TopTop
Begin typing your search above and press return to search.

ശുക്ലത്തില്‍ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തി; ലൈംഗികതയിലൂടെ കോവിഡ് പടരുമോയെന്ന് ആശങ്ക

ശുക്ലത്തില്‍ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തി; ലൈംഗികതയിലൂടെ കോവിഡ് പടരുമോയെന്ന് ആശങ്ക

കോവിഡ് 19 രോഗം ബാധിച്ച പുരുഷന്മാരുടെ ശുക്ലത്തില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് ചൈനീസ് ഗവേഷകര്‍. ചൈനയിലെ ഷാങ്ഖ്വ്യൂ മുനിസിപ്പല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ആശുപത്രിയില്‍ പ്രവേശിപ്പിച്ച 38 കോവിഡ് രോഗികളുടെ ശുക്ലമാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ ആറു പേരുടെ ശുക്ലത്തില്‍ വൈറസ് സാന്നിധ്യം കണ്ടെത്തി.

ലൈംഗിക ബന്ധത്തിലൂടെ കൊറോണ പകരാനുള്ള സാധ്യതയാണ് ഈ കണ്ടെത്തലിലൂടെ പുറത്തു വന്നിരിക്കുന്നത്. അതെസമയം ഈ കണ്ടെത്തല്‍ പ്രാഥമികം മാത്രമാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. കൂടാതെ വളരെ കുറച്ച് രോഗികളില്‍ മാത്രമേ ഈ പ്രതിഭാസം ശ്രദ്ധയില്‍ പെട്ടിട്ടുള്ളൂ എന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി.

കോവിഡിന്റെ പകര്‍ച്ചയില്‍ ലൈംഗികബന്ധങ്ങള്‍ പങ്കു വഹിച്ചിട്ടുണ്ടോയെന്നത് ഇനിയും പഠിക്കേണ്ടതാണ്. ഇപ്പോഴത്തെ പഠനവിവരം വെച്ച് ഇക്കാര്യം സ്ഥിരീകരിക്കാനാകില്ലെന്ന് വിദഗ്ധര്‍ പറയുന്നു. അതെസമയം രോഗം ഭേദപ്പെട്ട രോഗികളുമായുള്ള ലൈംഗികതയിലൂടെ കൊറോണ വൈറസ് പകരുമെങ്കില്‍ അത് ഗൗരവപ്പെട്ടതായി മാറും. ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത് രോഗം ഭേദമായിക്കൊണ്ടിരിക്കുന്ന രോഗികളിലാണ്. പൂര്‍ണമായും ഭേദമായ രോഗികളില്‍ പഠനം നടക്കേണ്ടതായുണ്ട്. അതെസമയം മുമ്പ് നടന്നിട്ടുള്ള മറ്റ് ചില പഠനങ്ങളില്‍ ശുക്ലത്തില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നില്ലെന്ന വസ്തുതയും നിലനില്‍ക്കുന്നു. ചൈനയില്‍ തന്നെ മാര്‍ച്ചിലും ഫെബ്രുവരിയിലും നടന്ന ചെറിയ പഠനങ്ങളില്‍ ശുക്ലത്തില്‍ വൈറസ്സിന്റെ സാന്നിധ്യം കണ്ടെത്തുകയുണ്ടായില്ല.

എബോള, സിക എന്നീ വൈറസുകളുടെ സാന്നിധ്യം പുരുഷന്മാരുടെ ശുക്ലത്തില്‍ നേരത്തെ കണ്ടെത്തിയിട്ടുണ്ട്. ഇക്കാരണത്താല്‍ തന്നെ കൊറോണ വൈറസ് ശുക്ലത്തിലെത്തില്ലെന്ന് കരുതാനാകില്ല. പുരുഷന്റെ പ്രത്യുല്‍പാദന ശേഷിയെ വൈറസ് ബാധ സ്വാധീനിക്കുമോയെന്നതും ഇപ്പോഴും വ്യക്തമല്ല.


Next Story

Related Stories