്കുന്നതിന് വേണ്ടി ഡബ്ല്യുഎച്ച്ഒ ചർച്ച വ്യാഴാഴ്ചവരെ നീട്ടിയിരുന്നു.


Next Story

Related Stories