TopTop
Begin typing your search above and press return to search.

ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന കൊറോണ വൈറസ് ചില രാജ്യങ്ങളെ തൊട്ടിട്ടില്ല

ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന കൊറോണ വൈറസ് ചില രാജ്യങ്ങളെ തൊട്ടിട്ടില്ല

ലോകത്തെ 200നടുത്ത് രാജ്യങ്ങളെ ബാധിച്ച കൊവിഡ് 19 (കൊറോണ) വൈറസ് ബാധിക്കാത്ത ചില രാജ്യങ്ങളുമുണ്ട്. എട്ട് ലക്ഷത്തോളം പേരെയാണ് ലോകത്താകെ കൊവിഡ് ബാധിച്ചിരിക്കുന്നത്. 38,748 പേര്‍ കൊവിഡ് മൂലം മരിച്ചിരിക്കുന്നു. ഇറ്റലിയില്‍ 11,591 പേരാണ് മരിച്ചത്. സ്‌പെയിനില്‍ 8189, ചൈനയില്‍ 3305, യുഎസില്‍ 3173, ഫ്രാന്‍സില്‍ 3024, ഇറാനില്‍ 2898, യുകെയില്‍ 1408 എന്നിങ്ങനെയാണ് മരണക്കണക്കുകള്‍. യുഎസില്‍ 1.64 ലക്ഷത്തിലധികം കേസുകളും ഇറ്റലിയില്‍ 1.01 ലക്ഷത്തിലധികം കേസുകളും വന്നു. സ്‌പെയിനില്‍ 94,417 കേസുകളും ചൈനയില്‍ 81,518 കേസുകളും ജര്‍മ്മനിയില്‍ 67051 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാൽ കൊവിഡ് ഇൻഫെക്ഷൻ ബാധിക്കാത്ത ചില രാജ്യങ്ങളുമുണ്ട്. അത്തരം രാജ്യങ്ങളെക്കുറിച്ചാണ് പറയുന്നത്.

പസിഫിക്ക് സമുദ്രത്തിലെ പലാവു ഐലാന്റ് അത്തരമൊരു രാജ്യമാണ്. വടക്കന്‍ പസിഫിക്കിലാണ് പലാവു. ജനസംഖ്യ വെറും 18000ത്തിനടുത്ത്. ഇതുവരെ ഒരു കൊവിഡ് 19 പോസിറ്റീവ് കേസുകള്‍ പോലും പലാവുവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കര്‍ശനമായ യാത്രാനിയന്ത്രണങ്ങള്‍ ഈ പസിഫിക് ദ്വീപ് രാജ്യത്തെ കൊറോണയില്‍ നിന്ന് രക്ഷിച്ചതായി വിലയിരുത്തപ്പെടുന്നു. ടോംഗ, സോളമന്‍ ഐലാന്‍ഡ്‌സ്, മാര്‍ഷല്‍ ഐലാന്‍ഡ്‌സ്, മൈക്രോനേഷ്യ എന്നീ രാജ്യങ്ങളിലും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സമോവ, തുര്‍ക്ക്‌മെനിസ്താന്‍, ഉത്തരകൊറിയ, അന്റാര്‍ട്ടിക്ക വന്‍കര എന്നിവയും കൊവിഡ് ബാധിക്കാത്ത മേഖലകളാണ്. അതേസമയം പലാവുവിന് വടക്കുള്ള നോര്‍തേണ്‍ മരിയാന ഐലാന്റില്‍ കഴിഞ്ഞയാഴ്ച അവസാനം കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ തിങ്കളാഴ്ചയുണ്ടായ ഒരു മരണം കൊവിഡ് മൂലമാണ് എന്ന് സംശയിക്കപ്പെടുന്നു.

പലാവുവില്‍ ഒരു കേസ് ടെസ്റ്റിനയച്ചിട്ടുണ്ട്. ഇതിന്റെ ഫലം കാത്തിരിക്കുകയാണ്. കൊറോണയുടെ ആഗോളവ്യാപനം ടൂറിസത്തെ ആശ്രയിച്ച് ഉപജീവിക്കുന്ന രാജ്യമായ പലാവുവിനെ വലിയ പ്രതിസന്ധിയിലും ആശങ്കയിലുമാക്കിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ നഗരമായ കൊറോറില്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റും അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനായി വലിയ തിരക്കാണുള്ളത്. ഹാന്‍ഡ് സാനിറ്റൈസറുകള്‍ക്കും മാസ്‌കുകള്‍ക്കും മദ്യത്തിനും ആവശ്യക്കാരേറെ. കൊറോണ ആശങ്കയില്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് തുടങ്ങിയിരിക്കുന്നു. തായ് വാനില്‍ നിന്നുള്ള ടെസ്റ്റിംഗ് കിറ്റുകള്‍ എത്തുന്നത് കാത്തിരിക്കുകയാണ് ഡോക്ടര്‍മാര്‍.

വിമാനമാര്‍ഗമോ കപ്പല്‍ വഴിയോ ആണ് പലാവു ദ്വീപിലേയ്ക്ക് സാധനങ്ങള്‍ കൊണ്ടുവരുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായ ക്ഷാമമുണ്ടാക്കാന്‍ സാധ്യതയുണ്ട്. യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ആറ് സര്‍വീസുകള്‍ ആഴ്ചയിലുണ്ടായിരുന്നത് ഒന്ന് മാത്രമായി ചുരുങ്ങിയിട്ടുണ്ട്. 14 രോഗികളെ ഉള്‍ക്കൊള്ളാവുന്ന വിധത്തില്‍ അഞ്ച് ഐസൊലേഷന്‍ റൂമുകള്‍ തയ്യാറാക്കുകയാണ് ഗവണ്‍മെന്റ്.

കൊറോണ കടന്നുചെല്ലാത്ത ഒരേയൊരു വന്‍കരയേ ഉള്ളൂ - അന്റാര്‍ട്ടിക്ക. അവിടെ താമസിക്കുന്ന പര്യവേഷകര്‍ സുരക്ഷിതരാണ് എന്നാണ് റിപ്പോര്‍ട്ട്.

ഉത്തരകൊറിയയില്‍ നിന്ന് വിവരങ്ങള്‍ പുറത്തുവരാത്തതാണ് അവിടത്തെ കൊറോണ കേസുകളെക്കുറിച്ച് ഒന്നും കേള്‍ക്കാത്തതിന് കാരണമെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ചൈനയുമായും ദക്ഷിണ കൊറിയയുമായി അതിര്‍ത്തിയുള്ള രാജ്യമാണ് ഉത്തരകൊറിയ. ചൈനയില്‍ 3305 പേരും ദക്ഷിണകൊറിയയില്‍ 165 പേരു മരിച്ചിട്ടുണ്ട്.


Next Story

Related Stories