TopTop
Begin typing your search above and press return to search.

എക്സിറ്റ് പോളുകള്‍ അനുകൂലം; ബ്രെക്സിറ്റ് നടപ്പാക്കാന്‍ നിയമനിര്‍മാണം ക്രിസ്തുമസ്സിനു മുമ്പെന്ന് കണ്‍സര്‍വ്വേറ്റീവുകള്‍; ലേബര്‍ പാര്‍ട്ടിയില്‍ ജെരെമി വിരുദ്ധര്‍ രംഗത്ത്

എക്സിറ്റ് പോളുകള്‍ അനുകൂലം; ബ്രെക്സിറ്റ് നടപ്പാക്കാന്‍ നിയമനിര്‍മാണം ക്രിസ്തുമസ്സിനു മുമ്പെന്ന് കണ്‍സര്‍വ്വേറ്റീവുകള്‍; ലേബര്‍ പാര്‍ട്ടിയില്‍ ജെരെമി വിരുദ്ധര്‍ രംഗത്ത്

ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വ്വേറ്റീവ് കക്ഷികള്‍ ഭൂരിപക്ഷം നേടുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. 2017ലെ തെരഞ്ഞെടുപ്പിലേതിനെക്കാള്‍ 50 സീറ്റുകള്‍ കൂടുതല്‍ നേടാന്‍ കണ്‍സര്‍വ്വേറ്റീവുകള്‍ക്ക് സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. അന്നത്തെ തെരഞ്ഞെടുപ്പില്‍ 318 സീറ്റുകളിലാണ് കണ്‍സര്‍വ്വേറ്റീവുകള്‍ ജയിച്ചത്. ഇത് കേവല ഭൂരിപക്ഷത്തിന് 8 സീറ്റുകള്‍ കുറവായിരുന്നു. 326 സീറ്റുകളില്‍ വിജയിക്കണം സര്‍ക്കാര്‍ രൂപീകരിക്കാന്‍. ഇത്തവണ ഒറ്റയ്ക്ക് അധികാരത്തിലേറാനുള്ള ഭൂരിപക്ഷം പാര്‍ട്ടിക്ക് ലഭിക്കുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചനം.

ലേബര്‍ പാര്‍ട്ടിക്ക് 191 സീറ്റുകളില്‍ മാത്രമാണ് ജയിക്കാനാകുകയെന്ന് എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ പറയുന്നു. ലിബറല്‍ ഡെമോക്രാറ്റുകള്‍ 13 സീറ്റുകളില്‍ വിജയിക്കും. ബ്രെക്സിറ്റ് പാര്‍‌ട്ടിക്ക് പാര്‍ലമെന്റില്‍ ഇടം ലഭിക്കില്ലെന്നും സ്കോട്ടിഷ് നാഷണല്‍ പാര്‍ട്ടിക്ക് 55 സീറ്റുകളില്‍ വജയിക്കാനാകും.

ലേബര്‍ പാര്‍ട്ടിക്ക് 2017നെ അപേക്ഷിച്ച് കാര്യമായ വോട്ട് ചോര്‍ച്ച സംഭവിക്കുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്. 12 ശതമാനത്തോളം ഇടിയും വോട്ടുകള്‍. കണ്‍സര്‍വ്വേറ്റീവുകള്‍ ഇത് 2.5 ശതമാനമായി വര്‍ധിപ്പിക്കും. ചെറിയ പാര്‍ട്ടികളും വോട്ട് വിഹിതത്തിന്റെ കാര്യത്തില്‍ നേട്ടമുണ്ടാക്കും.

ഉറച്ച ജനവിധിയുണ്ടാകുമെന്ന എക്സിറ്റ് പോള്‍ പ്രവചനം വിപണിയിലും പ്രതിഫലിച്ചു. ബ്രിട്ടീഷ് പൗണ്ട് ഡോളറിനെതിരെ മികച്ച നേട്ടമുണ്ടാക്കിയിരിക്കുകയാണ്. ഡോളറിനെതിരെ കഴിഞ്ഞ മെയ് മാസം തൊട്ടുള്ള ഏറ്റവും മികച്ച നിലയിലാണിപ്പോള്‍ പൗണ്ട്. യൂറോയ്ക്കെതിരെ കഴിഞ്ഞ മൂന്നര വര്‍ഷത്തെ ഏറ്റവും മികച്ച നിലയിലും എത്തിയിരിക്കുന്നു.

അധികാരത്തില്‍ തിരിച്ചെത്തുകയാണെങ്കില്‍ ഉടനെ ബ്രെക്സിറ്റ് നടപ്പാക്കുന്നതിനായി നിയമനിര്‍മാണം നടത്തുമെന്ന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍ പറഞ്ഞു. ഇത് ക്രിസ്തുമസ്സിനു മുമ്പായി നടത്തുമെന്നും അവര്‍ അറിയിച്ചു. ഇത്തവണത്തെ തെരഞ്ഞെടുപ്പ് പൂര്‍ണമായും ബ്രെക്സിറ്റിനെ പ്രശ്നവിഷയമാക്കിയതാണ് പരാജയത്തിന് കാരണമെന്ന് സൂചിപ്പിച്ച് ഷാഡോ ചാന്‍സലര്‍ ജോണ്‍ മക്ഡോനല്‍ രംഗത്തു വന്നു. മറ്റു വിഷയങ്ങളും ചര്‍ച്ചയിലെത്തുമെന്നായിരുന്നു ലേബര്‍ പാര്‍ട്ടിയുടെ വിശ്വാസം. എന്നാല്‍ അത് സംഭവിക്കുകയുണ്ടായില്ല.

പാര്‍ട്ടിയെ പാര്‍ലമെന്റില്‍ നയിക്കുന്ന ജെരെമി കോര്‍ബിന്റെ ഭാവി സംബന്ധിച്ച സൂചനകളും എക്സിറ്റ് പോള്‍ ഫലം നല്‍കുന്നുണ്ട്. കോര്‍ബിന്റെ നേതൃത്വത്തില്‍ അതൃപ്തരായ ലേബര്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം കൂടുതല്‍ ശക്തരാകുമെന്ന് ഉറപ്പാണ്. പരാജയത്തിന് ബ്രെക്സിറ്റിനെ മാത്രം പഴിക്കുന്നത് വിഡ്ഢിത്തമാണെന്ന് ചൂണ്ടിക്കാട്ടി സെഡ്ജ്ഫീല്‍ഡിലെ സ്ഥാനാര്‍ത്ഥിയായ ഫില്‍‌ വില്‍സണ്‍ രംഗത്തു വന്നു. ജെരെമി കോര്‍ബിന്റെ നേതൃത്വം തന്നെ വലിയ പ്രശ്നമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.


Next Story

Related Stories