TopTop
Begin typing your search above and press return to search.

കൊറോണ ഇറ്റലിയില്‍ ഇന്നലെ മാത്രം മരിച്ചത് 475 പേര്‍, അമേരിക്കയില്‍ അസാധാരണ നടപടികളുമായി ട്രംപ്

കൊറോണ ഇറ്റലിയില്‍ ഇന്നലെ മാത്രം മരിച്ചത് 475 പേര്‍, അമേരിക്കയില്‍ അസാധാരണ നടപടികളുമായി ട്രംപ്

കൊറോണ വൈറസ് ബാധമൂലം ഇറ്റലിയില്‍ ഇന്നലെ മാത്രം മരിച്ചത് 475 പേര്‍. ഇതോടെ ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 3000 ത്തോളമായി. കൊറോണ മൂലം ഏറ്റവും കുടുതല്‍ ജീവഹാനി ഉണ്ടായ രാജ്യമായ ചൈനയെ ആള്‍നാശത്തിന്റെ കാര്യത്തിന്റെ ഇറ്റലി മറികടക്കുമോ എന്നാണ് ആശങ്ക. അതിനിടെ വൈറസ് ബാധ പടരുന്നത് തടയുന്നതിന് യുറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും അമേരിക്കയും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. അമേരിക്കയില്‍ മരണ സംഖ്യ 100 കവിഞ്ഞു. അനിതര സാധാരാണമായ നടപടി നേരിടുന്നതിന് സ്വകാര്യമേഖലയെ ഉപയോഗിക്കുന്നതിനുള്ള നിയമ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. മനുഷ്യവംശത്തിന്റെ ശത്രുവാണ് കൊറോണ വൈറസെന്ന് ലോകാരോഗ്യ സംഘടനയും വിലയിരുത്തി. കൊറണ വൈറസ് ബാധ പടർന്നതിന് ശേഷം ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് ഇന്നലെയാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 475 പേരാണ് ഇറ്റലിയില്‍ മരിച്ചത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 2978 ആയി. 36000 പേര്‍ക്ക് രോഗം പുതുതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗ ബാധയുണ്ടായ ലോംബാര്‍ഡി നഗരത്തില്‍ 319 പേരാണ് ഇന്നലെ മാത്രം മരിച്ചത്. കൊറോണ വൈറസ് ബാധമൂലം കൂടുതല്‍ പേര്‍ മരിച്ച ചൈനയെ മറികടക്കുന്ന രീതിയില്‍ ഇറ്റലിയില്‍ സ്ഥിതിഗതികള്‍ രൂക്ഷമാകുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴത്തെ സ്ഥിതിവെച്ച് യൂറോപ്പിനെയാണ് രോഗം ഏറ്റവും കൂടുതല് ബാധിച്ചിട്ടുള്ളത്. ആകെ റിപ്പോര്‍ട്ടു ചെയ്യുന്ന കേസുകളില്‍ 80 ശതമാനവും യുറോപ്പിലും പശ്ചിമ പെസഫിക് മേഖലകളിലുമാണ്.

സ്ഥിതിഗതി നിയന്ത്രണാതീതമായി തുടരുന്നതിനിടെ കൂടുതല്‍ രാജ്യങ്ങള്‍ സ്വയം ഒറ്റപ്പെടുത്തുന്നതിനുള്ള നടപടികള്‍ ശക്തമാക്കി. കൂടുതല്‍ സംരക്ഷണ മാര്‍ഗങ്ങളിലേക്ക് തിരിയുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. കോവിഡ് 19 എന്നത് മനുഷ്യവംശത്തിന്റെ ശത്രുവാണെന്ന് ലോകാരോഗ്യ സംഘടനയുടെ തലവന്‍ ടെഡ്രോസ് അധാനോം ഗെബ്രയേസസ് പറഞ്ഞു. ലോകത്തെമ്പാടും ഇതിനകം 2,12,000 ആളുകള്‍ക്ക് രോഗ ബാധ ഉണ്ടായതായാണ് കണക്കാക്കുന്നത്. ചൈനയ്ക്ക് പുറത്ത് ഉണ്ടായ മൂന്നില്‍ രണ്ട് മരണവും യൂറോപിലാണ്. ഇതിനകം വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ 3800 ആളുകളാണ് മരിച്ചത്. രണ്ടാം ലോകയുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണിതെന്ന് ജര്‍മ്മന്‍ ചാന്‍സിലര്‍ ഏഞ്ചല മെര്‍ക്കല്‍ പറഞ്ഞു. ഇതിനകം 27 പേരാണ ജര്‍മ്മനിയില്‍ മരിച്ചത്. 9000 ത്തിലേറെ പേര്‍ക്ക് രോഗ ബാധ ഉണ്ടായിട്ടുണ്ട്. ബ്രിട്ടനില്‍ മരിച്ചവരുടെ എണ്ണം 104 ആയി. ഫ്രാന്‍സില്‍ 175 പേരാണ് ഇതിനകം കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. വൈറസ് പടരുന്നത് തടയാന്‍ ബ്രിട്ടനിലും നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടു. അതിനിടെ സ്ഥിതിഗതികള്‍ രൂക്ഷമാകുന്നതിനിടെ അസാധാരണ നടപടികളിലേക്ക് കടക്കുകയാണ് അമേരിക്ക. ഇതനുസരിച്ച് ഇപ്പോഴത്തെ സാഹചര്യം നേരിടുന്നതിനായി സ്വകാര്യമേഖലയെ നിയന്ത്രിക്കാനുള്ള ഉത്തരവില്‍ ഒപ്പുവെയ്ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാല്‍ഡ് ട്രംപ് പറഞ്ഞു. യുദ്ധസമാനമായ സാഹചര്യമാണ് ഇപ്പോഴുളളതെന്നും യുദ്ധകാല പ്രസിഡന്റാണ് താനെന്നും വിശേഷിപ്പിച്ചുകൊണ്ടുമാണ് പ്രസിഡന്റ് പുതിയ നിയമം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതനുസരിച്ച് പ്രതിസന്ധി നേരിടുന്ന തരത്തില്‍ ഉത്പാദനം ക്രമികരിക്കാന്‍ സര്‍ക്കാരിന് സ്വകാര്യ കമ്പനികളോട് ആവശ്യപ്പെടാന്‍ സാധിക്കും. ഡിഫന്‍സ് പ്രൊഡക് ഷന്‍ ആക്റ്റ് അപൂര്‍വ അവസരങ്ങളില്‍ മാത്രമാണ് പ്രസിഡന്റ് ഉപയോഗിച്ചിട്ടുള്ളത്. ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടി അവധി നല്‍കുന്നതിനുള്ള ബില്ലിനും അമേരിക്കന്‍ സെനറ്റ് അംഗീകാരം നല്‍കി. അത്യാവിശ്യകാര്യങ്ങള്‍ക്ക് മാത്രം ഉപയോഗപ്പെടുത്തുന്ന തരത്തില്‍ കാനഡയുമായുള്ള അതിര്‍ത്തി അമേരിക്ക അടക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ സ്ഥിതിയില്‍ ലോകത്തെമ്പാടുമുള്ള തൊഴിലാളികളുടെ ജീവിതത്തെ കൊറോണ ബാധ കടുത്ത പ്രത്യാഘാതമുണ്ടാക്കുമെന്ന് ലോക തൊഴില്‍ സംഘടന- ഐഎല്‍ഒ- വ്യക്തമാക്കി. രണ്ടര കോടിയോളം തൊഴിലാളികള്‍ക്ക് ഇതിനകം തന്നെ തൊഴില്‍ നഷ്ടമായതായി സംഘടന വിശദീകരിച്ചു.


Next Story

Related Stories