TopTop
Begin typing your search above and press return to search.

ആധുനിക സമൂഹത്തില്‍ ക്രൈസ്തവ വിരുദ്ധ വിശ്വാസങ്ങള്‍ വളരുന്നുവെന്ന് മുന്‍ പോപ്പ് ബെനഡിക്ട് പതിനാറാമന്‍

ആധുനിക സമൂഹത്തില്‍ ക്രൈസ്തവ വിരുദ്ധ വിശ്വാസങ്ങള്‍ വളരുന്നുവെന്ന് മുന്‍ പോപ്പ് ബെനഡിക്ട് പതിനാറാമന്‍

ആധുനിക സമൂഹത്തില്‍ ക്രൈസ്തവ വിരുദ്ധമായ വിശ്വാസങ്ങള്‍ക്ക് കൂടുതല്‍ വളര്‍ച്ച ലഭിക്കുന്നതായി മുന്‍ മാര്‍പ്പാപ്പ ബെനഡിക്ട് പതിനാറാമന്‍ തന്റെ പുതിയ ജീവചരിത്ര ഗ്രന്ഥത്തില്‍ പറയുന്നതായി റിപ്പോര്‍ട്ട്. ജര്‍മനിയില്‍ മെയ് 4ന് പ്രസിദ്ധീകരിച്ച 184 പേജുള്ള പുസ്തകത്തിലാണ് ബെനഡിക്ട് ഇക്കാര്യം പറയുന്നത്. സ്വവര്‍ഗ വിവാഹത്തെ പിന്തുണയ്ക്കുന്നവര്‍ സാത്താനിക ആശയങ്ങളെ പിന്തുണയ്ക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹം ക്രിസ്തീയ വിശ്വാസങ്ങളോട് കൂടുതല്‍ അസഹിഷ്ണുക്കളാകുന്നുവെന്നും അതാണ് തുല്യ വൈവാഹിക അവകാശത്തെ എതിര്‍‍ക്കുന്നവരെല്ലാം എതിര്‍ക്കപ്പെടുന്നതില്‍ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മാധ്യമപ്രവര്‍ത്തകനായ പീറ്റര്‍ സീവാള്‍ഡ് എഴുതിയ ജീവചരിത്ര ഗ്രന്ഥത്തിലാണ് മുന്‍ പോപ്പ് ഇങ്ങനെ പറയുന്നത്. 'Benedict XVI: The Biography: Volume One' എന്ന പേരിലാണ് പുസ്തകം ഇറങ്ങിയിരിക്കുന്നത്. 2013ലാണ് ഇദ്ദേഹം പോപ്പ് പദവിയില്‍ നിന്നും രാജി വെച്ചത്. 2018ല്‍ ഇദ്ദേഹം എഴുതിയ ഒരു പുസ്തകം ജൂത വിശ്വാസത്തെ വിമര്‍ശിക്കുന്നതായിരുന്നു. ഇത്തരം കാഴ്ചപ്പാടുകളോട് വലിയ എതിര്‍പ്പ് ഉയരുകയും ചെയ്തു. തന്നെ നിശ്ശബ്ദമാക്കാനാണ് പലരും ആഗ്രഹിക്കുന്നതെന്നതെന്ന് ഈ പശ്ചാത്തലത്തില്‍ ബെനഡിക്ട് തന്റെ ജീവചരിത്രത്തില്‍ എഴുതിയിരിക്കുന്നു.

ഒരു നൂറു കൊല്ലം മുമ്പ് സ്വവര്‍ഗ ലൈംഗികതയെപ്പറ്റി പറയുന്നതേ യുക്തിരാഹിത്യമായി കണക്കാക്കപ്പെട്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് പക്ഷെ, അതിനെതിരെ പറയുന്നവരെ സമൂഹം പുറത്താക്കുന്നു. ഗര്‍ഭച്ഛിദ്രം, ശരീരത്തിനു പുറത്തുള്ള സന്താനോല്‍പാദനം തുടങ്ങിയവയ്ക്കെതിരായ വിമര്‍ശനങ്ങളും പുസ്തകത്തിലുണ്ട്.

ജര്‍മന്‍ ദൈവശാസ്ത്ര ചിന്തകളില്‍ താനാരോപിക്കുന്ന തരത്തിലുള്ള ക്രൈസ്തവ വിരുദ്ധത കയറിക്കൂടിയിട്ടുണ്ടെന്നാണ് ബെനഡിക്ടിന്റെ വാദം. ജര്‍മനിയിലെ കത്തോലിക്കാ ചര്‍ച്ച് സാത്താനികമായ ചിന്തകളിലേക്ക് ചായുന്നുണ്ടെന്ന സൂചനയാണ് അദ്ദേഹം നല്‍കുന്നത്. പോപ്പ് ഫ്രാന്‍സിസ് തുടങ്ങി വെച്ച സഭയുടെ ആധുനികീകരണ പരിപാടികള്‍ക്ക് ആക്കം കൂട്ടുന്ന യാതൊന്നും ബെനഡിക്ട് തന്റെ കാലയളവില്‍ ചെയ്തില്ലെന്ന് ആരോപിക്കപ്പെട്ടിരുന്നു. 2005 മുതല്‍ 2013 വരെയുള്ള കാലയളവില്‍ സാമുഹ്യപ്രശ്നങ്ങളില്‍ ഇസ്ലാം വിരുദ്ധമായ നിലപാടാണ് ഇദ്ദേഹം പുലര്‍ത്തിയിരുന്നതെന്നും ആരോപണമുണ്ട്.

നാസി കാലഘട്ടത്തില്‍ ഹിറ്റ്‌ലറുടെ പട്ടാളത്തിന് ആത്മീയ മാര്‍ഗദര്‍ശം നല്‍കാന്‍ നൂറുകണക്കിന് കത്തോലിക്കാ പുരോഹിതര്‍ തയ്യാറായിരുന്നെന്ന് ഈയിടെ ജര്‍മനിയിലെ കത്തോലിക്കാ സഭ കുറ്റസമ്മതം നടത്തിയിരുന്നു. യുദ്ധം അരുതെന്ന് വ്യക്തമായി പറയാന്‍ ബിഷപ്പുമാര്‍ അക്കാലത്ത് തയ്യാറായില്ലെന്നും ഈ രേഖാമൂലമുള്ള കുറ്റസമ്മതത്തില്‍ പറഞ്ഞിരുന്നു. ലൈംഗികത സംബന്ധിച്ചും സജീവമായ ചര്‍ച്ചകളാണ് ജര്‍മന്‍ കത്തോലിക്കാ സഭയില്‍ നടക്കുന്നത്. ഇതിലെല്ലാം ബെനഡിക്ട് പതിനാറാമന്‍ യാഥാസ്ഥിതിക പക്ഷത്താണ് നില്‍ക്കുന്നത്. സ്ത്രീകളെ പുരോഹിതരാക്കുന്നതും സ്വവര്‍ഗലൈംഗികതയുമെല്ലാം ചര്‍ച്ചകളില്‍ വരുന്നുണ്ട്.


Next Story

Related Stories