TopTop
Begin typing your search above and press return to search.

യൂറോപ്പിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹം തടയില്ലെന്ന് തുര്‍ക്കി പ്രസിഡൻ്റ് എർദോഗൻ

യൂറോപ്പിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹം തടയില്ലെന്ന് തുര്‍ക്കി പ്രസിഡൻ്റ് എർദോഗൻ

യൂറോപ്പിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹം തടയില്ലെന്ന് തുര്‍ക്കി വ്യക്തമാക്കിയതോടെ ആയിരക്കണക്കിന് കുടിയേറ്റക്കാർ തുർക്കിക്കും ഗ്രീസിനുമിടയിലുള്ള സ്ഥലത്ത് എത്തിയതായി റിപ്പോര്‍ട്ട്. അഭയാർഥികളെ കൂട്ടത്തോടെ യൂറോപ്പിൽ പ്രവേശിക്കുന്നത് തടയാൻ ഗ്രീക്ക് സൈന്യം ശ്രമിക്കുന്നത് വലിയ സംഘര്‍ഷങ്ങളിലേക്ക് വഴിവെച്ചേക്കാം. 18,000 കുടിയേറ്റക്കാർ അതിർത്തി കടന്നുവെന്നാണ് തുർക്കി പ്രസിഡന്റ് റെജബ് തയ്യിപ് എർദോഗാൻ അവകാശപ്പെട്ടത്. എന്നാല്‍ കൃത്യമായ തെളിവോ മറ്റു വിവരങ്ങളോ അദ്ദേഹം പുറത്തുവിട്ടിട്ടില്ല. ഗ്രീക്ക് അതിർത്തി സുരക്ഷാ ഉദ്യോഗസ്ഥര്‍ ടിയർഗാസും സ്റ്റൺ ഗ്രനേഡുകളും പ്രയോഗിച്ച് ആളുകളെ പിന്തിരിയാന്‍ പ്രേരിപ്പിക്കുന്നുണ്ട്.

അഭയാർഥികളെയും കുടിയേറ്റക്കാരെയും യൂറോപ്യൻ രാജ്യങ്ങളിലേക്ക് കടക്കാന്‍ അനുവദിക്കുമെന്ന് എർദോഗൻ പണ്ടേ ഭീഷണിപ്പെടുത്തുന്നതാണ്. അംഗരാജ്യങ്ങളിലേക്കുള്ള കുടിയേറ്റം തടയുന്നതിനായി അങ്കാറ യൂണിയനുമായി 6 ബില്യൺ ഡോളറിന്‍റെ കരാര്‍ ഉണ്ടാക്കിയിരുന്നു. 2016-ലെ കരാർ പ്രകാരം യൂണിയന്‍ നല്‍കുന്ന ഫണ്ടുകൾക്ക് പകരമായി യൂറോപ്യൻ യൂണിയനിലേക്കുള്ള അഭയാര്‍ത്ഥികളുടെ ഒഴുക്ക് തടയുമെന്ന് തുര്‍ക്കി സമ്മതിച്ചിരുന്നു.

എന്നാല്‍, 'അതിര്‍ത്തികള്‍ അടച്ചിടാന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ല' എന്നാണ് എർദോഗാൻ ഇപ്പോള്‍ പറയുന്നത്. 'യൂറോപ്യൻ യൂണിയൻ ആദ്യം അവര്‍തന്ന വാഗ്ദാനങ്ങള്‍ പാലിക്കട്ടെ. ലക്ഷക്കണക്കിന് അഭയാർഥികളെ പരിപാലിക്കാനും പോറ്റാനും ഞങ്ങൾ ബാധ്യസ്ഥരല്ല. നിങ്ങൾ സത്യസന്ധനാണെങ്കിൽ, ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കുറച്ച് ആളുകളെ നിങ്ങളും സ്വീകരിക്കേണ്ടതുണ്ട്'- അദ്ദേഹം പറഞ്ഞു. സിറിയയിൽ നിന്നുള്ള 3.6 ദശലക്ഷം അഭയാർഥികളാണ് നിലവിൽ തുർക്കിയിലുള്ളത്.

സിറിയയിലെ ഇദ്ലിബ് പ്രവിശ്യയിൽ റഷ്യൻ പിന്തുണയുള്ള സിറിയൻ സർക്കാർ ആക്രമണത്തെത്തുടർന്ന് വ്യാഴാഴ്ച രാത്രി നടന്ന വ്യോമാക്രമണത്തിൽ 33 തുർക്കി സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്നാണ്‌ അഭയാര്‍ത്ഥി പ്രവാഹം തടയില്ലെന്ന് തുര്‍ക്കി വ്യക്തമാക്കിയത്. 2015-ൽ സമാനമായി അതിര്‍ത്തി തുറന്നപ്പോള്‍ അഭയാര്‍ത്ഥി പ്രവാഹം ശക്തമാവുകയും ആയിരക്കണക്കിന് ആളുകൾ മെഡിറ്ററേനിയൻ പ്രദേശത്ത് മുങ്ങിമരിക്കുകയും ചെയ്തിരുന്നു.


Next Story

Related Stories