TopTop
Begin typing your search above and press return to search.

കോവിഡ് 19: യുറോപ്പില്‍ മരണം ഒരു ലക്ഷം കവിഞ്ഞു; നിയന്ത്രണങ്ങള്‍ നീക്കാനാവശ്യപ്പെട്ടുള്ള പ്രതിഷേധത്തെ ന്യായീകരിച്ച് ട്രംപ് വീണ്ടും

കോവിഡ് 19: യുറോപ്പില്‍ മരണം ഒരു ലക്ഷം കവിഞ്ഞു; നിയന്ത്രണങ്ങള്‍ നീക്കാനാവശ്യപ്പെട്ടുള്ള പ്രതിഷേധത്തെ ന്യായീകരിച്ച് ട്രംപ് വീണ്ടും

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടിട്ട് നാല് മാസം ആകാനിരിക്കെ ലോകത്ത് ആകെ ഇതിനകം മരിച്ചത്1,65,000 പേര്‍. ഇതില്‍ മരിച്ച ഒരു ലക്ഷം പേരും യുറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവരാണ്‌. അമേരിക്കയില്‍ മരണ സംഖ്യ 41,000 കവിഞ്ഞു. ഇറ്റലി, സ്‌പെയിന്‍ തുടങ്ങി, അമേരിക്ക കഴിഞ്ഞാല്‍ കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട രാജ്യങ്ങളില്‍ മരണ നിരക്കില്‍ കുറവുണ്ടായിട്ടുണ്ട്. നിയന്ത്രണങ്ങള്‍ നീക്കുന്നത് അടക്കമുള്ള വിഷയങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്റും സംസ്ഥാന ഗവര്‍ണര്‍മാരും തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നതകള്‍ തുടരുകയാണ്. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട തുടരുന്ന പ്രക്ഷോഭത്തെ പ്രസിഡന്റ് ട്രംപ് വീണ്ടും ന്യായീകരിച്ചു

ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുപ്രകാരം 165,004 പേരാണ് ഇതിനകം മരിച്ചത്. 2394291 പേര്‍ രോഗ ബാധിതരാണ്.. മരിച്ചവരില്‍ ഒരു ലക്ഷത്തിലധികം പേര്‍ യുറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവരാണ്. യൂറോപ്പില്‍ 10 ലക്ഷത്തിലധികം ആളുകള്‍ ഇതിനകം രോഗ ബാധിതരായി കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ച ഇറ്റലി, സ്‌പെയിന്‍ എന്നിവടങ്ങളില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെടുകയാണെന്നാണ് സൂചന. മരണ സംഖയില്‍ ഈ രാജ്യങ്ങളില്‍ കാര്യമായി കുറവുണ്ടാകുന്നുണ്ട്. മാര്‍ച്ച് 22ന് ശേഷം ഏറ്റവും കുറഞ്ഞ മരണ സംഖ്യയാണ് കഴിഞ്ഞ ദിവസം സ്‌പെയിനില്‍ രേഖപ്പെടുത്തിയത്. 410 പേര്‍. ഇവിടെ ഇതികനകം 20400 പേര്‍ മരിച്ചു. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ സ്‌പെയിന്‍ തീരുമാനിച്ചിട്ടുണ്ട്. അടുത്ത ആഴ്ചയോടെ കുട്ടികളെ വീട്ടിന് പുറത്തിറങ്ങാന്‍ അനുവദിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇറ്റലിയിലും മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ ദിവസം മരണ സംഖ്യ കുറവായിരുന്നു. 433 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ ഇവിടുത്തെ മരണ സംഖ്യ 23,600 ആയി. കോവിഡ് 19 കാര്യമായി ബാധിച്ച ആദ്യത്തെ പാശ്ചാത്യ രാജ്യമാണ് ഇറ്റലി. മെയ് മൂന്നിന് ശേഷം നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുന്നതിനെക്കുറിച്ചാണ് ഇറ്റലി ആലോചിക്കുന്നത്. ഫ്രാന്‍സില് ഇതിനകം19700 പേരാണ് കോവിഡ് 19 ബാധിച്ച് മരിച്ചത്. അമേരിക്കയില്‍ മരണ സംഖ്യ ഉയരുന്നതിനിടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഗവര്‍ണര്‍മാരും തമ്മിലുള്ള തര്‍ക്കം തുടരുകുയാണ്. നിയന്ത്രണങ്ങള്‍ നീക്കുന്നതിനെ സംബന്ധിച്ചും മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നത് സംബന്ധിച്ചുമാണ് തര്‍ക്കം. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ പ്രദേശങ്ങളില്‍ നിയന്ത്രണം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ തെരുവിലിറങ്ങിയിരുന്നു. ഇതിനെ നേരത്തെ തന്നെ പിന്തുണച്ച ഡൊണാള്‍ഡ് ട്രംപ് ഇന്ന് വീണ്ടും ന്യായികരണവുമായി രംഗത്തെത്തി. സാമൂഹ്യ അകലം പാലിച്ചുകൊണ്ടാണ് ജനങ്ങള്‍ പ്രതിഷേധിച്ചതെന്നായിരുന്നു ട്രംപ് പറഞ്ഞത്. രാജ്യത്തെ സ്‌നേഹിക്കുന്നവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ' അവര്‍ ഈ രാജ്യത്തെ സ്‌നേഹിക്കുന്നു, അവര്‍ക്ക് ജോലിയിലേക്ക് തിരികെ പ്രവേശിക്കണം' ഒരു റാലിയിലും ഇത്രയധികം അമേരിക്കന്‍ പതാകകള്‍ താന്‍ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. പ്രതിഷേധക്കാരെ പിന്തുണച്ചുകൊണ്ടുള്ള പ്രസിഡന്റിന്റെ നിലപാട് നിയമ ലംഘനത്തെ പ്രോല്‍സാഹിപ്പിക്കുന്നതാണെന്ന് വാഷിംങ്ടണ്‍ ഗവര്‍ണര്‍ പറഞ്ഞു. ഇപ്പോഴും കോവിഡിനെതിരായ യുദ്ധം പാതി വഴി മാത്രമെ പിന്നിട്ടിട്ടുള്ളവെന്നും ഇനിയും ഏറെമുന്നോട്ടുപോകാനുണ്ടെന്നുമായിരുന്നു ന്യൂയോര്‍ക്ക് ഗവര്‍ണറുടെ പ്രതികരണം. കോവിഡ് 19 നെ നേരിടാന്‍ താന്‍ സ്വീകരിച്ച നടപടികളെ ന്യായികരിച്ചുകൊണ്ടായിരിന്നു അമേരിക്കന്‍ പ്രസിഡന്റിന്റെ വാര്‍ത്താ സമ്മേളനം. 40,000 ത്തിലധികം ആളുകള്‍ മരിക്കുകയും രണ്ട് കോടിയിലധികം ആളുകള്‍ക്ക് തൊഴില്‍ നഷ്ടമാകുകയും ചെയ്യുമ്പോള്‍ എന്തുകൊണ്ടാണ് പ്രസിഡന്റ് ആത്മ പ്രശംസയില്‍ ഏര്‍പ്പെടുന്നത് എന്ന ചോദ്യത്തിന് അതി ഗംഭീരമായി പ്രവര്‍ത്തിച്ചവര്‍ക്ക് വേണ്ടിയാണ് താനിത് പറയുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മാധ്യമങ്ങളുടെ ഇടയില്‍നിന്ന് ഏറ്റവും മോശം പരിഗണന ലഭിച്ച പ്രസിഡന്റാണ് താനെന്നും അബ്രാഹാം ലിങ്കണും ഇതേ അവസ്ഥയാണ് ഉണ്ടായതെന്ന് കേട്ടിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. വെന്റിലേറ്ററുകളുടെ കാര്യത്തിലും ആളുകളെ ടെസ്റ്റിന് വിധേയമാക്കുന്ന കാര്യത്തിലാണെങ്കിലും അമേരിക്ക മറ്റ് രാജ്യങ്ങളെക്കാള്‍ മുന്നിലാണെന്നും അദ്ദേഹം വീണ്ടും അവകാശപ്പെട്ടു.


Next Story

Related Stories