TopTop
Begin typing your search above and press return to search.

കൊവിഡ് 19: മതപരിപാടികൾ റദ്ദാക്കി മെർക്കൽ, ആവശ്യമില്ലാതെ പുറത്തിറങ്ങരുതെന്ന് മാക്രോൺ - നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ജര്‍മ്മനിയും ഫ്രാന്‍സും

കൊവിഡ് 19: മതപരിപാടികൾ റദ്ദാക്കി മെർക്കൽ, ആവശ്യമില്ലാതെ പുറത്തിറങ്ങരുതെന്ന് മാക്രോൺ - നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ജര്‍മ്മനിയും ഫ്രാന്‍സും

കൊറോണ വൈറസ് (കൊവിഡ് 19) പടരുന്ന സാഹചര്യത്തില്‍ ജര്‍മ്മനിയും ഫ്രാന്‍സും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. നമ്മള്‍ ഒരു ആരോഗ്യയുദ്ധത്തിലാണ് എന്ന് പറഞ്ഞ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, ഇറ്റലിയും സ്‌പെയിനും പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ക്ക് സമാനമായവ പ്രഖ്യാപിച്ചു. ഇന്ന് മുതല്‍ ഇ യു അതിര്‍ത്തികള്‍ അടയ്ക്കും. അവശ്യസാധനങ്ങള്‍ വില്‍ക്കുന്നവയും പലചരക്ക് കടകളും അല്ലാത്തവയുമെല്ലാം അടച്ചുപൂട്ടാന്‍ ജര്‍മ്മന്‍ ഗവണ്‍മെന്റ് ഉത്തരവിട്ടു. മതപരമായ പരിപാടികള്‍ക്ക് ചാന്‍സിലര്‍ ആന്‍ജെല മെര്‍ക്കല്‍ നിരോധനമേര്‍പ്പെടുത്തി. എല്ലാ തരത്തിലുള്ള ആഭ്യന്തര, വിദേശ വിനോദ യാത്രകളും ഒഴിവാക്കണമെന്ന് ജര്‍മ്മനി പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്‌കൂളുകള്‍ മുഴുവന്‍ അടച്ചുപൂട്ടി.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നിര്‍ബന്ധിത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചില്ലെങ്കിലും പബ്ബുകളിലും ക്ലബ്ബുകളിലും പോകുന്നത് ഒഴിവാക്കാനും അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കൊറോണ മഹാമാരി തടയാന്‍ മതിയായ നടപടികള്‍ ഗവണ്‍മെന്റുകള്‍ സ്വീകരിക്കുന്നില്ല എന്ന വിമര്‍ശനം ഡബ്ല്യുഎച്ച്ഒ (ലോകാരോഗ്യസംഘടന) ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനോം ഗെബ്രിയീസസ് ഉന്നയിച്ചിരുന്നു.

ജര്‍മ്മനിയില്‍ ക്ലബ്ബുകള്‍, ബാറുകള്‍, മറ്റ് വിനോദകേന്ദ്രങ്ങള്‍, മൃഗശാലകള്‍, കളിസ്ഥലങ്ങള്‍ തുടങ്ങിയവയെല്ലാം അടച്ചിട്ടിരിക്കുകയാണ്. റെസ്‌റ്റോറന്റുകളുടെ പ്രവര്‍ത്തനസമയത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ജര്‍മ്മനിയില്‍ ഇതുവരെ സ്ഥിരീകരിച്ചത് 7272 കേസുകള്‍. 17 പേര്‍ മരിച്ചു. വലിയ ആള്‍ക്കൂട്ടങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. ഫ്രാന്‍സ്, ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലാന്‍ഡ്, ലക്‌സംബര്‍ഗ് എന്നിവയുമായുള്ള അതിര്‍ത്തികളില്‍ ജര്‍മ്മനി ചരക്ക് നീക്കത്തിനും ആളുകള്‍ അങ്ങോട്ടുമിങ്ങോട്ടും പോകുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തി.

നേരത്തെ സ്‌കൂളുകളും വ്യാപാര സ്ഥാപനങ്ങളും കഫേകളും മറ്റും അടച്ചിട്ട് നടത്തിയ നിയന്ത്രണങ്ങള്‍ മതിയാവില്ലെന്നും കൂടുതല്‍ നിയന്ത്രണങ്ങള്‍ ആവശ്യമാണെന്നും ടെലിവിഷനില്‍ രാജ്യത്തെ രാജ്യത്തെ അഭിസംബോധന ചെയ്ത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. നിയന്ത്രണങ്ങള്‍ പാലിക്കാന്‍ പലയിടങ്ങളിലും ജനങ്ങള്‍ തയ്യാറാകുന്നില്ല എന്ന് 20 മിനുട്ട് ടിവി അഭിസംബോധനയില്‍ മാക്രോണ്‍ വിമര്‍ശിച്ചു. 15 ദിവസത്തേയ്ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ വേണ്ടി വരും. അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങുന്നത് എല്ലാവരും ഒഴിവാക്കണം. നിയന്ത്രണങ്ങള്‍ കര്‍ശനമായി തന്നെ നടപ്പാക്കുമെന്നും ഇതിനായി ഒരു ലക്ഷത്തിലധികം ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും ഫ്രഞ്ച് പ്രസിഡന്റ് അറിയിച്ചു. ഫ്രാന്‍സില്‍ 6633 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 148 പേര്‍ മരിച്ചു.

സ്‌പെയിന്‍ തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ അതിര്‍ത്തി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. മറ്റ് രാജ്യങ്ങളിലെ പൗരന്മാരെ പ്രവേശിക്കാന്‍ അനുവദിക്കുന്നില്ല. 9942 കേസുകളാണ് സ്പെയിനിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരണം 342. യൂറോപ്പില്‍ കൊറോണ ഏറ്റവും വലിയ നാശം വിതച്ച ഇറ്റലിയില്‍ മരണം 2158 ആയി. 27,980 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊറോണ മൂലം വ്യാപക നാശനഷ്ടങ്ങളാണ് രാജ്യത്തിനുണ്ടായിരിക്കുന്നത് എന്ന് പ്രധാനമന്ത്രി ഗിസെപ്പെ കോണ്ടെ പറഞ്ഞു. കൊറോണയ്ക്ക് ശേഷം ഒന്നും പഴയതുപോലെയാകില്ല. നമ്മള്‍ എല്ലാം ആദ്യം തുടങ്ങേണ്ടി വരും - കോണ്ടെ പറഞ്ഞു. ഗ്രീസ്, ചെക്ക് റിപ്പബ്ലിക്ക്, പോളണ്ട്, ജോര്‍ജ്ജിയ, സെര്‍ബിയ, ഉക്രൈന്‍, ഡെന്മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയാണ്. സ്വിറ്റ്‌സര്‍ലാന്‍ഡില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. യുഎസില്‍ 4708 കൊറോണ കേസുകളാണ് വന്നിട്ടുള്ളത്. മരണം 91 ആയി. തിങ്കളാഴ്ച പുതുതായി അഞ്ച് പേര്‍ മരിച്ചു.

ഇറാനില്‍ 129 പുതിയ മരണങ്ങളാണ് തിങ്കളാഴ്ചയുണ്ടായത്. മൊത്തം 14,991 കേസുകൾ. മരണം 853 ആയി. ദക്ഷിണ കൊറിയയില്‍ പുതിയ ഇന്‍ഫെക്ഷനുകളില്‍ കുറവുണ്ടായിട്ടുണ്ട്. മരണസംഖ്യ കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നിട്ടില്ല. 81 പേരാണ് ഇതുവരെ മരിച്ചത്. അതേസമയം നേരത്തെ കൊറോണ കാര്യമായി ബാധിക്കാതിരുന്ന ആഫ്രിക്കയിലും കൊറോണ ബാധിച്ചുതുടങ്ങി. 26 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കൊറോണ സ്ഥിരീകരിച്ചു. ചൈനയില്‍ 80,881 കേസുകളാണ് നിലവിലുള്ളത്. അതേസമയം 68,688 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 8967 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. തിങ്കളാഴ്ച വരെയുള്ള കണക്ക് പ്രകാരം ചൈനയിൽ മരണം 3226 ആണ്. ലോകത്താകെ മരണ സംഖ്യ 7171 ആയി. ഇന്ത്യയിൽ 129 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ട് പേരാണ് ഇതുവരെ മരിച്ചത്.


Next Story

Related Stories