TopTop
Begin typing your search above and press return to search.

കൊറോണയെ വുഹാനിലെ ലാബിൽ ചൈന ഉണ്ടാക്കിയത് - ആരോപണവുമായി നോബെൽ ജേതാവ്

കൊറോണയെ വുഹാനിലെ ലാബിൽ ചൈന ഉണ്ടാക്കിയത് - ആരോപണവുമായി നോബെൽ ജേതാവ്

കൊറോണയെ നിര്‍മ്മിച്ചത് ചൈന, വുഹാനിലെ ലാബിലെന്ന് നോബെല്‍ സമ്മാന ജേതാവും പ്രശസ്ത ഫ്രഞ്ച് വൈറോളജസ്റ്റുമായ ലൂക്ക് മൊട്ടേഗ്നിയര്‍. ഐയ്ഡിസിനെതിരെ ചൈന നടത്തിയ മരുന്ന് പരീക്ഷണത്തിനിടെ വുഹാനിലെ ലാബില്‍ നിന്നാണ് വൈറസ് ചോര്‍ന്നത് എന്നാണ് ആരോപണം. ഒരു ഫ്രഞ്ച് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 2008ലാണ് ലൂക്ക് മൊണ്ടാഗ്നിയര്‍ വൈദ്യശാസ്ത്ര നോബെല്‍ നേടിയത്. എയ്ഡ്സ് വൈറസ് കണ്ടെത്തിയത് മൊണ്ടാഗ്നിയറും മറ്റ് രണ്ട് ശാസ്ത്രജ്ഞരും ചേർന്നാണ്.

2008ലാണ് ലൂക്ക് മൊണ്ടാഗ്നിയര്‍ വൈദ്യശാസ്ത്ര നോബെല്‍ നേടിയത്. എച്ച്‌ഐവിയുടേയും മലേറിയയുടേയും ഘടകങ്ങള്‍ കൊറോണ വൈറസില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ടെന്നും ഇത് വൈറസ് മനുഷ്യനിര്‍മ്മിതമാണെന്ന സംശയമുയര്‍ത്തുന്നതായും നൊബെല്‍ ജേതാവ് പറഞ്ഞു. വുഹാന്‍ നാഷണല്‍ ബയോസേഫ്റ്റി ലബോറട്ടറിയിലാണ് വൈറസ് നിര്‍മ്മിച്ചത് എന്നാണ് മൊണ്ടാഗ്നിയര്‍ അഭിപ്രായപ്പെടുന്നത്. വിവിധതരം കൊറോണ വൈറസുകളുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ 2000 മുതല്‍ നടത്തുന്ന സ്ഥാപനമാണിത്. വൈറസ് ചോര്‍ച്ച സംബന്ധിച്ച് യുഎസ് അന്വേഷണം തുടങ്ങിയിരിക്കുന്നതിന് ഇടെയാണ് ഫ്രഞ്ച് വൈറോളജിസ്റ്റ് ഇക്കാര്യം പറയുന്നത്. വൈറസ് ചോര്‍ച്ച സംബന്ധിച്ച് സമഗ്ര അന്വേഷണം നടക്കുമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ അറിയിച്ചിരുന്നു.

അതേസമയം നേരത്തെ തന്നെ രണ്ട് വിവാദ ഗവേഷണ പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ശാസ്ത്രജ്ഞനാണ് ലൂക്ക് മൊണ്ടാഗ്നിയര്‍. ഇലക്ട്രോമാഗ്നറ്റിക്ക് വേവ്‌സും ഡിഎന്‍എയും തമ്മിലുള്ളതും എയ്ഡ്‌സ്, പാര്‍ക്കിന്‍സണ്‍ രോഗങ്ങളുടെ ചികിത്സയില്‍ പപ്പായയുടെ ഗുണങ്ങളും സംബന്ധിച്ചുള്ള രണ്ട് പഠനങ്ങളാണിത്. രണ്ട് പഠനങ്ങള്‍ക്കെതിരെയും രൂക്ഷവിമര്‍ശനങ്ങളുമായി ശാസ്ത്രജ്ഞര്‍ രംഗത്തെത്തിയിരുന്നു.

അതേസമയം യാഥാര്‍ത്ഥ്യബോധമില്ലാത്ത കാര്യമാണ് മൊണ്ടാഗ്നിയര്‍ പറഞ്ഞത് മറ്റൊരു ഫ്രഞ്ച് വൈറോളജിസ്റ്റ് ഏഥിയെന്‍ സൈമണ്‍ ലോറിയര്‍ അഭിപ്രായപ്പെട്ടു. പാരീസിലെ പാസ്‌തോര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വൈറോളജിസ്റ്റാണ് എഥിയെന്‍. ഇത്തരത്തിലുള്ള ചെറിയ ഘടകങ്ങള്‍ മറ്റ് കൊറോണ വൈറസുകളിലും കണ്ടെത്താറുണ്ടെന്ന് എഥിയെന്‍ വാര്‍ത്താ ഏജന്‍സിയായ എ എഫ് പിയോട് പറഞ്ഞു.

ജെനിറ്റിക്ക് മാനിപ്പുലേഷന്‍ വഴിയാണ് കോവിഡ് 19 വന്നത് എന്ന തിയറി, സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇത്തരം ആരോപണങ്ങളെ ചൈന തള്ളിക്കളയുന്നു. ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറലിനെ ഉദ്ധരിച്ചുകൊണ്ടാണ് ചൈനീസ് വിദേശകാര്യ വക്താവ് സാവോ ലിജിയാന്‍ പ്രതികരിച്ചത്. ചൈനയിലെ ലാബില്‍ നിന്നാണ് വൈറസ് വന്നത് എന്നതിന് യാതൊരു തെളിവോ ശാസ്ത്രീയ അടിത്തറയോ ഇല്ല എന്നാണ് ലോകാരോഗ്യ സംഘടനാ മേധാവി അടക്കമുള്ളവര്‍ പറഞ്ഞത്. ലബോറട്ടറി ഡയറക്ടർ യുവാൻ സെമിങ് ആരോപണങ്ങളെ തള്ളി രംഗത്തെത്തിയിരുന്നു.


Next Story

Related Stories