TopTop
Begin typing your search above and press return to search.

ക്രിസ്ത്യൻ മിഷനറിമാരെ ആമസോൺ വനത്തിൽ പ്രവേശിപ്പിക്കരുത്, ഗോത്രവർഗ്ഗക്കാരെ കോവിഡിൽ നിന്നും സംരക്ഷിക്കാൻ കോടതി ഇടപെടൽ

ക്രിസ്ത്യൻ മിഷനറിമാരെ ആമസോൺ വനത്തിൽ പ്രവേശിപ്പിക്കരുത്, ഗോത്രവർഗ്ഗക്കാരെ കോവിഡിൽ നിന്നും സംരക്ഷിക്കാൻ കോടതി ഇടപെടൽ

ലോകത്തിലെ ഏറ്റവും കൂടുതൽ ഒറ്റപ്പെട്ട ഗോത്രവർഗ്ഗക്കാരുള്ള ആമസോൺ തദ്ദേശീയ വനത്തിലേക്ക് പോകുന്നതിന് ക്രിസ്ത്യൻ മിഷനറിമാര്‍ക്ക് വിലക്ക്. കൊറോണ വൈറസ് മഹാമാരി മൂലമുള്ള അപകടസാധ്യതകൾ ചൂണ്ടിക്കാട്ടി ബ്രസീല്‍ കോടതിയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. തദ്ദേശീയ നേതാക്കളും പ്രവർത്തകരും ഈ തീരുമാനത്തെ 'ചരിത്രപരമായ' വിധി എന്നാണ് വിളിച്ചത്. ബ്രസീലിന്റെ പടിഞ്ഞാറൻ അതിർത്തിയിലുള്ള ഓസ്ട്രിയയുടെ വലിപ്പമുള്ള സംരക്ഷിത ജാവാരി താഴ്‌വരയിലെ വംശഹത്യകള്‍ തടയാനും ഈ വിധി ഉപകരിക്കുമെന്ന് അവര്‍ പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.

'ഈ പുതിയ കൊറോണ വൈറസ് പകർച്ചവ്യാധിയെ നേരിടുന്ന സമയത്ത് ഒറ്റപ്പെട്ട് കഴിയാനുള്ള തദ്ദേശവാസികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനാണ് കോടതിയെ സമീപിച്ചതെന്ന്' ജാവരിയുടെ തദ്ദേശീയ അസോസിയേഷനായ യൂനിവാജയ്ക്ക് വേണ്ടി കോടതിയിലെത്തിയ തദ്ദേശീയ അഭിഭാഷകനായ എലിസിയോ മരുബോ പറഞ്ഞു. മൂന്ന് മിഷനറിമാരായ ആൻഡ്രൂ ടോങ്കിൻ, ജോസിയ മക്കിന്റൈർ, പാസ്റ്റർ വിൽസൺ ഡി ബെഞ്ചമിൻ എന്നിവരെ റിസർവിൽ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ട് ഫെഡറൽ ജഡ്ജി ഫാബിയാനോ വെർലിയാണ് വിധി പ്രസ്താവിച്ചത്.

വിവാദ മിഷനറി ഗ്രൂപ്പായ 'ന്യൂ ട്രൈബ്സ് മിഷൻ ബ്രസീലിനൊപ്പം' ഈ പ്രദേശത്തെ ഒറ്റപ്പെട്ട ജനതയെ മത പരിവർത്തനം ചെയ്യ്യാനാണ് മൂവരും ശ്രമിച്ചിരുന്നത്. ഇത്തരത്തില്‍ ഒറ്റപ്പെട്ടു കഴിയുന്ന സമൂഹങ്ങളിലേക്ക് ഒരു മഹാമാരി എത്തിയാല്‍ ഉണ്ടായേക്കാവുന്ന അപകടങ്ങളെ കുറിച്ച് പ്രസിദ്ധീകരിക്കപ്പെട്ട സമീപകാല ലേഖനങ്ങള്‍ പരാമര്‍ശിച്ചു കൊണ്ടാണ് വിധി പറഞ്ഞത്. അത്തരം മഹാമാരികള്‍ മുന്‍കാലങ്ങളില്‍ അവരുടെ പൂര്‍വ്വികരെ ഇല്ലായ്മ ചെയ്തതും സൂചിപ്പിച്ച ജഡ്ജി മിഷനറിമാരെ പുറത്താക്കാൻ പോലീസിനും സൈന്യത്തിനും അനുമതി നൽകുകയും ചെയ്തു. ബ്രസീലില്‍ കോവിഡ് -19 രോഗം ബാധിച്ച് ഇതുവരെ മരിച്ചവരില്‍ 3 തദ്ദേശീയാരും ഉള്‍പ്പെടുന്നു.


Next Story

Related Stories