TopTop
Begin typing your search above and press return to search.

പിതാവിൻ്റെ കൊലയാളികൾക്ക് മാപ്പ് നൽകുന്നു - സൗദി വധിച്ച മാധ്യമപ്രവര്‍ത്തകന്‍ ജമാൽ ഖഷോഗിയുടെ മക്കൾ, എതിർപ്പുമായി ഖഷോഗിയുടെ കാമുകി

പിതാവിൻ്റെ കൊലയാളികൾക്ക് മാപ്പ് നൽകുന്നു - സൗദി വധിച്ച മാധ്യമപ്രവര്‍ത്തകന്‍ ജമാൽ ഖഷോഗിയുടെ മക്കൾ, എതിർപ്പുമായി ഖഷോഗിയുടെ കാമുകി

പിതാവിനെ കൊന്നവര്‍ക്ക് മാപ്പ് നല്‍കുന്നതായി സൗദി അറേബ്യന്‍ കമാന്‍ഡോകള്‍ കൊലപ്പെടുത്തിയ വിമത മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ മക്കള്‍. വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട് അഞ്ച് സൗദി ഗവണ്‍മെന്റ് ഏജന്റുമാര്‍ക്കാണ് ഖഷോഗിയുടെ കുടുംബം മാപ്പ് നല്‍കിയത്. ജമാല്‍ ഖഷോഗിയുടെ മക്കളായ ഞങ്ങള്‍, ഞങ്ങളുടെ പിതാവിനെ കൊലപ്പെടുത്തിയവര്‍ക്ക് മാപ്പ് നല്‍കുന്നു. അവര്‍ക്കുള്ള ശിക്ഷ ദൈവം നല്‍കട്ടെ - മകന്‍ സലാ ഖഷോഗി ട്വീറ്റ് ചെയ്തു. ഖഷോഗിയുടെ മൃതദേഹത്തിന് എന്ത് സംഭവിച്ചു എന്നത് രണ്ട് വർഷത്തിന് ശേഷവും വ്യക്തമല്ല. ആസിഡിൽ അലിയിപ്പ് കളഞ്ഞു എന്നടക്കം തുർക്കി അന്വേഷണ ഏജൻസികൾ പറഞ്ഞിരുന്നു.

സൗദിയില്‍ താമസിക്കുന്ന സലാ ഖഷോഗിക്ക്, പിതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സൗദി റോയല്‍ കോടതി ഉത്തരവ് പ്രകാരം സാമ്പത്തിക നഷ്ടപരിഹാരം ലഭിച്ചിരുന്നു. റമദാന്‍ മാസത്തില്‍ കൊലയാളികള്‍ക്ക് മാപ്പ് നല്‍കുന്നതായി സലാ ഖുറേഷി അറിയിച്ചു. ഇത് വധശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ പ്രതികളെ സഹായിച്ചേക്കും. എന്നാൽ ഇവർക്ക് തടവ് ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനാകില്ല എന്ന് അറബ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം മക്കളുടെ തീരുമാനത്തിൽ എതിർപ്പുമായി ഖഷോഗിയുടെ കാമുകിയും പ്രതിശ്രുത വധുവുമായിരുന്ന തുർക്കി സ്വദേശി ഹാറ്റിസ് സെന്‍ഗിസ് പറഞ്ഞു. പൈശാചികമായ കൊലപാതകമാണ് നടന്നത്. അതിന് മാപ്പ് നല്‍കാന്‍ ആര്‍ക്കും അവകാശമില്ല. ഖഷോഗിയ്ക്ക് നീതി കിട്ടുന്നത് വരെ താനടക്കം അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ പോരാട്ടം അവസാനിപ്പിക്കില്ലെന്ന് ഹാറ്റിസ് പറഞ്ഞു. കൊല്ലാനുള്ള വ്യക്തമായ പദ്ധതിയോടെയാണ് സൗദിയില്‍ നിന്നുള്ളവരെത്തിയത്. കൊലയാളികള്‍ക്കും അതിന് ഉത്തരവിട്ടവര്‍ക്കും ഞങ്ങള്‍ മാപ്പ് നല്‍കില്ല - ഹാറ്റിസ് പറഞ്ഞു.

2018 ഒക്ടോബര്‍ രണ്ടിന് തുര്‍ക്കിയിലെ ഇസ്താംബുളിലുള്ള സൗദി കോണ്‍സുലേറ്റില്‍ വിവാഹാവശ്യത്തിനുള്ള രേഖകള്‍ക്കായി എത്തിയപ്പോളാണ് സൗദി ഏജന്റുമാര്‍ ഖഷോഗിയെ വധിച്ചത്. കിരീടാവകാശി മുഹമ്മദ് ബില്‍ സല്‍മാന്‍ രാജകുമാരന്റെ നിര്‍ദ്ദേശപ്രകാരമാണ് കൊല നടത്തിയത് എന്നാണ് ആരോപണം. സൗദിക്കും സല്‍മാനുമെതിരെ അന്താരാഷ്ട്ര തലത്തില്‍ വലിയ എതിര്‍പ്പുയരാന്‍ ഖഷോഗി വധം കാരണമായിരുന്നു. സല്‍മാന് പങ്കില്ലെന്നും സൗദിക്കാരായ ഒരു സംഘം തെമ്മാടികളാണ് കൊല നടത്തിയത് എന്നുമാണ് സൗദിയുടെ വാദം. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും സിഐഎയും അടക്കം ഒരു ഘട്ടത്തില്‍ സല്‍മാന്റെ പങ്കിനെക്കുറിച്ച് സംശയിക്കുന്നതായി പറഞ്ഞിരുന്നു. വാഷിംഗ്ടണ്‍ പോസ്റ്റിന്റെ കോളമിസ്റ്റ് ആയിരുന്ന ജമാല്‍ ഖഷോഗി അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ സല്‍മാന്‍ രാജകുമാരന്റെ ഭരണനിയന്ത്രണത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ഖഷോഗി വധത്തിൽ 11 പേരെയാണ് സൗദി വിചാരണ ചെയ്തത്. ഇതില്‍ അഞ്ച് പേരെ വധശിക്ഷയ്ക്ക് വിധിക്കുകയും മൂന്ന് പേര്‍ക്ക് 24 വര്‍ഷം തടവ് വിധിക്കുകയും ബാക്കി മൂന്ന് പേരെ വെറുതെവിടുകയും ചെയ്തിരുന്നു. ആദ്യം സൗദിയില്‍ നിന്നുള്ള ആര്‍ക്കും കൊലയില്‍ പങ്കില്ല എന്നായിരുന്നു സൗദി ഭരണകൂടത്തിന്റെ വാദം. എന്നാല്‍ പിന്നീട് തുര്‍ക്കിയും മറ്റ് രാജ്യങ്ങളും ഉയര്‍ത്തിയ വലിയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തങ്ങളുടെ ഏജന്റുമാരാണ് കൊല നടത്തിയത് എന്ന് സൗദി അറേബ്യ സമ്മതിക്കുകയായിരുന്നു.


Next Story

Related Stories