TopTop
Begin typing your search above and press return to search.

കൊറോണ വൈറസ് 2019 ഡിസംബറിൽ തന്നെ ഇറ്റലിയിലുണ്ടായിരുന്നു, മലിനജലത്തിൽ കണ്ടെത്തി - പഠന റിപ്പോർട്ട് പറയുന്നത്

കൊറോണ വൈറസ് 2019 ഡിസംബറിൽ തന്നെ ഇറ്റലിയിലുണ്ടായിരുന്നു, മലിനജലത്തിൽ കണ്ടെത്തി - പഠന റിപ്പോർട്ട് പറയുന്നത്

കൊറോണ വൈറസ് 2019 ഡിസംബറിൽ തന്നെ ഇറ്റലിയിലുണ്ടായിരുന്നതായി റിപ്പോർട്ട്. വടക്കന്‍ ഇറ്റലിയിലെ രണ്ട് വലിയ നഗരങ്ങളില്‍ - മിലാനിലും ടൂറിനിലും 2019 ഡിസംബറില്‍ തന്നെ കൊറോണ വൈറസ് ഉണ്ടായിരുന്നതായാണ് പഠന റിപ്പോര്‍ട്ട്. ഇറ്റലിയില്‍ ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചത് ഫെബ്രുവരി പകുതിയിലാണ്. ഇതിന് രണ്ട് മാസം മുമ്പ് തന്നെ രാജ്യത്ത് കോവിഡ് ഉണ്ടായിരുന്നു എന്നാണ് നാഷണല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് മലിനജലവുമായി ബന്ധപ്പെട്ട് നടത്തിയ പഠനം പറയുന്നത്. മിലാനില്‍ നിന്നും ടൂറിനില്‍ നിന്നും ശേഖരിച്ച മലിന ജല സാമ്പിളുകളിലാണ് കൊറോണ വൈറസ് കണ്ടെത്തിയത്. ജനുവരിയില്‍ ബൊലോഗ്നയിലും കൊറോണ വൈറസ് കണ്ടെത്തിയിരുന്നതായി ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസ്താവനയില്‍ പറഞ്ഞു.

ഐഎസ്എസ് വാട്ടര്‍ ക്വാളിറ്റി സ്‌പെഷലിസ്റ്റ് ഗിസെപ്പിന ലാ റോസയുടെ സംഘവും 40 വേസ്റ്റ് വാട്ടര്‍ സാമ്പിളുകളാണ് ശേഖരിച്ചത്. 2019 ഒക്ടോബര്‍ മുതല്‍ 2020 ഫെബ്രുവരി വരെ ശേഖരിച്ചതാണ് ഇവ. 2019 ഡിസംബര്‍ 18ന് മിലാനില്‍ നിന്നും ടൂറിനില്‍ നിന്നും ശേഖരിച്ച സാമ്പിളുകളില്‍ സാര്‍സ് കൊറോണ വൈറസ് 2വിന്റെ സാന്നിദ്ധ്യമുള്ളതായി രണ്ട് ലബോറട്ടറികള്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി. ജനുവരി 29ന് ബൊലോഗ്നയില്‍ നിന്നെടുത്ത സാമ്പിളിലും കൊറോണ വൈറസ് ഉള്ളതായി കണ്ടെത്തി. ഒക്ടോബറിലേയും നവംബറിലേയും സാമ്പിളുകള്‍ നെഗറ്റീവ് ആയിരുന്നു.

യൂറോപ്പില്‍ ആദ്യം കൊറോണ വൈറസ് വ്യാപനം ശക്തമായത് ഇറ്റലിയിലാണ്. ലോകത്ത് ഏറ്റവുമധികം കോവിഡ് കേസുകളും മരണങ്ങളും ഒരു ഘട്ടത്തില്‍ ഇറ്റലിയിലായിരുന്നു. ആദ്യമായി രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ നടപ്പാക്കിയതും ഇറ്റലിയാണ്. ലംബാര്‍ഡി മേഖലയിലാണ് കോവിഡ് ഏറ്റവുമധികം ദുരിതം വിതച്ചത്. കൊഡോഗ്നോയയിലാണ് ആദ്യ കോവിഡ് സ്ഥിരീകരിച്ചത്. ഇവിടെ ആദ്യം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. പിന്നീട് മാര്‍ച്ച് ആദ്യമായപ്പോളേക്ക് രാജ്യം മുഴുവന്‍ വ്യാപിപ്പിച്ചു. ഇറ്റലിയില്‍ 34500ലധികം പേര്‍ കോവിഡ് മൂലം മരിച്ചു.

മലിനജലത്തില്‍ കൊറോണ വൈറസിനെ കണ്ടെത്തിയതായി സ്‌പെയിനില്‍ നടത്തിയ പഠനവും പറയുന്നു. ജനുവരി മധ്യത്തില്‍ ബാഴ്‌സലോണയില്‍ നിന്നെടുത്ത സാമ്പിളുകളിലാണ് കൊറോണയുടെ സാന്നിധ്യം. ലോകത്തിന്റെ വിവിധ ഭേഗങ്ങളിലുള്ള ഗവേഷകര്‍ മലിനജലത്തിലെ കൊറോണ സാന്നിദ്ധ്യം സംബന്ധിച്ച് പഠനം തുടരുന്നുണ്ട്.


Next Story

Related Stories