TopTop
Begin typing your search above and press return to search.

കോവിഡ് വാക്സിൻ ആദ്യഘട്ടപരീക്ഷണം വിജയം; വൈറസിനെ നേരിടാനുള്ള ആന്റിബോഡികളും ടി-സെല്ലുകളും നിര്‍മിക്കപ്പെടുന്നു

കോവിഡ് വാക്സിൻ ആദ്യഘട്ടപരീക്ഷണം വിജയം; വൈറസിനെ നേരിടാനുള്ള ആന്റിബോഡികളും ടി-സെല്ലുകളും നിര്‍മിക്കപ്പെടുന്നു

യുകെയിലെ ഓക്സ്ഫോഡ് സര്‍വ്വകലാശാല വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്‍ നിലവിലെ പരീക്ഷണഘട്ടത്തില്‍ അനുകൂലമായ ഫലങ്ങള്‍ നല്‍കുന്നുവെന്ന് റിപ്പോര്‍ട്ട്. 1,077 പേരില്‍ നടത്തിവരുന്ന പരീക്ഷണങ്ങളാണ് ഇതുവരെ വിജയകരമായ ഫലങ്ങള്‍ നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ വാക്സിന്‍ കുത്തിവെച്ചവരില്‍‍ നോവല്‍ കൊറോണവൈറസിനെ നേരിടാന്‍ വേണ്ടുന്ന ആന്റിബോഡികളും ടി-സെല്ലുകളും നിര്‍മിക്കപ്പെടുന്നുവെന്നാണ് കണ്ടെത്തല്‍. അതായത് ശരീരത്തിലെ പ്രതിരോധ വ്യവസ്ഥ ശാസ്ത്രജ്ഞര്‍ ഉദ്ദേശിച്ചതു പോലെ പ്രതികരിക്കുന്നുവെന്ന് ചുരുക്കം.

ഈ പരീക്ഷണഫലം ഏറെ ആഹ്ലാദിപ്പിക്കുന്നതാണെങ്കിലും ഇനിയുമേറെ ഘട്ടങ്ങള്‍ കടന്നതിനു ശേഷം മാത്രമേ പൊതു ഉപയോഗത്തിലേക്ക് എത്തുകയുള്ളൂ. വലിയ തോതിലുള്ള പരീക്ഷണങ്ങള്‍ ഇനിയും പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ഈ മരുന്നിന്റെ 10 കോടി ഡോസുകള്‍ ഇതിനകം തന്നെ യുകെ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. മരുന്നിന്റെ വലിയ തോതിലുള്ള ഉല്‍പാദനവും മറ്റും നടക്കാന്‍ സമയം വീണ്ടുമെടുക്കും.

ChAdOx1 nCoV-19 എന്നാണ് ഈ വാക്സിന്റെ പേര്. ചരിത്ര വേഗതയിലാണ് മരുന്നിന്റെ ഗവേഷണവികസന പ്രവര്‍ത്തനങ്ങള്‍ നടന്നത്. ചിമ്പന്‍സികളില്‍ സാധാരണ കോള്‍ഡ് ഉണ്ടാക്കുന്ന വൈറസ്സില്‍ ജനിതകമാറ്റം വരുത്തി കൊറോണ വൈറസ്സിന് സമാനമായ ജനിതകശരീരം സൃഷ്ടിച്ചെടുക്കുകയാണ് ശാസ്ത്രജ്ഞര്‍ ചെയ്തത്. ഈ വൈറസ്സിന്റെ പരിവര്‍ത്തനം ചെയ്യപ്പെട്ട ജനിതകസവിശേഷത മൂലം അത് ശരീരത്തിലെത്തുമ്പോള്‍ ഇന്‍ഫക്ഷനായി മാറുകയില്ല. കൊറോണവൈറസ്സിന്റെ സ്പൈക് പ്രോട്ടീനിന്റെ ജനിതകസവിശേഷതകള്‍ ഇങ്ങനെ ഈ കോള്‍ഡ് വൈറസ്സിലേക്ക് ഉള്‍ച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. വൈറസ്സിനെ പൊതിഞ്ഞിരിക്കുന്ന ഈ പ്രോട്ടീന്‍ ഭാഗം ഉപയോഗിച്ചാണ് മനുഷ്യസെല്ലുകളിലേക്ക് കൊറോണവൈറസ് കയറിക്കൂടുന്നത്.

വാക്സിന്‍ നിര്‍മാണത്തിന്റെ പരമ്പരാഗത ശൈലി തന്നെയാണ് അടിസ്ഥാനപരമായി ഓക്സ്ഫോഡ് സര്‍വകലാശാലയിലെ ഗവേഷകരും അവലംബിച്ചിരിക്കുന്നത്. കൊറോണവൈറസ്സിന്റെ സ്വഭാവത്തെ അപകടരഹിതമായ രീതിയില്‍ ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയാണ് ഈ വാക്സിന്‍ ചെയ്യുക. ഇതിലൂടെ ഈ വൈറസ്സിനെ തിരിച്ചറിയാനും പ്രതിരോധിക്കാനും ശരീരം പഠിക്കുന്നു. കൊറോണവൈറസ് ശരീരത്തിലെത്തുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ വാക്സിന്‍ നല്‍കിയ പാഠങ്ങള്‍ പ്രതിരോധവ്യവസ്ഥ ഉപയോഗപ്പെടുത്തുന്നു.

ഇന്ത്യ നിര്‍മിക്കുന്ന കോവിഡ് വാക്സിന്‍ പരീക്ഷണത്തിന്റെ ആദ്യ ഘട്ടത്തിലാണ് ഇപ്പോഴുള്ളത്. സമാനമെന്ന് പറയാവുന്ന രീതി തന്നെയാണ് ഇന്ത്യന്‍ ശാസ്ത്രജ്ഞരും വാക്സിന്‍ നിര്‍മിക്കാന്‍ ഉപയോഗിച്ചിട്ടുള്ളത്. ഇതും പ്രതിരോധ വാക്സിനാണ്. ഇതൊരു 'ഇന്‍ആക്ടിവേറ്റഡ് വാക്സിന്‍' ആണെന്നാണ് ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നത്. അതായത്, നോവല്‍ കൊറോണവൈറസിന്റെ തന്നെ ഘടകങ്ങളാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ലബോറട്ടറിയില്‍ വെച്ച് നിര്‍വീര്യമാക്കപ്പെട്ട ഈ ഘടകങ്ങള്‍ക്ക് രോഗവാഹകശേഷി ഉണ്ടാകില്ല. ഈ വാക്സിന്‍ ശരീരത്തിലെക്ക് എത്തുന്നതോടെ പ്രതിരോധ സംവിധാനത്തിന് നോവല്‍ കൊറോണ വൈറസ്സിനെ തിരിച്ചറിയാനുള്ള ശേഷി കൈവരിക്കും, കൂടെ പ്രതിരോധിക്കാനുള്ള ശേഷിയും വളരും. അതായത് കോവിഡ് ശരീരത്തെ യാതൊരുവിധത്തിലും ബാധിക്കാത്ത തരത്തില്‍ പ്രതിരോധശേഷി വളര്‍ത്താനാകും.


Next Story

Related Stories