TopTop
Begin typing your search above and press return to search.

യുഎസ്സിൽ കോവിഡ് വന്നതിന് ശേഷം ഇതാദ്യമായി ട്രംപ് മാസ്ക് ധരിച്ചു

യുഎസ്സിൽ കോവിഡ് വന്നതിന് ശേഷം ഇതാദ്യമായി ട്രംപ് മാസ്ക് ധരിച്ചു

യുഎസ്സിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിന് ശേഷം ആദ്യമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് പരസ്യമായി മാസ്ക് ധരിച്ചു. ശനിയാഴ്ച വൈകുന്നേരം വൈറ്റ് ഹൗസില്‍ നിന്ന് ഒരു ചെറിയ ഹെലികോപ്റ്ററില്‍ സൈനിക ആശുപത്രി സന്ദർശിക്കാന്‍ പോകവേയാണ് അദ്ദേഹം മാസ്ക് ധരിച്ചത്. കൊറോണ വൈറസ് കേസുകൾ യുഎസിൽ റെക്കോർഡ് നിലവാരത്തിലേക്ക് ഉയർന്നതും, സ്വന്തം ഗവൺമെന്റിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് വിദഗ്ധരും ഉപദേശകരും നിഷ്കര്‍ഷിക്കാന്‍ തുടങ്ങിയതുമാണ് ഫെയ്സ് മാസ്ക് ധരിക്കുന്ന കാര്യത്തില്‍ ട്രംപ്‌ നിലപാട് മാറ്റാന്‍ കാരണം. പരിക്കേറ്റ സൈനികരേയും കോവിഡ് -19 രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെയും കാണാനായാണ് ട്രംപ്‌ സബർബൻ വാഷിംഗ്ടൺ ഡിസിയിലെ വാൾട്ടർ റീഡ് നാഷണൽ മിലിട്ടറി മെഡിക്കൽ സെന്ററിലേക്ക് പോയത്.

മേയ് മാസത്തിൽ ഒരു ഫോർഡ് പ്ലാന്റ് സന്ദര്‍ശനത്തിടെ പ്ലാന്റിനകത്ത് മാസ്ക് ധരിച്ചു നില്‍ക്കുന്ന ട്രംപിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ആ സമയത്ത് അദ്ദേഹം പരസ്യമായി മാസ്ക് ധരിക്കാൻ വിസമ്മതിച്ചതുമാണ്. താന്‍ മാസ്ക് ധരിച്ചത് കണ്ട് പുറത്ത് തടിച്ചുകൂടിയ മാധ്യമപ്രവര്‍ത്തകര്‍ അങ്ങനെ സന്തോഷിക്കേണ്ട എന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞിരുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രസിഡന്റിന്റെ കൂടെ നില്‍ക്കുന്ന പലര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ മകൻ ഡൊണാൾഡ് ട്രംപ് ജൂനിയറിന്റെ കാമുകി കിംബർലി ഗിൽഫോയിലിന് കോവിഡ് പോസിറ്റീവ് ആണ്.

അതേസമയം, യുഎസ്സിൽ കോവിഡ് രോഗികളുടെ എണ്ണം എല്ലാ ദിവസവും പുതിയ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. തെക്ക്, പടിഞ്ഞാറൻ സംസ്ഥാനങ്ങളിലെ പുതിയ ഹോട്ട്‌സ്പോട്ടുകളിലെ ആശുപത്രികൾ കടുത്ത പ്രതിസന്ധിയിലാണ്. വൈറസ് നിയന്ത്രണത്തിലാകാതെ, പ്രസിഡന്റിന്റെ ആവർത്തിച്ചുള്ള നിർബന്ധത്തെത്തുടർന്ന്, ആ പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങള്‍ പഴയ രീതിയില്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് വൈറസ് വ്യാപനത്തിന്‍റെ ആക്കം കൂട്ടിയെന്നു കരുതപ്പെടുന്നു. ദേശീയ തലത്തിലെ പ്രമുഖ റിപ്പബ്ലിക്കൻമാരായ വൈസ് പ്രസിഡന്റ് മൈക്ക് പെൻസും സെനറ്റ് നേതാവ് മിച്ച് മക്കോണലും സമീപകാലത്ത് മാസ്ക് ധരിച്ചു പുറത്തിറങ്ങാന്‍ തയ്യാറായിരുന്നു.


Next Story

Related Stories