TopTop
Begin typing your search above and press return to search.

INVESTIGATION | ട്രംപിന്റെ ടര്‍ക്കിഷ് 'പ്രണയബന്ധം'; കോടിക്കണക്കിനു ഡോളര്‍ വരുന്ന ലോബിയിംഗ് കരാറുകള്‍ക്ക് പിന്നിലെ തട്ടിപ്പുകാരുടെ കഥകള്‍

INVESTIGATION | ട്രംപിന്റെ ടര്‍ക്കിഷ് പ്രണയബന്ധം; കോടിക്കണക്കിനു ഡോളര്‍ വരുന്ന ലോബിയിംഗ് കരാറുകള്‍ക്ക് പിന്നിലെ തട്ടിപ്പുകാരുടെ കഥകള്‍


ഡൊണാൾഡ് ട്രംപിന്റെ സ്ഥാനാരോഹണത്തിന് തൊട്ടുമുമ്പത്തെ ദിവസമായിരുന്നു അത്. വാഷിങ്ടണിലെ വാട്ടർഗേറ്റ് ഹോട്ടലിലെ ഒരു മധ്യഹ്നഭക്ഷണത്തിനിടയിൽ ഒരു വിദേശസർക്കാർ യുഎസ് ഭരണകൂടത്തിലേക്ക് കടന്നുകയറാൻ ശ്രമം നടത്തുകയായിരുന്നു.

തുർക്കിയുടെ വിദേശകാര്യമന്ത്രി മേവ്‍ലുത് ചാവുഷോഗ്ലുവും ബ്രിയാൻ ബല്ലാർഡും തങ്ങളുടെ ബിസിനസ്സുറപ്പിക്കാൻ അന്നാദ്യമായി കാണുകയായിരുന്നു. ട്രംപിന്റെ സ്ഥാനാരോഹണ കമ്മിറ്റിയുടെ വൈസ് ചെയർമാനായി പ്രവർത്തിക്കുകയായിരുന്നു ബല്ലാർഡ്. യുഎസ്സിലെ ശക്തരായ ലോബിയിസ്റ്റുകളിലൊരാൾ.

അക്കൂട്ടത്തിൽ അന്നുണ്ടായിരുന്ന മറ്റ് രണ്ടുപേരാണ് ആ കൂടിക്കാഴ്ച സംഘടിപ്പിച്ചത്. ഫ്ലോറിഡയിലെ ബിസിനസ്സുകാരനായ ലെവ് പാർനസായിരുന്നു അവരിലൊരാൾ. ഫ്ലോറിഡയിൽ നിന്നുള്ള ഈ ബിസിനസ്സുകാരന്റെ ഉക്രൈനിലെ പിന്നണിപ്രവർത്തനങ്ങളാണ്, പിന്നീട് മൂന്നുവർഷത്തിനു ശേഷം ഡൊണാൾഡ് ട്രംപിനെ ഇംപീച്ച്മെന്റിലേക്ക് എത്തിക്കുക. ഒരു തുർക്കിഷ്-അസർബൈജാനി ഷിപ്പിങ് മാഗ്നറ്റ്. ഇപ്പോൾ തുര്‍ക്കിയിൽ ഭീകരവാദ കുറ്റാരോപണങ്ങളിൽ വിചാരണ നേരിടുന്നു.

2017 ജനുവരി 19നാണ് ഇവരുടെ രഹസ്യമായ യോഗം നടന്നത്. ട്രംപ് ഭരണകൂടവും തുർക്കി പ്രസിഡണ്ട് റിസിപ് തയ്യിപ് എർദോഗനും തമ്മിലുള്ള അടുത്ത ബന്ധത്തിന് അടിത്തറയിടുന്നതിൽ ഈ യോഗം നിർണായക പങ്ക് വഹിച്ചു. ട്രംപ് ഭരണകൂടത്തിന്റെ ഏറ്റവും വിജയകരമായ വിദേശ ലോബിയിങ് പദ്ധതിയാണ് ഇതെന്ന് പറയാം. വിദേശസ്വാധീനം സംബന്ധിച്ച ആരോപണങ്ങളുടെ ചെളിയിൽ തുടക്കം മുതലേ കുടുങ്ങിയ ഒരു ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം ഒരു വലിയ നേട്ടം.

ദശലക്ഷക്കണക്കിനു ഡോളർ മതിക്കുന്ന രണ്ട് കരാറുകൾക്ക് വേണ്ടി തുര്‍ക്കിക്കും അതിന്റെ ഇസ്ലാമിസ്റ്റ് നേതാവ് എർദോഗനും വേണ്ടി യു എസില്‍ ലോബിയിങ്ങ് നടത്താന്‍ എന്ത് നൽകേണ്ടി വരുമെന്നതായിരുന്നു അന്നത്തെ അജണ്ട. ഇടനിലക്കാരനായ പാർനസിനെ സംബന്ധിച്ചിടത്തോളം അന്ന് നല്ലൊരു സംഖ്യ കൈമാറ്റം ചെയ്യപ്പെടുകയുമുണ്ടായി. എന്നാൽ വാട്ടർഗേറ്റ് യോഗത്തിൽ ലോബിയിങ് ചർച്ചയിൽ വന്നില്ലെന്നാണ് ബല്ലാർഡ് പാർട്ണേഴ്സ് പിന്നീട് ചോദ്യത്തിന് മറുപടിയായി ഒരു പ്രസ്താവനയിൽ പറഞ്ഞത്.

"അവിടെ ഒരുപാട് അംഗരക്ഷകരുണ്ടായിരുന്നു, തുർക്കിക്കാരായ അംഗരക്ഷകർ," പാർനസ് പിന്നീട് ഒരു അഭിമുഖത്തിൽ ഓർത്തെടുത്തു. "ഒരു ചെറിയ റസ്റ്ററന്റായിരുന്നു അത്. ഞങ്ങൾ അകത്തു കയറി. അവിടെ ചാവുഷോഗ്ലു ഇരിപ്പുണ്ടായിരുന്നു. ഒന്നുരണ്ട് തുർക്കിക്കാരായ മറ്റ് പ്രമുഖരോടൊപ്പമായിരുന്നു അദ്ദേഹം."

"ട്രംപിന്റെ നമ്പർ വൺ അടുപ്പക്കാരൻ എന്നാണ് ബ്രിയാൻ ബല്ലാർഡിനെ മുബാരിസ് പരിചയപ്പെടുത്തിയത്." ട്രംപിന്റെ ഫ്ലോറിഡയിലെ ഏറ്റവും വലിയ ഫണ്ട് ശേഖരണക്കാരിലൊരാളാണ് ബല്ലാർഡ്. "ട്രംപിന്റെ വാഷിങ്ടണിലെ ഏറ്റവും വലിയ ലോബീയിസ്റ്റ്" എന്നാണ് പൊളിറ്റിക്കോ ന്യൂസ് പോര്‍ട്ടല്‍ വിശേഷിപ്പിച്ചത്.

ഇങ്ങനെ സ്ഥാപിക്കപ്പെട്ട ഊഷ്മളമായ ബന്ധം പിന്നീട് ട്രംപിന്റെ ഉപദേശകരെ സംഭ്രമിപ്പിച്ച പല തീരുമാനങ്ങളുടെയും അടിത്തറയായി മാറി. അമേരിക്കയുടെ താൽപര്യങ്ങൾക്കു മുകളിൽ എർദോഗന്റെ താൽപര്യങ്ങൾ പ്രവർത്തിക്കുന്ന വിധത്തിലുള്ള തീരുമാനങ്ങൾ ട്രംപിന്റെ ഉദ്യോഗസ്ഥരും പ്രസിഡണ്ട് തന്നെയും എടുക്കുന്നത് കണ്ട് ഉപദേശകർ അന്തംവിട്ടു.

മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ ഈയിടെ എഴുതിയ സ്മരണകളിൽ, ട്രംപും എർദോഗനും തമ്മിലുള്ള ബന്ധത്തെ ആണുങ്ങള്‍ തമ്മിലുള്ള ഒരുതരം പ്രണയബന്ധമെന്ന അര്‍ത്ഥത്തില്‍ "ബ്രൊമാന്‍സ്" (bromance) എന്നാണ് വിശേഷിപ്പിച്ചത്.

എന്നാൽ ഈ ബ്രൊമാന്‍സിനു പിന്നിൽ ഒരു ആഴമേറിയ കഥയുണ്ട്. റഷ്യയുമായി ബന്ധമുള്ള പ്രഭുക്കന്മാരും തട്ടിപ്പുകാരെന്ന് ആരോപണവിധേയരായവരും ട്രംപിന്റെ ഉക്രൈൻ ഇംപീച്ച്മെന്റ് അപവാദക്കേസിലെ മുഖ്യ കളിക്കാരും ഉള്‍പ്പെട്ട ഒന്ന്. ഒസിസിആർപിയുടെയും കോർട്ട്ഹൌസ് ന്യൂസ് സർവീസിന്റെയും എൻബിസി ന്യൂസിന്റെയും അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങളാണിവ.

തുർക്കി തങ്ങളുടെ ഒട്ടുമിക്ക ബന്ധങ്ങളും നിർമിച്ചെടുത്തത് ബിസിനസ്സുകാരുമായും പ്രഭുക്കന്മാരുമായുമുള്ള അന്തർദ്ദേശീയ ബന്ധങ്ങൾ വഴിയാണെന്ന് നിരവധി റിപ്പോർട്ടുകൾ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. ഇവരിലധികം പേരും മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളുമായി ബന്ധമുള്ളവരാണ്. ഇവരിൽ ഏതാണ്ടെല്ലാപേരും ഇപ്പോൾ ജയിലിലാകുകയോ ഗൌരവകരമായ ക്രിമിനൽ കുറ്റാരോപണങ്ങളെ നേരിടുകയോ ആണ്.

ബല്ലാർഡുമായുള്ള ലോബീയിങ് കരാർ സ്ഥാപിക്കപ്പെട്ടത് പാർനസിന്റെയും, ഷിപ്പിങ് ഭീമനായ മാൻസിമോവിന്റെയും സഹായത്താലാണ്. ഇതേ കരാറിൽ ഫർഖാത് അഖ്മദോവിന്റെ സഹായവുമുണ്ടായി. ഈ റഷ്യൻ പ്രഭു പ്രസിഡണ്ട് വ്ലാദ്മിർ പുടിനുമായി അടുത്ത ബന്ധമുള്ളയാളാണെന്ന് യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റ് പട്ടികപ്പെടുത്തിയിട്ടുണ്ട്. മാൻസിമോവിനെയും അഖ്മദോവിനെയും അവരുടെ പ്രതികരണമാരായാൻ ഞങ്ങൾ ബന്ധപ്പെട്ടുവെങ്കിലും അവരതിനോട് പ്രതികരിക്കുകയുണ്ടായില്ല.

ബല്ലാർഡുമായുള്ള കരാർ പ്രതിമാസം 125,000 ഡോളറിന്റേതായിരുന്നു. യുഎസ്സിൽ വഞ്ചനാക്കുറ്റങ്ങൾക്കും കള്ളപ്പണം വെളുപ്പിക്കലിനും ഉപരോധ ലംഘനത്തിനും പ്രൊസിക്യൂട്ട് ചെയ്യപ്പെടുന്ന തുർക്കി ബാങ്കായ ഹാക്ക്ബാങ്കിനെ പ്രതിനിധീകരിച്ച് ലോബീയിങ്ങിലേർപ്പെടാനാണ് ബല്ലാർഡിന്റെ സ്ഥാപനം ഈ പ്രതിഫലം വാങ്ങിക്കാൻ കരാറിലെത്തിയത്. ട്രംപ് ഹാക്ക്ബാങ്ക് കേസ് നിർവീര്യമാക്കാൻ ശ്രമിച്ചെന്ന് റിപ്പോർട്ടുകളുണ്ട്.

പാർനസ് ഈ ഉടമ്പടിയുറപ്പിക്കാൻ 45,000 ഡോളർ നൽകി. ഈ പണം ബല്ലാർഡ് രഹസ്യമായി കൈമാറിയതാണെന്നാണ് പാർനസ് ഇപ്പോൾ പറയുന്നത്. എന്നാൽ ബല്ലാർഡ് പാർട്ണേഴ്സ് ഇത് നിഷേധിക്കുന്നു.

തുർക്കിയുടെ സ്വാധീനത്തിന്റെ ഒരു വലിയ ശൃംഖലയുടെ ഭാഗമായിരുന്നു ബല്ലാർഡ് കരാറുകൾ. ബല്ലാർഡും തുർക്കിയും തമ്മിലുള്ള കരാർ മറ്റൊരു ലോബീയിങ് വിവാദങ്ങൾക്കിടയിൽ മൂടിപ്പോയി. തുർക്കിയിലെ ബിസിനസ്സുകാരും മന്ത്രിമാരും ട്രംപിന്റെ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ ജനറൽ മൈക്ക് ഫ്ലിന്നിനെ ലോബീയിസ്റ്റായി ഡീൽ ഉറപ്പിച്ചെന്നതായിരുന്നു ആ വിവാദം. തികച്ചും നിയമവിരുദ്ധമായ രീതിയിലായിരുന്നു ഈ ഇടപാട്. ട്രംപിന്റെ മറ്റൊരു ഉപദേശകനുമായി 10 ദശലക്ഷം ഡോളറിന്റെ സ്വാധീന പരിപാടിക്കുള്ള ഉടമ്പടിയെക്കുറിച്ചുള്ള ചർച്ച ഇവർ നടത്തിയെന്ന ആരോപണവും ഇതേ ഘട്ടത്തിലുണ്ടായി.

ഷിപ്പിങ് ഭീമന്മാരായ മാൻസിമോവും ഫ്ലിന്നുമായി കൂടിക്കാഴ്ച നടത്തിയ ഒരു ബിസിനസ്സുകാരനും, ഇതേ സമയത്ത് യുഎസ്സിലെ മോർമോൺ വിഭാഗത്തിലെ അംഗങ്ങളുമായി 511 ദശലക്ഷം ഡോളറിന്റെ തട്ടിപ്പ് പദ്ധതിയിൽ ഏർപ്പെട്ടതിന്റെ പേരിൽ കുറ്റം ചാർത്തപ്പെട്ട അർമേനിയൻ-അമേരിക്കൻ ക്രിമിനല്‍ സംഘ തലവനുമായി ഒരു പങ്കാളിത്ത ബിസിനസ്സിലുണ്ടായിരുന്നു. ഈ തട്ടിപ്പുകാരെല്ലാം എർദ്വാനുമായി നേരിട്ട് ബന്ധമുള്ളവരാണെന്നും തുർക്കി സർക്കാരിനെ സംരക്ഷിക്കുന്നതിനായി എത്തിച്ചവരാണെന്നും ഐആർഎസ്സിലെ ഒരു ഫെഡറൽ ഏജന്റ് കോടതിയിൽ ആരോപിക്കുകയുണ്ടായി.

യുഎസ്സിലെ തുർക്കി അംബാസ്സഡർ സെർദർ കിലിക് വിശദമായ ചോദ്യം ചെയ്യലിനോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: "യുഎസ്സിലെ ലോബീയിങ് സ്ഥാപനങ്ങളുമായി തുർക്കിയുടെ ഇടപാടുകളെല്ലാം എല്ലായ്പ്പോഴും യുഎസ്സിന്റെ നിയമങ്ങളനുസരിച്ചുള്ളവയായിരുന്നു."

പർനസ് പറയുന്നത് പ്രകാരം ഷിപ്പിങ് ഭീമനായ മാൻസിമോവുമായി താൻ ബന്ധപ്പെടുന്നത് ഫ്ലോറിഡയിലെ ഇഗോർ ഫ്രൂമാൻ എന്ന ബെലറൂസിയക്കാരനായ ബിസിനസ്സുകാരൻ വഴിയാണ്. ഇദ്ദേഹം ജിയൂലിയാനിയുടെ ഉക്രൈനിലെ രഹസ്യ ദൌത്യങ്ങളിൽ സഹായിച്ചയാളാണ്. 2016 ഡിസംബർ 5നാണ് പർനാസ് ഫ്രൂമാനുമായി കാണുന്നത്. ഉക്രൈൻ തലസ്ഥാനമായ കീവിൽ ഫ്രൂമാൻ നടത്തുന്ന ബുദ്ധ ബാർ എന്ന ഏഷ്യന്‍ തീം നൈറ്റ് ക്ലബ്ബിൽ വെച്ചായിരുന്നു അത്.

സോവിയറ്റ് കാലത്തെ ഉക്രൈനിൽ ജനിച്ച്, ബ്രൂക്ലിനിൽ വളർന്ന പർനസ് അക്കാലത്ത് അധികം അറിയപ്പെടാത്ത ഒരു ബിസിനസ്സുകാരനായിരുന്നു. നിരവധി സംരംഭങ്ങൾ പൊളിയുകയും കടങ്ങളിൽ കുടുങ്ങിക്കിടക്കുകയുമായിരുന്നു അദ്ദേഹം. 2016ലെ പ്രചാരണ കാലയളവിൽ ട്രംപിനു വേണ്ടിയുള്ള പ്രചാരണങ്ങൾക്കായി ആവശ്യത്തിന് ഫണ്ട് കണ്ടെത്താൻ പാർനസിനായി. അങ്ങനെ ട്രംപിന്റെ പ്രധാന സംഭാവനാ ദാതാവായി മാറി. നവംബറിൽ ട്രംപ് വിജയിച്ചതോടെ വൈറ്റ് ഹൌസിലേക്കുള്ള തന്റെ വഴി തെളിഞ്ഞതായി പർനാസ് കണ്ടു.

ബുദ്ധ ബാറിൽ വെച്ച് മാൻസിമോവുമായി നടത്തിയ സംഭാഷണത്തിനു പിന്നാലെ ട്രംപിന്റെ സാമ്രാജ്യത്തിലെ സ്വാധീനമുള്ള അധികാര ദല്ലാളായ ബല്ലാർഡുമായി തനിക്ക് ബന്ധം സ്ഥാപിക്കാനായെന്ന് പർനാസ് പറയുന്നു. അതേ വർഷം ഒക്ടോബറിൽ ട്രംപിന്റെ വിഐപി സംഭാവനദാതാക്കൾക്കായി സൌത്ത് ഫ്ലോറിഡയിൽ വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ വെച്ച് വീണ്ടും ഇരുവരും കണ്ടുമുട്ടുകയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. മാന്‍സിമോവിന് ഒരു തുടക്കം ആവശ്യമായിരുന്നു.


ഫ്രുമാന്‍, മന്‍സിമോവ്, ടര്‍ക്കിഷ് ബിസിനസുകാരന്‍ ഫിക്രറ്റ് ഓര്‍മന്‍, പര്‍നസ് കിവിലെ ബുദ്ധ ബാര്‍ നൈറ്റ് ക്ലബ്ബില്‍

കീവിൽ ബുദ്ധ ബാറിൽ വെച്ച് നടന്ന കൂടിക്കാഴ്ചയുടെ ഫോട്ടോഗ്രാഫിൽ എല്ലാവരും കൈകോർത്ത് പിടിച്ച് ആരവങ്ങളോടെ നിൽക്കുന്നത് കാണാം. മാൻസിമോവ് തുർക്കിയിലെ തീവ്രവലതുപക്ഷ ഗ്രൂപ്പായ ഗ്രേ വൂൾവ്സിന്റെ ചിഹ്നം വിരലുകൾ കൊണ്ട് കാണിക്കുന്നതായും കാണാവുന്നതാണ്. പർനാസ് പറയുന്നതു പ്രകാരം മാൻസിമോവ് തനിക്ക് എർദോഗനുമായുള്ള വ്യക്തിബന്ധത്തെ വിദഗ്ധമായി വിൽക്കുകയായിരുന്നു. എർദോഗൻ കുടുംബത്തിന് അദ്ദേഹം നൽകിയ 25 ദശലക്ഷം ഡോളറിന്റെ എണ്ണ ടാങ്കർ അടക്കമുള്ളവ ഇത്തരം ഉദ്യമങ്ങളുടെ ഭാഗമായിരുന്നു.
"എർദോഗനുമായി തനിക്ക് വളരെയടുത്ത ബന്ധമാണെന്ന് അദ്ദേഹം എപ്പോഴും പൊങ്ങച്ചം പറയുമായിരുന്നു," പർനസ് പറയുന്നു.

എർദോഗനും അദ്ദേഹത്തിന്റെ ചിലയാളുകളും തന്റെ സ്വകാര്യ വിമാനം ഉപയോഗിക്കാറുണ്ടെന്നും പോലും മാൻസിമോവ് തന്നോട് പറഞ്ഞിരുന്നു.

മാൻസിമോവ് ഇപ്പോൾ തുർക്കിയിൽ ജയിലിലാണ്. എർദോഗൻ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നതാണ് കുറ്റം. യുഎസ്സിൽ ഒളിവില്‍ താമസിക്കുന്ന തുർക്കിക്കാരനായ പുരോഹിതൻ ഫെത്തുല്ലാ ഗുലെനുമൊത്താണ് 2016ലെ അട്ടിമറിശ്രമം ഉണ്ടായതെന്നാണ് ആരോപണം.

പക്ഷെ ആ ശൈത്യ രാത്രിയില്‍ കീവിലെ ബാറിൽ കൂടിക്കാഴ്ച നടക്കുമ്പോൾ മാൻസിമോവ് ഉയർന്ന സ്വാധീനശക്തിയുള്ളയാളായിരുന്നു. അദ്ദേഹത്തിന്റെ കമ്പനിയായ പാൽമാലി കരിങ്കടലിലെമ്പാടും എണ്ണക്കടത്തില്‍ പ്രധാനിയായിരുന്നു. തുർക്കി, റഷ്യ എന്നിവിടങ്ങളിലും തന്റെ സ്വന്തം ദേശമായ അസർബൈജാനിലും അയാള്‍ക്ക് ഉന്നതങ്ങളിൽ ബന്ധങ്ങളുണ്ടായിരുന്നു.

ബല്ലാർഡിനൊപ്പം എടുത്തതുപോലെ മാൻസിമോവുമൊത്തും അന്ന് പർനസ് ഫോട്ടോയെടുത്തിരുന്നു. അവരുടെ അടുത്ത കൂടിക്കാഴ്ച വാഷിങ്ടൺ ഡിസിയിലായിരുന്നു.

യുഎസ് തലസ്ഥാനത്തേക്ക് മാൻസിമോവുമൊത്ത് പോകവെ തങ്ങൾക്ക് നഗരത്തിലെ വിഐപി സ്ഥാനാരോഹണ പരിപാടികളിൽ പങ്കെടുക്കാൻ ക്ഷണം ലഭിക്കണമെന്ന് ബല്ലാർഡിനോട് പർനസ് ആവശ്യപ്പെട്ടു. ബല്ലാർഡ് പർനസിനും മാൻസിമോവിനും രണ്ട് ടിക്കറ്റ് സൌജന്യമായി നൽകി.

"ബ്രിയാന്‍ ബെല്ലാര്‍ഡ് ആണ് ഇത് സാധിപ്പിച്ച് തന്നത്. അയാള്‍ ഒരു ഗംഭീര കക്ഷിയാണ്." പര്‍നസ് പറഞ്ഞു.

എന്നാൽ ബല്ലാർഡ് പാർട്ണേഴ്സ് അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്നാണ് പറയുന്നത്. പാർനസിന് ഉദ്ഘാടന ടിക്കറ്റുകൾ സ്വന്തമാക്കാൻ സഹായിച്ചിട്ടില്ല.

കുറഞ്ഞത് രണ്ട് വിഐപി പരിപാടികളിലെങ്കിലും മാൻസിമോ പങ്കെടുത്തെന്ന് അദ്ദേഹവും അദ്ദേഹത്തിന്റെ സ്ഥാപനമായ പാൽമാലിയും പുറത്തുവിട്ട ഫോട്ടോഗ്രാഫുകൾ വ്യക്തമാക്കുന്നു. ഇവയിലൊന്നിൽ പര്‍നസിനൊപ്പം നില്‍ക്കുന്ന മന്‍സിമോവിനെ കാണാം. മറ്റൊന്നില്‍ ട്രംപിന്റെ തൊട്ടുമുമ്പിൽ മാൻസിമോ നിൽക്കുന്നതായും കാണാം.


മന്‍സിമോവ്, പര്‍നസ് എന്നിവര്‍ ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങില്‍

ട്രംപിന്റെ സ്ഥാനാരോഹണം കഴിഞ്ഞ് രണ്ടുദിവസം പിന്നിട്ടപ്പോൾ, ലോകത്തിലെ രണ്ടാമത്തെ വലിയ ആഡംബരയാനം ല്യൂണ, മിയാമിയുടെ തീരത്ത് നങ്കൂരമിട്ടു. റഷ്യൻ പ്രഭു അഖ്മെദോവിന്റെയാണ് ഈ യാനം.
മാൻസിമോവിനെപ്പോലെ അഖ്മദോവും അസർബൈജാനിലാണ് ജനിച്ചത്. റഷ്യയിൽ വളർന്ന അദ്ദേഹം പ്രസിഡണ്ട് വ്ലാദ്മിർ പുടിന്റെ അധികാരവലയത്തിനകത്തെ ഒരു പ്രധാന ബിസിനസ്സുകാരനായി മാറി.

ഈ യാനം മിയാമിയിലെ മ്യൂസിയം പാര്‍ക്കില്‍ മാസങ്ങളോളം കിടക്കുമ്പോള്‍ രാജ്യത്ത് പലയിടങ്ങളിലായി അഖ്മദോവ് സഞ്ചരിച്ചു കൊണ്ടിരിക്കുകയായിരുന്നു.

തുർക്കിയും റഷ്യയും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ രണ്ടുതവണയെങ്കിലും താൻ ഇടപെട്ടിരുന്നതായി അഖ്മദോവ് പരസ്യമായി അവകാശപ്പെട്ടു. 2016ൽ റഷ്യൻ ഔദ്യോഗിക മാധ്യമമായ സ്പുട്നിക്കിന് നൽകിയ ഒരു അഭിമുഖത്തിൽ തുർക്കി വിദേശകാര്യ മന്ത്രി ചാവുഷോലു ഒരു വിലയേറിയ നയതന്ത്രജ്ഞനായാണ് അഖ്മദോവിനെ വിശേഷിപ്പിച്ചത്. പുടിനുമായി ഏറ്റവുമടുത്ത് ബന്ധപ്പെട്ട് പ്രവർത്തിക്കുകയും പുടിനെ നന്നായി അറിയുകയും ചെയ്യുന്നയാളെന്ന നിലയിലാണ് ചാവുഷോലു അഖ്മദോവിനെ വിവരിച്ചത്.

ഫ്ലോറിഡയിൽ എത്തിയതിനു ശേഷം യുഎസ്സും തുർക്കിയുമായുള്ള ബന്ധത്തിൽ ഇടനിലക്കാരന്റെ റോൾ ഏറ്റെടുത്തു.

അഖ്മദോവിനൊപ്പം അദ്ദേഹത്തിന്റെ ആഡംബരയാനത്തിൽ പർനസും ചെന്നുകേറി. 500 ദശലക്ഷം ഡോളറിന്റെ യാനത്തിൽ പാർക്കുന്ന പ്രഭുവിനെ ആഹ്ലാദിപ്പിക്കുകയെന്ന മാൻസിമോവിന്റെ ആവശ്യപ്രകാരം എത്തിയതായിരുന്നു പർനസ്.

"അതത്ര മോശം യാനമായിരുന്നില്ല," ഒരു ചിരിയോടെ പർനസ് പറയുന്നു. "385 അടി നീളമുള്ള ബോട്ടാണ്. 70 പേർ സ്റ്റാഫായിട്ടുണ്ട്. നാല് ഷെഫുകൾ. എന്തൊക്കെയാണോ വേണ്ടത് അതൊക്കെ അകത്തുണ്ട്."

ബല്ലാർഡുമായി ഒരു പുതിയ ബന്ധം സ്ഥാപിക്കുന്നതിൽ ഉയർന്ന പ്രതീക്ഷകൾ അഖ്മദോവിനുണ്ടായിരുന്നു. പർനസ് പറയുന്നത് പ്രകാരം അദ്ദേഹവും ബല്ലാർഡുമാണ് പിന്നീട് അഖ്മദോവിനെ സ്റ്റീവ് വിന്നിന് പരിചയപ്പെടുത്തിയത്. ചൂതാട്ട ലോകത്തെ ശതകോടീശ്വരനും റിപ്പബ്ലിക്കൻ പാർട്ടിയുടെ വൻ ഫണ്ട് ദാതാവുമായ സ്റ്റീവ് വിന്നുമായുള്ള ബന്ധം ബല്ലാർഡ് പാർട്ണേഴ്സ് പക്ഷെ, നിഷേധിക്കുന്നുണ്ട്.

സ്റ്റീവ് വിന്നുമായുള്ള കൂടിക്കാഴ്ച നടന്നത് റിപ്പബ്ലിക്കൻ നാഷണൽ കമ്മറ്റിയുടെ ഫണ്ട് രൂപീകരണ പരിപാടി ഫ്ലോറിഡയിലെ പാം ബീച്ചിൽ നടന്നപ്പോഴായിരുന്നെന്ന് പർനസ് പറയുന്നു. മാർച്ച് 4നായിരുന്നു അത്. റിപ്പോര്‍ട്ടര്‍മാരുടെ കൈവശമുള്ള ഫോട്ടോഗ്രാഫില്‍ ലെവ് പർനസും അഖ്മദോവും സ്റ്റീവ് വിന്നും ഒട്ടിപ്പിടിച്ചു നില്‍ക്കുന്നത് കാണാം. തൊട്ടുമുമ്പത്തെ ദിവസമാണ് ട്രംപ് സ്ഥലത്തുണ്ടായിരുന്നത്. അന്ന് അദ്ദേഹം സമ്പന്നരായവരിൽ നിന്ന് ഫണ്ടിനായി അഭ്യര്‍ത്ഥിച്ച് സംസാരിച്ചു. എന്നാൽ ഈ ഫോട്ടോ എടുത്തുവെന്നത് ശരിയായിരിക്കാമെങ്കിലും കൂടെ നിൽക്കുന്ന പർനസിനെയും അഖ്മദോവിനെയും തന്റെ കക്ഷിക്ക് അറിയില്ലെന്നാണ് വിന്നിന്റെ വക്കീൽ റീഡ് വെയിന്‍ഗാര്‍ട്ടന്‍ പറയുന്നത്.


ലീവ് പര്‍നസ്, ഫര്‍ഖാദ് അക്മദോവ്, സ്റ്റീവ് വിന്‍ എന്നിവര്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പരിപാടിയില്‍
ദിവസങ്ങൾക്കു ശേഷം പർനസ് അഖ്മദോവുമൊത്ത് അദ്ദേഹത്തിന്റെ സ്വകാര്യ ജെറ്റിൽ വാഷിങ്ടൺ ഡിസിയിലേക്ക് പോയി. മാർച്ച് 8ന് നടന്ന ഈ യാത്ര ബല്ലാർഡുമായുള്ള കൂടിക്കാഴ്ചയ്ക്കായിരുന്നു.

വാഷിങ്ടണിലെ തെരുവിൽ എർദോഗന്റെ അംഗരക്ഷകർ പ്രതിഷേധക്കാരെ മർദ്ദിച്ച കുപ്രസിദ്ധമായ സംഭവത്തിനു കുറച്ചു ദിവസങ്ങൾക്കു മുമ്പ്, ബല്ലാർഡ് പാർട്ണേഴ്സ് തുർക്കിയുമായി ബന്ധപ്പെട്ട ലോബിയിങ് കരാറിൽ സർക്കാരുമായി ഒപ്പുവെച്ചു. 2017 മെയ് 11നായിരുന്നു അത്. രണ്ടാമത്തെ കരാർ ഹാക്ക്ബാങ്കുമായിട്ടായിരുന്നു. ഇത് ഓഗസ്റ്റ് മാസത്തിൽ ഒപ്പുവെച്ചു. രണ്ട് കരാറിലൂടെയും 40 ലക്ഷം ഡോളറാണ് ബല്ലാർഡിന്റെ കൈകളിലെത്തിയത്. (തുർക്കി സർക്കാരുമായി ഒപ്പുവെച്ച കരാർ 2018 നവംബർ 15ന് ബല്ലാർഡ് റദ്ദാക്കുകയുണ്ടായി. എർദോഗൻ സർക്കാരിന് ഇറാനിൽ നിന്ന് എണ്ണം വാങ്ങാനുള്ള ഉപരോധത്തിൽ ട്രംപ് ഭരണകൂടം ഇളവ് വരുത്തിയതിനു പിന്നാലെയായിരുന്നു ഇത്. ഹാക്ക്ബാങ്കുമായുള്ള ലോബിയിങ് കരാറും 2019 ഒക്ടോബറിൽ ബെല്ലാർഡ് റദ്ദാക്കി. യുഎസ് ഫെഡറൽ പ്രൊസിക്യൂട്ടർമാർ ബാങ്കിനെതിരെ കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെയായിരുന്നു ഇത്.)

അഖ്മദോവിനെ 2018 ജനുവരി മാസത്തിൽ യുഎസ് ട്രഷറി പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനും 7 മാസം മുമ്പു തന്നെ തങ്ങൾ തുർക്കിയുമായി കരാറിലേർപ്പെട്ടിരുന്നെന്നാണ് ബല്ലാർഡ് പാർട്ണേഴ്സ് പറയുന്നത്.

അസർബൈജാൻ അധികാരികൾക്കു വേണ്ടി ലോബിയിങ് നടത്തുന്നതിനായി ഒപ്പുവെക്കപ്പെട്ട കരാറിലും അഖ്മദോവ് ഒരു പ്രധാന പങ്ക് വഹിച്ചിരുന്നെന്നാണ് ലഭ്യമായ ടെക്സ്റ്റ് മെസ്സേജുകൾ കാണിക്കുന്നത്. മാസം 50,000 ഡോളറിനാണ് ഈ ലോബീയിങ് കരാർ. 2018 ഏപ്രിൽ മാസത്തിൽ ഇത്തരമൊരു കരാർ ഒപ്പുവെച്ചെന്ന ആരോപണം പക്ഷെ, ബല്ലാർഡ് പാർട്ണേഴ്സ് നിഷേധിക്കുന്നു.

തുർക്കി-ബല്ലാർഡ് ബന്ധത്തിൽ ഒരു ഉപകാരപ്രദമായ കണ്ണിയാകാൻ താൻ ശ്രമിച്ചുവെങ്കിലും അത് സാധിച്ചില്ലെന്ന് പർനസ് പറയുന്നു. അധികം താമസിയാതെ തന്നെ താൻ അക്കൂട്ടത്തിൽ നിന്ന് പുറന്തള്ളപ്പെട്ടു, പർനസ് പറഞ്ഞു.

പൊളിറ്റിക്കോയിൽ മെയ് 2017ൽ വന്ന ലേഖനം വായിച്ചാണ് തുർക്കിയും ബല്ലാർഡും തമ്മിൽ കരാറായെന്ന വസ്തുത പാർനസ് മനസ്സിലാക്കുന്നത്. പാർനസ് ഇക്കാര്യത്തിൽ ബല്ലാർഡുമായും അദ്ദേഹത്തിന്റെ ഒരു ഉദ്യോഗസ്ഥനുമായും ഈ വിഷയത്തിൽ ചോദ്യം ചെയ്തെന്ന് പർനസിന്റെ ഫോണിലെ ടെക്സ്റ്റ് മെസ്സേജുകൾ കാണിക്കുന്നു.

കരാറുണ്ടാക്കുന്നതിൽ പർനസിന്റെ റോളിനെ ചെറുതാക്കിക്കാണിക്കുന്നതിനാണ് ബല്ലാർഡ് ശ്രമിച്ചത്. "ഞങ്ങൾ കടുത്ത തര്‍ക്കത്തിലേർപ്പെട്ടു. ഞാനങ്ങനെ വിട്ടുകൊടുക്കുന്നയാളല്ലെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. അങ്ങനെ എനിക്ക് പണം തരാമെന്ന തീരുമാനത്തിലേക്ക് അദ്ദേഹമെത്തി," പർനസ് പറഞ്ഞു.

റിപ്പോർട്ടർമാർക്ക് ലഭിച്ച ബാങ്ക് രേഖകൾ വ്യക്തമാക്കുന്നത് ബല്ലാർഡിന്റെ ലോബിയിങ് സ്ഥാപനം 22,500 ഡോളർ വീതമുള്ള രണ്ട് പേയ്മെന്റുകൾ പർനസിന് 2018ൽ നൽകിയെന്നാണ്. കരാർ ഉറപ്പിക്കാൻ സഹായം നൽകി ഒരു വർഷത്തിനു ശേഷമാണ് ഈ പേയ്മെന്റുകൾ വന്നത്.

എന്നാൽ ബല്ലാർഡ് പാര്‍ട്ട്ണേഴ്സ് പറയുന്നത് തുർക്കി സർക്കാരുമായുള്ള കരാറിനു വേണ്ടിയുള്ള പേയ്മെന്റ് മാത്രമാണ് പർനസിന് തങ്ങൾ നൽകിയതെന്നാണ്. ഹാക്ക്ബാങ്കിന്റെ കരാറുമായി ബന്ധപ്പെട്ടതല്ല അത്. ഇക്കാര്യങ്ങളെല്ലാം താൻ അടച്ചുപിടിക്കുന്നതിനു വേണ്ടിയാകണം അവരാ പണം തരാൻ തയ്യാറായതെന്നാണ് പർനസ് കരുതുന്നത്.

കാര്യങ്ങള്‍ ഒതുക്കി വെക്കുന്നത് മിടുക്കാകാം. ട്രംപ് ഭരണകൂടത്തെ കുഴപ്പത്തിലാക്കിയ ചില വിദേശസ്വാധീന വിവാദങ്ങളിൽ ഈ ലോബീയിങ് ഉടമ്പടികളിൽ പെട്ട ചിലർ ഇതിനകം തന്നെ പെട്ടിട്ടുണ്ട്.

ട്രംപിന്റെ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കേൽ ഫ്ലിന്നിനെ എർദോഗൻ സർക്കാർ അപ്രഖ്യാപിത വിദേശ ഏജന്റായി റിക്രൂട്ട് ചെയ്തെന്ന വെളിപ്പെടുത്തൽ 2017ന്റെ തുടക്കത്തിൽ തന്നെ വന്നിരുന്നു. റഷ്യയുടെ യുഎസ് അംബാസ്സഡറുമായി പുറത്തുവിട്ടിട്ടില്ലാത്ത ചില ബന്ധങ്ങൾ സൂക്ഷിച്ചതിന്റെ പേരിൽ 2017 ഫെബ്രുവരിയിൽ തന്നെ ഇദ്ദേഹത്തിന് രാജി വെക്കേണ്ടതായും വന്നിരുന്നു.

ഫ്ലിന്നിന്റെ ഇടപെടലില്‍ തുർക്കി സർക്കാർ 5 ലക്ഷം ഡോളർ ഒഴുക്കിയ ഒരു പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു തുർക്കിഷ്-ഡച്ച് ബിസിനസ്സുകാരനായ എകിൻ ആൽപ്ടെകിനെതിരെ അമേരിക്കന്‍ ഫെഡറല്‍ അന്വേഷകര്‍ കുറ്റം ചാര്‍ത്തിയതും ഈ സംഭവത്തിനു ശേഷമാണ്. രണ്ട് തുർക്കി മന്ത്രിമാരുടെ കാർമികത്വത്തിലാണ് ഈ പദ്ധതി നടപ്പാക്കപ്പെട്ടതെന്ന് പ്രൊസിക്യൂട്ടർമാർ ആരോപിക്കുന്നു. ഈ മന്ത്രിമാരിലൊരാൾ ചാവുഷോലു തന്നെയാണ്. മറ്റെയാൾ എർദോഗന്റെ മരുമകൻ കൂടിയായ ഊർജമന്ത്രി ബെരാത് അൽബായ്റാക് ആണ്.

എർദോഗന്റെ എതിരാളിയായ പുരോഹിതൻ ഗുലെനെ തട്ടിക്കൊണ്ടുപോകാനുള്ള ഒരു പദ്ധതിയും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഫ്ലിന്നും മേല്‍പ്പറഞ്ഞ മന്ത്രിമാരും ചേർന്ന് നടപ്പാക്കാനുദ്ദേശിച്ച പരിപാടിയായിരുന്നു ഇത്. തുർക്കിയിൽ നിന്ന് ഓടിരക്ഷപ്പെട്ട് പെൻസിൽവാനിയയിൽ കഴിയുന്ന ഗുലെനെ തിരിച്ച് നാട്ടിലെത്തിക്കുകയും ജയിലിലടയ്ക്കുകയും ചെയ്യുക എന്നതാണ് പദ്ധതി. ഇക്കാര്യം മുൻ സിഐഎ ഡയറക്ടർ മൈക്കേൽ വൂൾസിയാണ് വാൾ സ്ട്രീറ്റ് ജേണലിനോട് വെളിപ്പെടുത്തിയത്. എന്നാൽ ഇത് ഫ്ലിൻ നിഷേധിച്ചിട്ടുണ്ട്.

2016 സെപ്തംബർ 20ന് താൻ ആൽപ്റ്റെകിനുമായും അദ്ദേഹത്തിന്റെ അടുത്തയാളായ സെസ്ഗിൻ ബാരൻ കോർക്മാസുമായും വൂൾസി കൂടിക്കാഴ്ച നടത്തുകയുണ്ടായി. ട്രംപിന്റെ പ്രചാരണ ഉപദേഷ്ടാവായിരുന്നു വൂൾസി അന്ന്. ഗുലെനെ അപകീർത്തിപ്പെടുത്തുന്നതിന് തുർക്കിയെ സഹായിക്കുന്നതിനായി 1 കോടി ഡോളറിന്റെ പദ്ധതിയുമായാണ് കൂടിക്കാഴ്ച നടത്തിയതെങ്കിലും അത് വിജയകരമായില്ല.

ഇതേ കോർക്മാസ് ഒരു അർമേനിയൻ-അമേരിക്കൻ സംഘടിത കുറ്റകൃത്യ നേതാവായ ലേവ് അസ്ലാൻ ഡെർമാൻ സംഘടിപ്പിച്ച ഒരു 50 കോടി ഡോളറിന്റെ തട്ടിപ്പുപരിപാടിയിൽ ആരോപണത്തെ നേരിടുകയാണിപ്പോൾ. ഈ വർഷം ആദ്യത്തിൽ തന്നെ ഡെർമാൻ ശിക്ഷിക്കപ്പെട്ടിരുന്നു. ഇയാൾ എർദോഗനുമായി വ്യക്തിബന്ധമുള്ളയാളാണെന്ന് കോടതിയിൽ ആരോപണം നേരിടുകയും ചെയ്തിരുന്നു.

ഈ രണ്ടുപേരുമായും മാൻസിമോവിന് ബന്ധമുണ്ട്. മാൻസിമോവും ഡെർമെനും കോർക്മാസും തുർക്കിയിൽ 2016ൽ ഒരു വിവാഹത്തിന് ഒരുമിച്ച് പങ്കെടുത്തതിന്റെ ഫോട്ടോഗ്രാഫുകൾ പുറത്തുവന്നിട്ടുണ്ട്. യുഎസ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിലായിരുന്നു ഇത്.


മാന്‍സിമോവ് ട്രംപിന് സമീപം, സ്ഥാനാരോഹണ പരിപാടിയില്‍

യുഎസ്- തുര്‍ക്കി ബന്ധങ്ങളിൽ ദല്ലാളുകളാകുന്ന സമയത്തു തന്നെ മാൻസിമോവും കോർക്മാസും ഡെർമെനുമായി ബിസിനസ് പങ്കാളിത്തം തുടരുന്നുണ്ടായിരുന്നു.

അതേസമയം ഡെർമെനുമായി മാൻസിമോവിനുള്ള ബിസിനസ് ബന്ധത്തെക്കുറിച്ച് അവ്യക്തമായ ഒരു ധാരണ തനിക്കുണ്ടായിരുന്നെന്നാണ് പർനസ് പറയുന്നത്. പിന്നീട് മാൻസിമോവ് തന്നെ ഡെർമെനുമായി പരിചയപ്പെടുത്തുകയായിരുന്നെന്നും അയാള്‍ പറഞ്ഞു.

പർനസ് പറയുന്നത് പ്രകാരം അഖ്മദോവുമൊത്ത് താൻ 2017 ഫെബ്രുവരിയിൽ ലാസ് വേഗാസിലേക്ക് പോകുകയുണ്ടായി. വിന്നിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിൽ ഡെർമെൻ തയ്യാറാക്കിത്തന്ന റൂമിൽ കഴിഞ്ഞു. വിന്നിന് ഡെർമെനുമായി എന്തെങ്കിലും ബന്ധമുണ്ടെന്നതിന്റെ സൂചനകളൊന്നും തനിക്ക് അവിടെ നിന്ന് കിട്ടിയില്ല. അന്ന് ഡെർമെൻ സ്ഥലത്തുണ്ടായിരുന്നില്ല. പകരം അദ്ദേഹത്തിന്റെ പ്രതിനിധികളെത്തി തങ്ങളെ അഭിവാദനം ചെയ്തു.

ഡെർമെൻ പിന്നീട് പർനസിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും ലോസ് ആൻജലസിലേക്ക് വിളിച്ചു. അവിടെ താനും തന്റെ ഭാര്യയും സെലിബ്രിറ്റികളെപ്പോലെയാണ് സ്വീകരിക്കപ്പെട്ടതെന്ന് പർനസ് പറയുന്നു.

അംഗരക്ഷകരുള്ള മൂന്ന് കാറുകളിലാണ് തങ്ങളെ കൊണ്ടുപോയത്. ഉക്രൈനിലും റഷ്യയിലുമെല്ലാം കാണാറുള്ളതു പോലത്തെ രീതികളായിരുന്നു അത്. കാലിഫോർണിയയിലെ ബെവെർലി ഹിൽസിൽ കാണാൻ ഒരു സാധ്യതയുമില്ലാത്ത രീതി.

ഈ വിഷയങ്ങളിൽ പ്രതികരിക്കാൻ ഡെർമെന്റെ വക്കീൽ വിസമ്മതിച്ചു.

തുർക്കിയുടെ യുഎസ് പദ്ധതികളുടെയെല്ലാം ലക്ഷ്യം എർദോഗന്റെ ഏകാധിപത്യപരമായ സർക്കാരിന്റെ താൽപര്യങ്ങളെ പിന്തുണയ്ക്കുന്ന ഒരു ട്രംപ് ഭരണകൂടമായിരുന്നു. പ്രകടമായ വൈരുദ്ധ്യങ്ങളുടെ നടുവിലും തുർക്കി പ്രസിഡണ്ടുമായി തനിക്ക് ആത്മബന്ധമുണ്ടെന്ന് ട്രംപ് പ്രഖ്യാപിച്ചു കൊണ്ടിരുന്ന കാര്യം ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ ബോൾട്ടൺ തന്റെ ഓർമക്കുറിപ്പുകളിൽ എഴുതുകയുണ്ടായി.

യുഎസ് ഫോറിൻ ഏജന്റ്സ് രജിസ്ട്രേഷൻ ആക്ട് പ്രകാരം ഫയൽ ചെയ്യപ്പെട്ട രേഖകൾ പറയുന്നത് തുർക്കി സർക്കാരും ബന്ധപ്പെട്ട മറ്റ് ഏജൻസികളും 7.3 ദശലക്ഷം ഡോളർ അഞ്ച് യുഎസ് ലോബിയിങ് സ്ഥാപനങ്ങളിൽ 2018ൽ മാത്രം ചെലവാക്കിയെന്നാണ്. ബല്ലാർഡിനെ കൂടാതെ ഇതിന്റെ ഗുണങ്ങൾ പറ്റിയ മറ്റൊരു സ്ഥാപനമാണ് മെർകുറി പബ്ലിക് അഫയേഴ്സ്. ട്രംപ് ഭരണകൂടവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന മറ്റൊരു സ്ഥാപനം.

മെർകുറിക്ക് തുർക്കി സർക്കാരുമായും തുർക്കിഷ്-യുഎസ് ബിസിനസ് കൌൺസിലുമായുമെല്ലാം കരാറുണ്ട്. നേരത്തെ ആൽപ്ടെകിൻ ഈ അർധ ഔദ്യോഗിക സമിതിയുടെ തലവനായിരുന്നു. ഫ്ലിന്നിനെ തുർക്കിക്കു വേണ്ടി റിക്രൂട്ട് ചെയ്ത കേസിൽ ഇയാളിപ്പോൾ കുറ്റാരോപിതനാണ്.

നിലവിൽ ഈ കൌൺസിലിന്റെ തലപ്പത്ത് മെഹ്മെത് അലി യൽസിന്ദാഗ് ആണുള്ളത്. ഇദ്ദേഹം ട്രംപ് ടവേഴ്സ് ഇസ്താംബുൾ പ്രൊജക്ടിൽ യുഎസ് പ്രസിഡണ്ടിനൊപ്പം പങ്കാളിയായ ആളാണ്. ട്രംപ് കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് യൽസിന്ദാഗ് എന്നാണ് റിപ്പോർട്ടുകൾ.

എർദോഗന് അനുകൂലമായ ട്രംപിന്റെ നീക്കങ്ങളിൽ ബല്ലാർഡിന്റെ ക്ലയന്റായ ഹാക്ക്ബാങ്കിനെതിരായ പ്രൊസിക്യൂഷൻ അവസാനിപ്പിക്കാനുള്ള സമ്മർദ്ദം ചെലുത്തലായിരുന്നെന്ന് ബോൾട്ടൺ പറയുന്നു. ബില്യൺ കണക്കിന് ഡോളർ ഇറാനിൽ വെളുപ്പിച്ചെടുത്ത് യുഎസ് ഉപരോധത്തെ ലംഘിച്ചെന്ന കേസാണിത്. ഇതിൽ എർദോനും അദ്ദേഹത്തിന്റെ ഊർജമന്ത്രി കൂടിയായ മരുമകൻ അൽബായ്റാക്കും ഉൾപ്പെടുന്നുവെന്നതാണ് സൂചന.

ഹാക്ക്ബാങ്ക് ഒരു തെറ്റും ചെയ്തില്ലെന്ന് സ്ഥാപിക്കുന്ന അവരുടെ വക്കീലന്മാർ നൽകിയ രേഖകൾ എർദോഗൻ ട്രംപിന് കൈമാറിയ സന്ദർഭം ബോൾട്ടൺ തന്റെ ഓർമക്കുറിപ്പിൽ പറയുന്നുണ്ട്. ട്രംപ് ആ രേഖകൾ മറിച്ചുനോക്കിയ ശേഷം തനിക്ക് വിശ്വാസമായെന്ന് പ്രസ്താവിക്കുകയാണുണ്ടായത്.

കാര്യങ്ങൾ താൻ കൈകാര്യം ചെയ്തോളാമെന്ന് എർദോഗന് ട്രംപ് വാക്ക് നൽകി. ന്യൂയോർക്കിന്റെ തെക്കൻ ജില്ലകളിലെ പ്രൊസിക്യൂട്ടർമാർ തന്റെ ആളുകളല്ലെന്നും, അവർ ഒബാമയുടെ ആളുകളാണെന്നും, അവരെ മാറ്റിയിട്ടു വേണം കാര്യങ്ങൾ നടത്തിയെടുക്കാനെന്നും എർദോഗനോട് ട്രംപ് പറഞ്ഞു.

പർനസ് നൽകുന്ന ടെക്സ്റ്റ് മെസ്സേജുകളും കള്ളപ്പണം വെളുപ്പിച്ച കേസ് തന്നെയാണ് തുർക്കിയുടെ മുൻഗണനയിലുണ്ടായിരുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്.

വാട്ടർഗേറ്റ് ഹോട്ടലിൽ വെച്ചുണ്ടായ കൂടിക്കാഴ്ചയ്ക്കു ശേഷം 2017 ജനുവരി 22ന് മാൻസിമോവ് ഒരു ടെക്സ്റ്റ് മെസ്സേജ് പർനസിന് അയച്ചു. ഈ സന്ദേശത്തിൽ 'റിസ സറാബ്' എന്ന പേര് മാത്രമാണുണ്ടായിരുന്നത്. ഇതും സ്പെല്ലിങ് തെറ്റിച്ചാണെഴുതിയിരുന്നത്. പർനസ് പറയുന്നതു പ്രകാരം, തങ്ങളുടെ ഡീലിലെ തുർക്കിയുടെ പ്രധാന പരിഗണന കള്ളപ്പണം വെളുപ്പിച്ച കേസ് തന്നെയാണെന്ന് സൂചിപ്പിക്കുകയായിരുന്നു മാൻസിമോവ്.

കാര്യങ്ങളെ ചൊൽപ്പടിക്ക് കൊണ്ടുവരാനുള്ള എർദോഗന്റെ ശേഷിയാണ് കഴിഞ്ഞവർഷം ഒക്ടോബറിൽ വടക്കൻ സിറിയയിലെ തുർക്കിഷ് കടന്നുകയറ്റത്തെ ട്രംപ് പിന്തുണച്ചതിൽ കാണാനാവുക. ധൃതി പിടിച്ച് യുഎസ് സൈന്യത്തെ പിൻവലിച്ച നടപടി ലോകമെങ്ങും വിമർശിക്കപ്പെടുകയുമുണ്ടായി. അമേരിക്ക കുർദ്ദുകളെ ഒറ്റപ്പെടുത്തിയെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. എർദോഗന്റെ ഒരു ഫോൺകോളിനു പിന്നാലെയായിരുന്നു ഇതെല്ലാമെന്നതാണ് ശ്രദ്ധേയം.

റിച്ചാര്‍ഡ് നിക്സനെ തെറിപ്പിച്ച പഴയ വാട്ടർഗേറ്റ് കുംഭകോണം പുറത്തുകൊണ്ടുവന്ന മുതിർന്ന മാധ്യമപ്രവർത്തകൻ കാൾ ബേൺസ്റ്റൈൻ പറയുന്നത് എർദോഗന് ട്രംപുമായി പ്രത്യേകമായ ടെലിഫോൺ ബന്ധമുണ്ടെന്നാണ്. ലോകത്തിലെ മറ്റൊരു വിദേശരാഷ്ട്രത്തലവനും ലഭ്യമല്ലാത്ത ഒന്ന്.

ഇതുവരെ ട്രംപ് മറ്റ് രാഷ്ട്രത്തലവന്മാരോട് നടത്തിയ ടെലിഫോൺ സംഭാഷണങ്ങളുടെ കണക്കെടുത്താൽ അതിൽ ഏറ്റവും കൂടുതൽ ബന്ധപ്പെട്ടിട്ടുള്ളത് എർദോഗനുമായിട്ടാണെന്ന് കാണാം. ആഴ്ചയിൽ രണ്ടുവട്ടം പോലും വൈറ്റ് ഹൌസിലേക്ക് അദ്ദേഹം വിളിച്ചിട്ടുണ്ട്. ട്രംപിന്റെ പ്രത്യേക ഉത്തരവ് പ്രകാരം ഇതിൽ പല വിളികളും പ്രസിഡണ്ട് നേരിട്ടാണ് സ്വീകരിച്ചതെന്ന് ബേൺസ്റ്റൈൻ എഴുതുന്നു.

ഒറിജിനല്‍ റിപ്പോര്‍ട്ട് വായിക്കാംഒ സി സി ആര്‍ പി

ഒ സി സി ആര്‍ പി

ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രൊജക്റ്റ്

Next Story

Related Stories