TopTop

മഹാമാരിയുടെ അടുത്ത ലക്ഷ്യസ്ഥാനം അമേരിക്കയെന്ന് ലോകാരോഗ്യ സംഘടന, നിയന്ത്രണങ്ങള്‍ക്ക് ഈസ്റ്ററിന് ഇളവുണ്ടാകുമെന്ന സൂചന നല്‍കി ട്രംപ്, മരണ സംഖ്യ 18,000 കടന്നു

മഹാമാരിയുടെ അടുത്ത ലക്ഷ്യസ്ഥാനം അമേരിക്കയെന്ന് ലോകാരോഗ്യ സംഘടന, നിയന്ത്രണങ്ങള്‍ക്ക് ഈസ്റ്ററിന് ഇളവുണ്ടാകുമെന്ന സൂചന നല്‍കി ട്രംപ്, മരണ സംഖ്യ 18,000 കടന്നു

അമേരിക്ക കോവിഡ് മഹാമാരിയുടെ മുഖ്യ കേന്ദ്രമായി മാറിയേക്കാമെന്ന സൂചന നല്‍കി ലോകാരോഗ്യ സംഘടന. കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ ഭൂരിഭാഗവും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും അമേരിക്കയില്‍ നിന്നുമാണ്. നിരവധി രാജ്യങ്ങള്‍ കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ കടുത്ത നടപടികള്‍ കൈക്കൊള്ളുമ്പോള്‍ ഡൊണാള്‍ഡ് ട്രംപ് ഗവണ്‍മെന്‍റ് എടുക്കുന്ന നടപടികളില്‍ പൂര്‍ണ്ണ തൃപ്തരല്ല ഡബ്ല്യു എച്ച് ഒ എന്നാണ് സംഘടനയുടെ വക്താവിന്റെ ഇന്നലത്തെ പ്രസ്താവന സൂചിപ്പിക്കുന്നത്. കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ രാജ്യം അവസാന ഘട്ടത്തിലാണ് എന്നു ട്രംപ് ഇന്നലെ പറഞ്ഞിരുന്നു. ഈസ്റ്ററിനോട് അനുബന്ധിച്ച് കോവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് ഇളവ് വരുത്താന്‍ ഉദ്ദേശിക്കുന്നതായി ട്രംപ് സൂചിപ്പിച്ചിരുന്നു.

നിലവില്‍ രോഗ ബാധിതരുടെ എന്നതില് മൂന്നാം സ്ഥാനത്താണ് അമേരിക്ക. 53,287 പേര്‍ക്കാണ് രാജ്യത്ത് രോഗം ബാധിച്ചിരിക്കുന്നത്. ഇതുവരെ 689 പേര്‍ മരിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 136 പേര്‍ യു എസില്‍ മരിച്ചു.

അതേസമയം ലോകമാകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം 4 ലക്ഷം കടന്നതായി ജോണ്‍ ഹോപ്കിന്‍സ് സര്‍വ്വകലാശാല റിപ്പോര്‍ട്ട് ചെയ്യുന്നു. 417, 482 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 18,612 മരണം റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 743 പേരാണ്. ആകെ 6820 പേരാണ് രാജ്യത്ത് മരണപ്പെട്ടത്. കോവിഡ് ആഞ്ഞടിക്കുന്ന സ്പെയിനിലും മരണ സംഖ്യയിലോ രോഗം ബാധിച്ചവരുടെ എണ്ണത്തിലോ കുറവ് ഉണ്ടായിട്ടില്ല. ഇന്നലെ മാത്രം 497 പേര്‍ രാജ്യത്ത് മരിച്ചു. മരണ സംഖ്യയില്‍ സ്പെയിനും ചൈനയെ മറിഅടക്കുമെന്നാണ് നിലവിലുള്ള പ്രവണത സൂചിപ്പിക്കുന്നത്. 2808 ആണ് രാജ്യത്തെ മരണ സംഖ്യ.

കോവിഡ് രൂക്ഷമായി ബാധിച്ചിട്ടുള്ള മറ്റൊരു യൂറോപ്യന്‍ രാജ്യം ഫ്രാന്‍സ് ആണ്. 22,000 കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്നലെ മാത്രം മരിച്ച 240 പേര്‍ അടക്കം മരണ സംഖ്യ 1100 ആയി.

ഇറ്റലി, സ്പെയിന്‍, ഫ്രാന്‍സ് എന്നീ മൂന്ന് യൂറോപ്യന്‍ രാജ്യങ്ങളില്‍ മാത്രംമരണ സംഖ്യ 10,000 കടന്നു എന്നതാണു ഇന്നലത്തെ പ്രത്യേകത.

അതേസമയം വിവിധ രാജ്യങ്ങള്‍ കടുത്ത നടപടികളുമായി മുന്നോട്ട് പോവുകയാണ്. ഇറ്റലി ഇന്നലെ കൂടുതല വ്യവസായ സ്ഥപനങ്ങളെയും സേവനങ്ങളെയും കൂടി നിയന്ത്രണങ്ങളുടെ പരിധിയില്‍ കൊണ്ടുവന്നു. വിലക്കുകളെ നമ്മള്‍ ബഹുമാനിച്ചാല്‍ മാത്രമേ രാജ്യം അതിജീവിക്കുകയുള്ളൂ എന്നാണ് ഇറ്റലിയന്‍ പ്രധാന മന്ത്രി ഗ്വിസപ്പ് കൊണ്ടേ പറഞ്ഞത്. രാജ്യത്തെ ആഭ്യന്തര വിമാന സര്‍വീസും റദ്ദാക്കിയിട്ടുണ്ട്.

ന്യൂ സീലാന്‍ഡ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. യു കെയില്‍ ലോക്ക് ഡൌണിന്‍റെ ആദ്യ ദിവസം ഇന്നലെ പിന്നിട്ടു. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ ജനങ്ങള്‍ പുറത്തിറങ്ങാന്‍ പാടുള്ളൂ എന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.

രാജ്യം മുഴുവന്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചുകൊണ്ടാണ് ഇന്ത്യ നടപടി കടുപ്പിച്ചത്. 21 ദിവസത്തേക്കാണ് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്.




Next Story

Related Stories