TopTop
Begin typing your search above and press return to search.

രാജ്യദ്രോഹ കേസിൽ മുൻ പ്രസിഡൻ്റ് മുഷറഫിന് പാകിസ്താൻ കോടതിയുടെ വധശിക്ഷ

രാജ്യദ്രോഹ കേസിൽ മുൻ പ്രസിഡൻ്റ് മുഷറഫിന് പാകിസ്താൻ കോടതിയുടെ വധശിക്ഷ

പാകിസ്താന്‍ മുന്‍ പ്രസിഡന്റും സൈനിക സ്വേച്ഛാധിപതിയുമായിരുന്ന ജനറല്‍ പര്‍വേസ് മുഷറഫിന് ഇസ്ലാമബാദിലെ പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. രാജ്യദ്രോഹ കേസിലാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. പെഷവാര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വഖാര്‍ അഹമ്മദ് സേത്ത്, സിന്ധ് ഹൈക്കോടതിയിലെ ജസ്റ്റിസ് നാസര്‍ അക്ബര്‍, ലാഹോര്‍ ഹൈക്കോടതിയിലെ ഷാഹിദ് കരീം എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് വിധി. നവംബര്‍ 19ന് കോടതി കേസില്‍ വിധി പറയാന്‍ മാറ്റുകയായിരുന്നു. മൂന്നംഗ ബഞ്ചില്‍ രണ്ട് ജഡ്ജിമാര്‍ മുഷറഫിന് വധശിക്ഷ വിധിച്ചപ്പോള്‍ ഒരാള്‍ എതിര്‍ത്തുവെന്ന് പാക് മാധ്യമം ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2007 നവംബര്‍ മൂന്നിന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച മുഷറഫ് ഭരണഘടനയെ അട്ടിമറിക്കുന്ന പ്രവര്‍ത്തനമാണ് നടത്തിയത് എന്ന് കോടതി വിലയിരുത്തി.

2013 ഡിസംബറിലാണ് രാജ്യദ്രോഹ കേസില്‍ കോടതി നടപടികള്‍ തുടങ്ങിയത്. 2014 മാര്‍ച്ച് 31ന് കോടതി മുഷറഫിന് മേല്‍ കുറ്റം ചുമത്തിയിരുന്നു. നിലവില്‍ ദുബായില്‍ പ്രവാസജീവിതം നയിക്കുന്ന മുഷറഫിനെ 2016 ജൂണ്‍ 19ന് കോടതി ഒളിച്ചോടി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ആറ് തവണയാണ് വിചാരണക്കിടെ പ്രത്യേക കോടതി പുനസംഘടിപ്പിച്ചത്.

1അതേസമയം അന്തിമവിധി പ്രസ്താവിക്കാന്‍ പ്രത്യേക കോടതിയെ അനുവദിക്കരുത് എന്ന് ആവശ്യപ്പെട്ടും വിധി പറയുന്നത് മാറ്റിവയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ചു പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്രീക് ഇ ഇന്‍സാഫ് കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന്് നവംബര്‍ 27ന് ഇസ്ലാമബാദ് ഹൈക്കോടതി, വിധി പ്രസ്താവിക്കുന്നതില്‍ നിന്ന് പ്രത്യേക കോടതിയെ തടഞ്ഞിരുന്നു.

പുതുതായി മൂന്ന് ഹര്‍ജികളുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. മുന്‍ പ്രധാനന്ത്രി ഷൗക്കത്ത് അസീസ്, സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് അബ്ദുള്‍ ഹമീദ് ദോഗാര്‍, മുന്‍ നിയമ മന്ത്രി സാഹിദ് ഹമീദ് എന്നിവരെ കേസില്‍ പ്രതികളാക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളായിരുന്നു ഇവ. മുഷറഫിന്റെ എല്ലാ കൂട്ടാളികളേയും വിചാരണ ചെയ്യേണ്ടതുണ്ട് എന്നും എല്ലാവരുടേയും വിചാരണ ഒരുമിച്ച് നടക്കേണ്ടതുണ്ട്് എന്നുമാണ് പ്രോസിക്യൂട്ടര്‍ വാദിച്ചത്. അതേസമയം കോടതി പിന്നീട് തള്ളി.


Next Story

Related Stories