TopTop
Begin typing your search above and press return to search.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായിരുന്നില്ലെന്ന് പറഞ്ഞാല്‍ ജൂലിയന്‍ അസാഞ്ചെയ്ക്ക് മാപ്പ് നല്‍കാമെന്ന് ട്രംപ് പറഞ്ഞെന്ന് വെളിപ്പെടുത്തല്‍

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായിരുന്നില്ലെന്ന് പറഞ്ഞാല്‍ ജൂലിയന്‍ അസാഞ്ചെയ്ക്ക് മാപ്പ് നല്‍കാമെന്ന് ട്രംപ് പറഞ്ഞെന്ന് വെളിപ്പെടുത്തല്‍

കഴിഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായെന്ന വിവാദത്തില്‍ പുതിയ വെളിപ്പെടുത്തല്‍. ഡെമോക്രാറ്റുകളുടെ ഇ മെയില്‍ ചോര്‍ത്തിയ സംഭവത്തില്‍ റഷ്യയുടെ ഇടപെടലുണ്ടായില്ലെന്ന് വെളിപ്പെടുത്താന്‍ വിക്കിലിക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെയുടെ മേല്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് ആരോപണം. റഷ്യന്‍ ഇടപെടലുണ്ടായിട്ടില്ലെന്ന് പറഞ്ഞാല്‍ മാപ്പ് നല്‍കാമെന്ന് ട്രംപിന് വേണ്ടി അമേരിക്കന്‍ കോണ്‍ഗ്രസിലെ മുന്‍ അംഗം നിര്‍ദ്ദേശിച്ചെന്നാണ് വെളിപ്പെടുത്തല്‍. അസാഞ്ചെയെ അമേരിക്കയ്ക്ക് കൈമാറുന്നതിനെതിരെ കോടതിയെ സമീപിച്ചപ്പോഴാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ആരോപണം വൈ്റ്റ് ഹൗസും കോണ്‍ഗ്രസ് മുന്‍ അംഗവും നിഷേധിച്ചു.

2017 ഓഗസ്റ്റില്‍ ലണ്ടന്‍ സന്ദര്‍ശന വേളയിലാണ് അമേരിക്കന്‍ പ്രസിഡന്റിന് വേണ്ടി അമേരിക്കന്‍ കോണ്‍ഗ്രസിലെ മുന്‍ റിപ്പബ്ലിക്കന്‍ അംഗം ഡാന റോഹ്‌റബഷര്‍ ഈ വാഗ്ദാനം മുന്നോട്ടുവെച്ചതെന്നാണ് ജൂലിയന്‍ അസാഞ്ചെയുടെ അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞത്. ഡെമോക്രാറ്റുകളുടെ ഇ മെയില്‍ ചോര്‍ത്തിയ സംഭവത്തില്‍ റഷ്യയ്ക്ക് പങ്കില്ലെന്ന് പറയണമെന്നതായിരുന്നു ആവശ്യം. എന്നാല്‍ സ്വന്തം നിലയിലാണ് ഇത്തരമൊരു വാഗ്ദാനം മുന്നോട്ടുവെച്ചതെന്നും വൈറ്റ് ഹൗസിന് ഇക്കാര്യം അറിയില്ലെന്നും ഡാന റോഹ്‌റബഷര്‍ പറഞ്ഞു. ' ജൂലിയന്‍ അസാഞ്ചെയെക്കുറിച്ച് ഇതുവരെ പ്രസിഡന്റ് ട്രംപുമായി സംസാരിച്ചിട്ടില്ല. ജൂലിയന്‍ അസാഞ്ചെയെ കാണാന്‍ പ്രസിഡന്റ് ട്രംപോ മറ്റാറെങ്കിലുമോ നിര്‍ദ്ദേശിച്ചിട്ടുമില്ല' ഡാന റോഹ്‌റബഷര്‍ പറഞ്ഞു

എന്നാല്‍ അസാഞ്ചെയെ കണ്ട കാര്യം അദ്ദേഹം നിഷേധിച്ചില്ല. ഡെമോക്രാറ്റുകളുടെ ഇ മെയില്‍ ചോര്‍ച്ച സംബന്ധിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തിയാല്‍ മാപ്പ് നല്‍കണമെന്ന് പ്രസിഡന്റിനോട് അഭ്യര്‍ത്ഥിക്കാമെന്നാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രസിഡന്‌റിന് വേണ്ടി ഒരു വാഗ്ദാനവും മുന്നോട്ടുവെച്ചിട്ടില്ല. വൈറ്റ് ഹൗസും ആരോപണം നിഷേധിച്ചു. പ്രസിഡന്റ് ട്രംപിന് ഡാന റോഹ്‌റബഷരെ അറിയുക പോലുമില്ലെന്നായിരുന്നു വൈറ്റ് ഹൗസ് വക്താവ് സ്‌റ്റെഫാനി ഗ്രിഷം പറഞ്ഞു. ഒരു വിഷയത്തെക്കുറിച്ചും പ്രസിഡന്റ് അദ്ദേഹവുമായി സംസാരിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. ഫോക്‌സ് ടിവിയിലെ ചര്‍ച്ചയില്‍ തനിക്ക് വേണ്ടി ഡാന റോഹ്‌റബഷര്‍ വാദിക്കുന്നത് കണ്ട ട്രംപ് അദ്ദേഹത്തെ 2017 ല്‍ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചിരുന്നു. ഡാന റോഹ്‌റബഷര്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ ഡാന റോഹ്‌റബഷര്‍ 2017ല്‍ ചീഫ് ഓഫ് സ്റ്റാഫിനെ കണ്ടതായി അദ്ദേഹം പറഞ്ഞു. . അസാഞ്ചെയുമായി ധാരണയിലെത്തുന്നതിനെക്കുറിച്ചായിരുന്നു അദ്ദേഹം ജോണ്‍ കെല്ലെയുമായി സംസാരിച്ചത്. എന്നാല്‍ ഈ സന്ദേശം കെല്ലെ ട്രംപിനെ അറിയിച്ചിരുന്നില്ല,. ഇപ്പോഴും ജൂലിയന്‍ അസാഞ്ചെയക്ക് മാപ്പ് നല്‍കണമെന്നതാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

2018 വരെ കോണ്‍ഗ്രസില്‍ അംഗമായിരുന്ന കാലത്തെല്ലാം ഡാന റോഹ്‌റബഷര്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുവേണ്ടി രംഗത്തെത്തിയിരുന്നു. പുടിനുമായി അടുത്ത ബന്ധം ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. 18 കേസുകളിലാണ് അമേരിക്ക ജൂലിയന്‍ അസാഞ്ചെയെ വിട്ടുകിട്ടാന്‍ ആവശ്യപ്പെടുന്നത്. ഈ ആരോപണങ്ങളില്‍ ശിക്ഷിക്കപ്പെട്ടാല്‍ അദ്ദേഹത്തിന് 175 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇപ്പോള്‍ ബ്രിട്ടനിലെ ബെല്‍മാര്‍ഷിലെ ജയിലിലാണ് അസാഞ്ചെ.


Next Story

Related Stories