Top

ഭീകരവാദ ഫണ്ടിങ് അവസാനിപ്പിക്കുക, ഇല്ലെങ്കിൽ നടപടി നേരിടുക: പാകിസ്താന് താക്കീതുമായി എഫ്എടിഎഫ് രംഗത്ത്

ഭീകരവാദ ഫണ്ടിങ് അവസാനിപ്പിക്കുക, ഇല്ലെങ്കിൽ നടപടി നേരിടുക: പാകിസ്താന് താക്കീതുമായി എഫ്എടിഎഫ് രംഗത്ത്

രാജ്യത്തെ ഭീകരവാദ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ തങ്ങൾ നിര്‍ദ്ദേശിച്ച കർമ്മപദ്ധതികൾ നടപ്പാക്കാൻ താൽപര്യം കാണിക്കാതിരുന്ന പാകിസ്താനെതിരെ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (FATF) ശക്തമായി രംഗത്ത്. 2020 ഫെബ്രുവരി മാസത്തിനകം നിർദ്ദിഷ്ട കർമ്മപദ്ധതികൾ നടപ്പാക്കാൻ തയ്യാറായില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് തങ്ങൾ നീങ്ങുമെന്ന് എഫ്എടിഎഫ് താക്കീത് നൽകി. കള്ളപ്പണം വെളുപ്പിക്കലിനും ഭീകരവാദ ഫണ്ടിങ്ങിനുമെതിരെ ബിസിനസ്സ് തലത്തിൽ അന്തർദ്ദേശീയ സമ്മർദ്ദം ഉയർത്തിക്കൊണ്ടുവരാൻ ശ്രമങ്ങൾ നടത്തുന്ന സംഘടനയാണ് എഫ്എടിഎഫ്.

ആകെ 27 നിർദ്ദേശങ്ങള്‍ നടപ്പാക്കാനാണ് എഫ്എടിഎഫ് പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നത്. ഭീകരപ്രവർത്തനങ്ങൾക്കുള്ള ഫണ്ടിങ് തടയാനാവശ്യമായ നടപടികളും ഇതിലുൾപ്പെട്ടിരുന്നു. ഈ നിർദ്ദേശങ്ങൾ അടുത്ത വർഷം ഫെബ്രുവരി മാസത്തിനുള്ളിൽ നടപ്പാക്കിയില്ലെങ്കിൽ പാകിസ്താനുമായുള്ള ഇടപാടുകളിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന നിർദ്ദേശം ആഗോള സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും മറ്റും ഈ സംഘടന നൽകും.

നിലവില്‍ പാകിസ്താന്‍ എഫ്എടിഎപിന്റെ ഗ്രേ ലിസ്റ്റിലാണുള്ളത്. 2018 ജൂൺ 6നാണ് പാകിസ്താനെ ഗ്രേ ലിസ്റ്റിൽ പെടുത്തിയത്. തങ്ങൾ മുമ്പോട്ടുവെച്ച ഭീകരവിരുദ്ധ-കള്ളപ്പണ വിരുദ്ധ കർമ്മപദ്ധതി നടപ്പാക്കാൻ 15 മാസത്തെ സമയവും അനുവദിച്ചു. ഫെബ്രുവരി മാസത്തില്‍ ഇതിന്മേല്‍ റിവ്യൂ നടത്തിയ സംഘടന പാകിസ്താനെ ജാഗ്രതപ്പെടുത്തുകയും ചെയ്തിരുന്നു. ഭീകരതയ്ക്കെതിരായ നീക്കങ്ങള്‍ കാര്യക്ഷമമല്ലെന്നും ഇങ്ങനെ പോയാല്‍ ബ്ലാക് ലിസ്റ്റില്‍ പെടുമെന്നും അറിയിക്കുകയുണ്ടായി. ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെ ബ്ലാക് ലിസ്റ്റിൽ ഉടൻ പെടുത്തണമെന്ന ഫ്രാൻസിന്റെയും ഇന്ത്യയുടെയും ആവശ്യം അന്ന് പരിഗണിക്കപ്പെട്ടില്ല. ഒക്ടോബർ മാസം വരെ പാകിസ്താന് നല്‍കിയ സമയത്തോളം കാത്തു നില്‍ക്കാമെന്നായിരുന്നു സംഘടനയുടെ തീരുമാനം.

വ്യാപാരബന്ധങ്ങളിൽ പാകിസ്താനുമേൽ സമ്മർദ്ദം ചെലുത്താൻ ഈ പട്ടികപ്പെടുത്തലിനെ ഇതര രാജ്യങ്ങൾക്ക് ഉപയോഗിക്കാം. ബ്ലാക്ക് ലിസ്റ്റിൽ‌ പെടുത്തുന്നതിനു മുമ്പായി താക്കീത് നൽകുന്നതാണ് ഗ്രേ ലിസ്റ്റിൽ പെടുത്തൽ. ഗ്രേ ലിസ്റ്റിൽ‌ പെടുത്തുന്നത് പാകിസ്താന് അന്തർ‌ദ്ദേശീയ ലോണുകൾ ലഭിക്കുന്നതിൽ പ്രയാസമുണ്ടാക്കും. സാമ്പത്തിക ഉപരോധങ്ങളെ നേരിടേണ്ടതായി വരും. ബ്ലാക് ലിസ്റ്റില്‍ കൂടി പെടുന്നതോടെ പാകിസ്താന്റെ വ്യാപാരപരമായ അന്തര്‍ദ്ദേശീയ നീക്കങ്ങള്‍ വലിയ തോതില്‍ പ്രതിസന്ധിയിലാകാനിടയുണ്ട്. ചൈനയുമായും റഷ്യയുമായും വ്യാപാര ബന്ധങ്ങളെ പുതിയ തലത്തിലേക്ക് കൊണ്ടുപോകാൻ ശ്രമങ്ങൾ നടത്തുന്ന പാകിസ്താന് എഫിഎടിഎഫിന്റെ ഗ്രേ ലിസ്റ്റിൽ ഉൾപ്പെട്ടതു തന്നെ വലിയൊരു തിരിച്ചടിയായിരുന്നു.

അൽ ഖായിദ, ജമാഅത്ത് ഉദ് ദാവ, ജെയ്ഷെ മൊഹമ്മദ് തുടങ്ങിയ സംഘടനകൾ സൃഷ്ടിക്കുന്ന അപകടസാധ്യതകളെ തിരിച്ചറിയുന്നതിൽ വേണ്ടത്ര പുരോഗതി പാകിസ്താൻ കൈവരിച്ചില്ലെന്ന് നേരത്തെ എഫ്എടിഎഫ് പ്രസ്താവിച്ചിരുന്നു. പാകിസ്താനുമായി തുടർന്നും പ്രവർത്തിക്കുമെന്നും ഗ്രേ ലിസ്റ്റിൽ നിന്നും പുറത്തുവരാൻ സഹായങ്ങൾ നൽകുമെന്നും എഫ്എടിഎഫ് പ്രസ്താവനയിൽ പറയുകയുണ്ടായി.

എഫ്എടിഎഫിന്റെ ജൂലൈ മാസത്തിലെ താക്കീതിനു പിന്നാലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയ്യിദിനും 12 അനുയായികള്‍ക്കുമെതിരെ പാകിസ്താൻ തീവ്രവാദ കുറ്റം ചുമത്തിയിരുന്നു. എന്നാല്‍, ഈ നീക്കം മുഖം മിനുക്കല്‍ നടപടി മാത്രമാണെന്നും, അങ്ങിനെയൊന്നും അന്താരാഷ്ട്ര സമൂഹത്തെ കബളിപ്പിക്കാന്‍ കഴിയില്ലെന്നും ഇന്ത്യ പ്രതികരിക്കുകയുണ്ടായി.


Next Story

Related Stories