TopTop
Begin typing your search above and press return to search.

സാൽവദോർ ദാലിയുടെ മകളാണെന്ന സ്പെയിൻകാരിയുടെ വാദം കോടതി തള്ളി

സാൽവദോർ ദാലിയുടെ മകളാണെന്ന സ്പെയിൻകാരിയുടെ വാദം കോടതി തള്ളി

വിശ്വവിഖ്യാത സര്‍റിയലിസ്റ്റ് ചിത്രകാരന്‍ സാല്‍വദോര്‍ ദാലിയുടെ മകളാണ് താനെന്ന സ്പാനിഷ് സ്ത്രീയുടെ വാദം കോടതി തള്ളി. കേസുമായി ബന്ധപ്പെട്ട് 1989-ൽ അന്തരിച്ച ദാലിയുടെ കുഴിമാടം തുറന്ന് പല്ല്, എല്ലുകള്‍, നഖം എന്നിവയുടെ സാമ്പിളുകള്‍ ശേഖരിച്ച് ഡിഎന്‍എ പരിശോധന നടത്തുക വരെ ചെയ്തിരുന്നു. ദാലി തന്റെ അമ്മ അന്റോണിയയുടെ കാമുകനായിരുന്നുവെന്നും ആ ബന്ധത്തിലുണ്ടായ മകളാണ് താനെന്നുമാണ് സ്പാനിഷുകാരിയായ മരിയ പിലര്‍ ആബേല്‍ മാര്‍ടിനസിന്റെ ആരോപണം.

ദാലിയുടെ മരണശേഷം പിന്തുടര്‍ച്ചാവകശി ഇല്ലാത്തതിനാല്‍ സ്പെയിന്‍ കൈവശം വയ്ക്കുന്ന ദാലി എസ്റ്റേറ്റില്‍ തനിക്കും അവകാശമുണ്ടെന്ന് മരിയ അവകാശപ്പെട്ടിരുന്നു. വാദം ശക്തമായതോടെ മാഡ്രിഡ് കോടതിയായിരുന്നു 2017 ജൂലൈയിൽ കുഴിമാടം തുറന്ന് ഡിഎന്‍എ പരിശോധന നടത്താന്‍ ഉത്തരവിട്ടത്. ടാരറ്റ് കാർഡ് റീഡറും ജിറോണയിൽ നിന്നുള്ള മനോരോഗിയുമായ ആബെൽ ദാലി തന്‍റെ പിതാവാണെന്ന് ഉറച്ചു വിശ്വസിക്കുന്നു. എന്നാല്‍ ഡിഎൻ‌എ പരിശോധനയിൽ അത് തെറ്റാണെന്ന് തെളിയിക്കപ്പെട്ടു. അതോടെ കേസിന്റെ ഭാഗമായി ഇതുവരെ ഉണ്ടായ വിവിധ ചിലവുകള്‍കൂടെ പരാതിക്കാരിയില്‍നിന്നും ഇടാക്കാനും കോടതി വിധിച്ചു.

ഗാല-സാൽവഡോർ ദാലി ഫൌണ്ടേഷനാണ് ദാലിയുടെ സ്വത്തുവകകള്‍ കൈകാര്യം ചെയ്യുന്നത്. ദാലിയുടെ ഓര്‍മ്മകള്‍ സംരക്ഷിക്കപ്പെടുന്നതിലും തെറ്റിദ്ധാരണകള്‍ നീങ്ങിക്കിട്ടിയതിലും ഫൌണ്ടേഷന്‍ സംതൃപ്തി പ്രകടിപ്പിച്ചു.

ജീവിതത്തിന്റെ അതിസങ്കീർണ ഭാവങ്ങളെ രചനകളിലാവാഹിച്ച പ്രതിഭാശാലിയായ ചിത്രകാരനാണ്‌ സാല്‍വദോര്‍ ദാലി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന 'സാ‌ൽവദോർ ഡെമിങ്ങോ ഫെലിപ്‌ ജക്വിന്റോ ദാലി ഇ ഡൊമെനെച്'. എന്നും വിവാദങ്ങളുടെ സഹയാത്രികനായിരുന്നു ദാലി.അദ്ദേഹത്തിന്റെ രചനാശൈലി,വിചിത്രമായ കാഴ്ചപ്പാടുകൾ,ഉന്മത്തമായ സ്വഭാവം, ബുദ്ധിജീവിയായി അംഗീകരിയ്ക്കപ്പെടുവാനുള്ള ത്വര, വസ്ത്രധാരണം, കുടുംബജീവിതം തുടങ്ങി എല്ലാം വിമർശകർക്ക്‌ വിരുന്നൊരുക്കി. അതില്‍ ഏറ്റവും വലിയ വിവാടത്തിനാണ് ഇപ്പോള്‍ പരിസമാപ്തിയായിരിക്കുന്നത്.


Next Story

Related Stories