TopTop
Begin typing your search above and press return to search.

ഇംപീച്മെന്റ് അന്വേഷണം: ട്രംപിനെ ഞെട്ടിച്ച് യൂറോപ്യൻ യൂണിയന്‍ യുഎസ് അംബാസഡറായിരുന്ന ഗോർഡൻ സോണ്ട് ലാൻഡ്

ഇംപീച്മെന്റ് അന്വേഷണം: ട്രംപിനെ ഞെട്ടിച്ച് യൂറോപ്യൻ യൂണിയന്‍ യുഎസ് അംബാസഡറായിരുന്ന ഗോർഡൻ സോണ്ട് ലാൻഡ്

യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന് കനത്ത പ്രഹരമേൽപ്പിച്ചുകൊണ്ട് മറ്റൊരു സാക്ഷിമൊഴി കൂടി പുറത്തുവന്നു. 'ഞങ്ങള്‍ പ്രസിഡന്‍റിന്‍റെ ഉത്തരവുകള്‍ നടപ്പാക്കുക മാത്രമാണ്' ചെയ്തതെന്ന് യൂറോപ്യൻ യൂണിയനിലെ യുഎസ് അംബാസഡറായിരുന്ന ഗോർഡൻ സോണ്ട്ലാൻഡ് പറഞ്ഞു. അതോടെ ട്രംപിനെതിരെ ഇംപീച്മെന്റ് നീക്കങ്ങള്‍ കൂടുതല്‍ ശക്തമായി. വൈറ്റ് ഹൌസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്ന വിധത്തില്‍ കൃത്യമായ തെളിവുകളുടെ പിന്‍ബലത്തിലാണ് സോണ്ട്ലാൻഡ് സംസാരിച്ചത്. അദ്ദേഹത്തിന്‍റെ മൊഴി വൈറ്റ്ഹൌസിനെ അമ്പരപ്പിച്ചിരിക്കുകയാണ്. ദശലക്ഷക്കണക്കിന് പ്രേക്ഷകര്‍ ടെലിവിഷനിലൂടെ ലൈവായി കണ്ടുകൊണ്ടിരിക്കെയാണ് ട്രംപിനെതിരായ ജനപ്രതിനിധിസഭയുടെ ഇംപീച്ച്‌മെന്റ് അന്വേഷണത്തിനു മുന്നില്‍ ഹാജരായ ഗോർഡൻ സോണ്ട്ലാൻഡ് നിര്‍ണ്ണായകമായ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ട്രംപിന്റെ അജണ്ട നടപ്പിലാക്കുന്നതിനായി എങ്ങനെയാണ് അദ്ദേഹത്തിന്റെ പേഴ്‌സണൽ അറ്റോർണി റൂഡി ജിയൂലിയാനിയും പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഉക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലിന്‍സ്‌കിയും ചര്‍ച്ച നടത്തിയത് എന്ന് അദ്ദേഹം വിശദീകരിച്ചു. 'ഇത്രയും സങ്കീര്‍ണ്ണമായ ഒരു വിഷയത്തിന്‍റെ ചുരുളഴിക്കാന്‍ വളരെ ലളിതമായ ഒരു ചോദ്യത്തിലൂടെ നിങ്ങള്‍ ശ്രമിക്കുന്നത് ഞാന്‍ മനസ്സിലാക്കുന്നു. ട്രംപിന്‍റെ സ്വകാര്യ നേട്ടത്തിനായി യു.എസ് പ്രഖ്യാപിച്ച സൈനിക സഹായം തടഞ്ഞുവെച്ചിരുന്നു. വൈറ്റ്ഹൌസില്‍നിന്നും ലഭിച്ച കോളുകളുടെയും അവിടെ നടന്ന മീറ്റിംഗുകളുടെയും അടിസ്ഥാനത്തിലാണ് ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്തത്' എന്ന് കൃത്യമായി പറയുകയായിരുന്നു സോണ്ട്ലാൻഡ്.

ഉക്രേനിയൻ ഊർജ്ജ കമ്പനിയായ ബുറിസ്മ ഹോൾഡിംഗ്സിനെക്കുറിച്ചുള്ള അന്വേഷണവും ട്രമ്പിന്റെ പ്രധാന എതിരാളിയായ ജോ ബൈഡനും തമ്മിൽ ബന്ധമുണ്ടെന്ന് തനിക്കറിയില്ലായിരുന്നുവെന്ന് ഉക്രേനിലെ യു.എസിന്റെ പ്രത്യേക പ്രതിനിധിയായിരുന്ന കുർട്ട് വോൾക്കർ കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. എതിരാളിയായ ജോ ബൈഡനെതിരെ വ്യാജ കേസുണ്ടാക്കാന്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തിയെന്നുള്ള നിര്‍ണ്ണായക മൊഴി യു.എസ് നയതന്ത്ര ഉദ്യോഗസ്ഥനായ ബില്‍ ടെയ്ലറും നല്‍കിയിരുന്നു. സോണ്ട്ലാൻഡിന്‍റെ മൊഴിയും എതിരായതോടെ കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ് ട്രംപ്. 2020-ൽ നടക്കാൻ പോകുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പ്രധാന എതിരാളിയാവാൻ സാധ്യതയുള്ള ഡെമോക്രാറ്റ് പാർട്ടിയിലെ ജോ ബൈഡനും അദ്ദേഹത്തിന്റെ മകൻ ഹണ്ടറിനുമെതിരേ കേസെടുക്കാൻ ഉക്രൈൻ പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്കിയോട് ആവശ്യപ്പെട്ടുവെന്ന ആരോപണത്തിലാണ് ട്രംപ് ഇംപീച്ച്മെന്റ് നടപടി നേരിടുന്നത്.


Next Story

Related Stories