TopTop
Begin typing your search above and press return to search.

കൊറോണ ലോകമാകെ പടരുമെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി, ട്രംപ് കേട്ടതായി നടിച്ചില്ല, കൂടുതല്‍ ആശങ്കപ്പെട്ടത് ഇലക്ട്രോണിക് സിഗരറ്റ് നിരോധിച്ചതില്‍

കൊറോണ ലോകമാകെ പടരുമെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി, ട്രംപ് കേട്ടതായി നടിച്ചില്ല, കൂടുതല്‍ ആശങ്കപ്പെട്ടത് ഇലക്ട്രോണിക് സിഗരറ്റ് നിരോധിച്ചതില്‍

കൊറോണ വൈറസ് ബാധ മൂലം ആഗോള തലത്തില്‍ തന്നെ വലിയ അപകടങ്ങള്‍ ഉണ്ടാകാന്‍ പോവുകയാണെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ജനുവരിയിലും ഫെബ്രുവരിയിലും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും മുതിര്‍ന്ന ഉദ്യോഗസ്ഥരെയും അറിയിച്ചിരുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ പ്രസിഡന്റും മറ്റും മറ്റുള്ളവരും ഇക്കാര്യം അവഗണിക്കുകയാണ് ചെയ്തതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യം നേരത്തെ പരിഗണിച്ചിരുന്നെങ്കില്‍ ആഗോള തലത്തില്‍ തന്നെ ദുരന്തം കാര്യമായി കുറയ്ക്കാന്‍ സാധിക്കുമായിരുന്നു എന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

എന്നാണ് കൊറോണ വൈറസ് അമേരിക്കയെ ബാധിക്കുക എന്നും ആരോഗ്യ പ്രവര്‍ത്തകര്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കേണ്ടത് എന്നും ഇന്റലീജന്‍സ് ഏജന്‍സികള്‍ വ്യക്തമാക്കിയിരുന്നില്ല. അത് അവരുടെ ജോലിയല്ല എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ ചൈനയില്‍ രോഗം പടരുന്നതും അത് മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതും ഏജന്‍സികള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു എന്നും ഈ ദുരന്തത്തിന്റെ വ്യാപ്തിയെ കുറച്ചു കാണിക്കാന്‍ ചൈന ശ്രമിക്കുന്നു എന്ന കാര്യവും ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഈ റിപ്പോര്‍ട്ടുകള്‍ കൈവശമുണ്ടായിട്ടും പൊതുമധ്യത്തിലും സ്വകാര്യമായും ദുരന്തത്തെ ലഘൂകരിച്ച് കാണാനാണ് ട്രംപ് ശ്രമിച്ചത് എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. "ജനുവരി മുതല്‍ ഇന്റലീജന്‍സ് ഏജന്‍സികള്‍ ഇതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട്", അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്കും അവരുടെ ഉദ്യോഗസ്ഥര്‍ക്കും ട്രംപ് സര്‍ക്കാരിലെ ഉദ്യോഗസ്ഥര്‍ക്കും ലഭ്യമായ ഇന്റലീജന്‍സ് റിപ്പോര്‍ട്ടിനെക്കുറിച്ച് മുതിര്‍ന്ന ഒരുദ്യോഗസ്ഥന്‍ വാഷിംഗ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു.

"ട്രംപ് ഒരുപക്ഷേ ഇത്ര വലിയ ദുരന്തം പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. പക്ഷേ, സര്‍ക്കാരിലെ മറ്റ് നിരവധി ഉദ്യോഗസ്ഥര്‍ക്ക് പ്രസിഡന്റിനെക്കൊണ്ട് ഇക്കാര്യത്തില്‍ ഒന്നും ചെയ്യിക്കാന്‍ കഴിഞ്ഞില്ല. വലിയ പിഴവാണ് ഇക്കാര്യത്തില്‍ ഉണ്ടായത്"- ഈ ഉദ്യോഗസ്ഥന്‍ പറയുന്നു. ജനുവരി അവസാന സമയത്തും ഫെബ്രുവരി ആദ്യവും ഇന്റലീജന്‍സ് ഏജന്‍സികള്‍ കൂടുതല്‍ വിവരങ്ങള്‍ ഇക്കാര്യത്തില്‍ കൈമാറിയിരുന്നതായും ഉദ്യോഗസ്ഥന്‍ പറയുന്നു. കൊറോണ ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് ഓഫീസ് ഓഫ് ദി ഡയറക്ടര്‍ ഓഫ് നാഷണല്‍ ഇന്റലീജന്‍സിന്റെയും സിഐഎയുടെയും ദിവസേനെ നടത്തുന്ന ചര്‍ച്ചകളുടേയും മറ്റു വിവരങ്ങളും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട് പറയുന്നത്.

ഇക്കൂട്ടത്തില്‍ മറ്റൊരു പ്രധാന വിവരം കൂടി പുറത്തു വന്നിട്ടുണ്ട്. കൊറോണ ബാധയുടെ മുന്നറിയിപ്പുകള്‍ ഇന്റലീജന്‍സ് ഏജന്‍സികള്‍ കൂടുതലായി നല്‍കിക്കൊണ്ടിരുന്ന സമയത്തു തന്നെയാണ് റിപ്പബ്ലിക്കന്‍ സെനറ്റര്‍ റിച്ചാര്‍ഡ് ബര്‍, 628,033 ഡോളര്‍ മുതല്‍ 1.72 മില്യണ്‍ ഡോളര്‍ വരെയുള്ള തന്റെ ഡസന്‍ കണക്കിന് ഓഹരികള്‍ വിറ്റഴിച്ചത് എന്നതാണ് അത്. സെനറ്റ് ഇന്റലീജന്‍സ് കമ്മിറ്റിയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ ബറിന് ഇന്റലീജന്‍സ് ഏജന്‍സികള്‍ സമര്‍പ്പിക്കുന്ന രഹസ്യ റിപ്പോര്‍ട്ടുകളിലെ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. അതുകൊണ്ടു തന്നെ കൊറോണയുമായി ബന്ധപ്പെട്ട് നല്‍കിയ റിപ്പോര്‍ട്ടുകളെക്കുറിച്ചും ബര്‍ മുന്നേ അറിഞ്ഞിരുന്നു. എന്നാല്‍, താന്‍ ഇക്കാര്യത്തില്‍ യാതൊന്നും ചെയ്തിട്ടില്ലെന്നും പൊതുജന മധ്യത്തിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ഓഹരികള്‍ വിറ്റഴിച്ചത് എന്നുമാണ് ബര്‍ പറയുന്നത്. സെനറ്റ് എത്തിക്‌സ് കമ്മിറ്റിക്ക് ഇക്കാര്യത്തില്‍ അന്വേഷണം നടത്താമെന്നും ബര്‍ വ്യക്തമാക്കി.

യു.എസ് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ആദ്യ റിപ്പോര്‍ട്ടുകള്‍ വളരെ ആശങ്കയോടെയാണ് കണ്ടിരുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനിലുള്ള അമേരിക്കന്‍ നയതന്ത്രജ്ഞരെ അവിടെ നിന്ന് അമേരിക്കയിലേക്ക് കൊണ്ടുവന്ന ജനുവരി മൂന്നാമത്തെ ആഴ്ചയില്‍ ഇക്കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തിരുന്നു എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. പൊതുജനാരോഗ്യത്തെ ബാധിക്കുന്ന വിധത്തിലേക്ക് കാര്യങ്ങള്‍ മാറുമെന്ന് അപ്പോഴേക്കും ആശങ്കയുണ്ടായിരുന്നു എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

അതേ സമയം, കൊറോണയുടെ ഗുരുതരാവസ്ഥയെക്കുറിച്ച് ട്രംപിനെ ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിന്റെ ഉപദേശകര്‍ക്ക് വളരെ കഷ്ടപ്പെടേണ്ടി വന്നു എന്നും വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. ഹെല്‍ത്ത് ആന്‍ഡ് ഹ്യുമന്‍ സര്‍വീസ് സെക്രട്ടറി അലക്‌സ് അസറിന് ഇക്കാര്യത്തെക്കുറിച്ച് ട്രംപുമായി സംസാരിക്കാന്‍ ജനുവരി 18 വരെ കാത്തിരിക്കേണ്ടി വന്നു എന്ന വിവരവും റിപ്പോര്‍ട്ടിലുണ്ട്. ഒടുവില്‍ ട്രംപിനെ ഫോണില്‍ കിട്ടി കൊറോണയുടെ ഭീഷണി ഉയര്‍ത്തുന്ന കാര്യം ധരിപ്പിച്ച അസറിനോട്, സംസാരത്തിനിടെ ഇടപെട്ടു കൊണ്ട് ട്രംപ് ചോദിച്ചത്, 'വേപിംഗി'നെക്കുറിച്ചും (ഇലക്‌ട്രോണിക് സിഗരറ്റുകള്‍ ഉപയോഗിച്ചുള്ള പുകവലി), വിവിധ രുചികളിലുള്ള ഇലക്‌ട്രോണിക് സിഗരറ്റ് ഉത്പന്നങ്ങള്‍ എന്ന് വിപണിയില്‍ തിരിച്ചെത്തുമാണെന്ന ഞെട്ടിക്കുന്ന വിവരവും മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. (വലിയ തോതിലുള്ള ശ്വാസകോശ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ജനുവരിയില്‍ അമേരിക്ക ഫ്ളേവേഡ് ഇ-സിഗരറ്റുകള്‍ നിരോധിച്ചിരുന്നു. എന്നാല്‍ അമേരിക്കന്‍ വിപണിയില്‍ വലിയ സ്വാധീനമുള്ള ഇ-സിഗരറ്റ് ലോബികള്‍ ട്രംപിനെതിരെ വലിയ പ്രചരണമാണ് തുടര്‍ന്ന് നടത്തുന്നത്. ഇ-സിഗരറ്റ് വലിക്കുന്നവര്‍ ചേര്‍ന്ന് ട്രംപിനെ ഈ വര്‍ഷം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കുമെന്ന പരസ്യങ്ങള്‍ പോലും അവര്‍ പ്രസിദ്ധീകരിച്ചിരുന്നു).

ജനുവരി 27-ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ മുന്‍ ചീഫ് ഓഫ് സ്റ്റാഫ് മൈക് മുള്‍വാനിയുമൊത്ത് മുതിര്‍ന്ന ഉദ്യേഗസ്ഥരെ എങ്ങനെയാണ് കൊറോണയുടെ ഭീഷണി ബോധ്യപ്പെടുത്തുക എന്നാലോചിക്കാന്‍ യോഗം ചേര്‍ന്നിരുന്നുവെന്ന വിവരവും റിപ്പോട്ടിലുണ്ട്. ഭീഷണി സര്‍ക്കാര്‍ ഗൗരവമായി എടുക്കണമെന്നും അല്ലെങ്കില്‍ ട്രംപ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെടാന്‍ വരെ സാധ്യതയുണ്ടെന്നും വൈറ്റ് ഹൗസ് ഡൊമസ്റ്റിക് പോളിസി കൗണസില്‍ തലവന്‍ ജോ ഗ്രോഗന്‍ പറഞ്ഞതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

തുടര്‍ന്ന് ഇക്കാര്യത്തില്‍ മുള്‍വാനി തുടരെത്തുടരെ യോഗങ്ങള്‍ വിളിച്ചിരുന്നുവെന്നും, പക്ഷേ ആദ്യകാല മീറ്റിംഗുകളില്‍ ഇക്കാര്യത്തില്‍ ട്രംപ് യാതൊരു താത്പര്യവും പ്രകടിപ്പിച്ചില്ല എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വൈറസ് അമേരിക്ക മുഴുവന്‍ പടരും എന്ന കാര്യം വിശ്വസിക്കാന്‍ പോലും ട്രംപ് കൂട്ടാക്കിയില്ല എന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

ഫെബ്രുവരി ആദ്യം ഗ്രോഗനും മറ്റുള്ളവരും, കൊറോണ ബാധയുടെ വ്യാപ്തി അറിയുന്നതില്‍ നടത്തുന്ന പരിശോധന വേണ്ടത്ര നടക്കുന്നില്ലെന്ന് വേവലാതി പ്രകടിപ്പിച്ചിരുന്നു എന്നും ട്രംപിന്റെ ഡപ്യൂട്ടി സുരക്ഷാ ഉപദേശകന്‍ മാത്യു പോട്ടിംഗര്‍ കൂടുതല്‍ ശക്തമായ നടപടികള്‍ വേണന്നെ് ആവശ്യപ്പെട്ടിരുന്നതായും ഉദ്യോഗസ്ഥര്‍ പറയുന്നുണ്ട്. എന്നാല്‍ മറ്റ് രാജ്യങ്ങളില്‍ പടര്‍ന്നു പിടിച്ചതു പോലെ അമേരിക്കയില്‍ ഒരിക്കലും കൊറോണ ഭീഷണി ഉണ്ടാകില്ല എന്നാണ് ട്രംപ് അപ്പോഴും ജനങ്ങളോട് വ്യക്തമാക്കിയത്. "ഈ പ്രശ്‌നം വേഗത്തില്‍ അവസാനിക്കും എന്നാണ് ഞാന്‍ കരുതുന്നത്. ഏപ്രില്‍ ആകുമ്പോഴേക്കും വേനല്‍ വരുന്നതിനാല്‍ ഇത്തരം വൈറസുകള്‍ക്ക് അധികം നിലനില്‍പ്പുണ്ടാകില്ല"- ട്രംപ് ഫെബ്രുവരി 19-ന് പ്രതികരിച്ചത് ഇങ്ങനെയാണ്. "കൊറോണ വൈറസ് ബാധ എല്ലാ വിധത്തിലും നിയന്ത്രണവിധേയമാണ്. ഓഹരി വിപണി ശക്തമായി തന്നെ പോകുന്നു എന്നാണ് ഞാന്‍ കരുതുന്നത്", അഞ്ചു ദിവസത്തിനു ശേഷം ട്രംപ് ട്വീറ്റ് ചെയ്തു.

കൊറോണ ബാധ പടരുന്ന സാഹചര്യത്തില്‍ ചൈന ഔദ്യോഗികമായി നല്‍ക്കുന്ന വിവരങ്ങളെ വിശ്വസിക്കരുതെന്നും ഇന്റലീജസ് റിപ്പോര്‍ട്ടുകള്‍ മറിച്ചാണ് പറയുന്നതെന്നുമുള്ള ഉദ്യാഗസ്ഥരുടെ വാദങ്ങളും ട്രംപ് ചെവിക്കൊണ്ടില്ല. ചൈനീസ് പ്രസിഡന്റ് ഷീ ജിംഗ്പിംഗുമായി താന്‍ സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം തന്നെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വിവരങ്ങള്‍ പറയില്ല എന്നുമാണ് ട്രംപ് പ്രതികരിച്ചത്. ഇതിലുമുപരി, കൊറോണ വൈറസിനെ ചൈന നേരിടുന്ന കാര്യത്തില്‍ ട്രംപ് അഭിനന്ദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചൈനയോട് കൂടുതല്‍ കര്‍ശനമായി ഇടപെടണമെന്ന് ഇന്റലീജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ വാദിച്ചെങ്കിലും കൂടുതല്‍ കര്‍ശനമായാല്‍ ഇപ്പോഴുള്ള വിവരം പോലും ചൈനീസ് അധികൃതര്‍ തരാന്‍ തയാറായേക്കില്ലെന്നാണ് ട്രംപ് പ്രതികരിച്ചത്.

കൊറോണ വൈറസ് ബാധ ചൈന കടന്ന് ഇറാന്‍, ദക്ഷിണ കൊറിയ, തായ്‌വാന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്ക് വ്യാപിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ - മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും അല്ലാത്തതുമായ വിവരങ്ങള്‍ - ഇന്റലീജന്‍സ് ഏജന്‍സികള്‍ അമേരിക്കന്‍ അധികൃതരെ അറിയിച്ചു കൊണ്ടിരുന്നു. ആദ്യ കേസ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടു പോലും ട്രംപ് അതിനെ നിസാരവത്ക്കരിക്കുകയാണ് ചെയ്തത് എന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. തുടര്‍ന്ന് ഫെബ്രുവരി 25-ന് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥ നാന്‍സി മെസോണിയറാണ് കൊറോണ ഉയര്‍ത്തുന്ന ഭീഷണിയുടെ ഗൗരവം ആദ്യമായി പുറത്തു വിടുന്നത്. ഇത് അമേരിക്കക്കാര്‍ക്കിടയില്‍ പടര്‍ന്നു പിടിക്കുമെന്നും കാര്യങ്ങള്‍ അതീവ ഗുരുതരമാണെന്നും അവര്‍ വ്യക്തമാക്കി. ആ സമയത്ത് ഇന്ത്യയില്‍ നിന്ന് തിരികെ വന്നു കൊണ്ടിരിക്കുകയായിരുന്ന ട്രംപ്, അസറിനെ വിളിച്ച് മെസോണിയര്‍ക്കെതിരെ പരാതിപ്പെടുകയാണ് ചെയ്തത്. ഓഹരി വിപണിയെ അവര്‍ ഭയപ്പെടുത്തി എന്നായിരുന്നു പ്രധാന പരാതിയെന്ന് രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.

തുടര്‍ന്ന് രോഗം വ്യാപകമായി പടര്‍ന്നു തുടങ്ങിയതോടെയാണ് ട്രംപ് കാര്യങ്ങള്‍ കൂടുതല്‍ ഗൗരവത്തിലെടുത്തു തുടങ്ങിയത്. അപ്പോഴേക്കും കാര്യങ്ങള്‍ കൈവിടുന്ന രീതില്‍ രോഗം അമേരിക്കയില്‍ പടര്‍ന്നിരുന്നു. ഇന്നലെ വരെ അമേരിക്കയില്‍ 20,000-ത്തിലേറെപ്പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 249 പേര്‍ മരിക്കുകയും ചെയ്തു. നാലു ദിവസങ്ങള്‍ക്ക് മുമ്പ് മരണസംഖ്യ 85 ആയിരുന്നിടത്തു നിന്നാണ് ഇത് കുതിച്ചുയര്‍ന്നത്. അതുപോലെ രോഗബാധിതരുടെ എണ്ണം 4,600-ല്‍ നിന്ന് 20,000-ത്തിലെത്തുകയും ചെയ്തു. അമേരിക്കയില്‍ നിന്ന് ഇന്ത്യയില്‍ തിരികെയെത്തിയ നിരവധി പേര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. കൊറോണ ബാധയുടെ അടിസ്ഥാനത്തില്‍ തന്റെ തെരഞ്ഞെടുപ്പ് ഭാവി അവതാളത്തിലായേക്കുമെന്ന തോന്നലില്‍ നിന്നാണ് ട്രംപ് ഇപ്പോള്‍ കൊറോണ വൈറസ് ബാധയെ 'ചൈനീസ് വൈറസ്' എന്നു വിശേഷിപ്പിക്കുന്നതെന്നും വിദഗ്ധര്‍ പറയുന്നു. ഏഷ്യന്‍ വംശജര്‍ക്കെതിരെ ഇപ്പോള്‍ തന്നെ നിലനില്‍ക്കുന്ന വംശീയവിദ്വേഷം വര്‍ധിപ്പിക്കാന്‍ ട്രംപിന്റെ നടപടികള്‍ കാരണമാകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. വംശീയ വിദ്വേഷം പടര്‍ത്തി, കൊറോണയെ നേരിടുന്നതില്‍ തന്റെ പരാജയം മറയ്ക്കാനുള്ള ശ്രമമാണ് ട്രംപ് നടത്തുന്നത് എന്ന ആരോപണവും വ്യാപകമാണ്.


Next Story

Related Stories