TopTop
Begin typing your search above and press return to search.

ഫ്രാന്‍സിലും മരണ സംഖ്യ 10,000 കവിഞ്ഞു, ലോകാരോഗ്യ സംഘടനയ്ക്ക് പണം നല്‍കില്ലെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്

ഫ്രാന്‍സിലും മരണ സംഖ്യ 10,000 കവിഞ്ഞു, ലോകാരോഗ്യ സംഘടനയ്ക്ക് പണം നല്‍കില്ലെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്

കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഫ്രാന്‍സില്‍ 10,000 കവിഞ്ഞു. ഇതോടെ കൊവിഡ് ബാധ മൂലം 10000 ത്തിലധികം പേര്‍ മരിക്കുന്ന നാലമത്തെ രാജ്യമായി ഫ്രാന്‍സ്. ഇറ്റലി, സ്‌പെയിന്‍ അമേരിക്ക എന്നി രാജ്യങ്ങളിലാണ് ഇതിനകം 10,000 ലധികം ആളുകള്‍ മരിച്ചത്. ലോകാരോഗ്യ സംഘടന നേരത്തെ മുന്നറിയിപ്പ് നല്‍കാത്തതാണ് ഇത്രയധികം മരണം സംഭവിക്കാന്‍ കാരണമായതെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് രംഗത്തെത്തി. ലോകാരോഗ്യ സംഘടനയ്ക്ക് അമേരിക്ക നല്‍കുന്ന സാമ്പത്തിക സഹായം നിര്‍ത്തിവെയ്ക്കുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഇന്നലെയാണ് ഫ്രാന്‍സിലും അമേരിക്കയിലും ഏറ്റവും കൂടുതല്‍ മരണം ഉണ്ടായത്. ഫ്രാന്‍സില്‍ 607 പേര്‍ സര്‍ക്കാര്‍ ആശുപത്രികളിലും 800 ലധികം പേര്‍ നഴ്‌സിംങ് ഹോമുകളിലുമായി മരിച്ചതായാണ് കണക്കാക്കുന്നത്. നിയന്ത്രണം ലംഘിച്ച് ആളുകള്‍ പുറത്തിറങ്ങുന്നത് തടയാന്‍ സര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കി. അമേരിക്കിയിലും മരണ സംഖ്യ കുതിക്കുകയാണ്. ഇന്നലെ മാത്രം 1736 പേരാണ് അമേരിക്കയില്‍ മരിച്ചത്. ഇത്രയധികം ആളുകള്‍ ഒരു ദിവസം അമേരിക്കയില്‍ മരിക്കുന്നത് ഇതാദ്യമാണ്. 12722 പേരാണ് ഇതിനകം അമേരിക്കയില്‍ മരിച്ചത്. അതിനിടെ ലോകാരോഗ്യ സംഘടനയ്ക്കതെിരെ രൂക്ഷവിമര്‍ശനവുമായി ട്രംപ് വീണ്ടും രംഗത്തെത്തി. ചൈനയ്ക്ക് അനുകൂല സമീപനമാണ് ലോകാരോഗ്യ സംഘടന സ്വീകരിക്കുന്നതെന്ന ആരോപണം ആവര്‍ത്തിച്ച ട്രംപ് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കുന്നതില്‍ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടുവെന്നും ആവര്‍ത്തിച്ചു. ഈ സാഹചര്യത്തില്‍ സംഘടനയ്ക്കുള്ള ധന സഹായം തുടരുന്നത് അമേരിക്ക നിര്‍ത്തിവെയ്ക്കുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി. അമേരിക്ക കൂടുതല്‍ ടെസ്റ്റുകള്‍ നടത്തുന്നത് കൊണ്ടാണ് കൂടുതല്‍ രോഗികള്‍ ഉണ്ടെന്ന് കണ്ടെത്തിയതെന്നും, പല രാജ്യങ്ങളും പുറത്തുവിടുന്ന കണക്കുകള്‍ ശരിയല്ലെന്നും ട്രംപ് നേരത്തെ ആവര്‍ത്തിച്ചിരുന്നു ഇതിനകം 81250 ആളുകളാണ് കൊവിഡ് ബാധമൂലം മരിച്ചത്. 14 ലക്ഷം ആളുകള്‍ രോഗ ബാധിതരായിട്ടുണ്ട്. കോവിഡ് ബാധയെ തുടര്‍ന്ന് ചികില്‍സയിലായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രണ്ടാം ദിവസവും തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുകയാണ്. ജോണ്‍സന്റെ ആരോഗ്യ നില തൃപ്തി കരമാണെന്ന് അധികൃതര്‍ അറിയിച്ചു. 6159 പേരാണ് ബ്രിട്ടനില്‍ ഇതുവരെ മരിച്ചത്. 55242 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡിനെതിരെ യുറോപ്യന്‍ യൂണിയന്‍ സ്വീകരിക്കുന്ന നടപടികള്‍ നിരാശജനകമാണെന്ന് ആരോപിച്ച് പ്രശസ്ത ശാസ്ത്രജ്ഞന്‍ മൗറോ ഫെറാറി യുറോപ്യന്‍ യൂണിയന്‍ റിസര്‍ച്ച് കൗണ്‍സില്‍ സ്ഥാനം രാജിവെച്ചു. കൊവിഡിനെതിരെ യുറോപ്യന്‍ യൂണിയന്‍ സ്വീകരിക്കുന്ന സമീപനം ആ രാഷ്ട്ര കൂട്ടായ്മയെ കുറിച്ചുള്ള എല്ലാ പ്രതീക്ഷയും ഇല്ലാതാക്കിയെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡിനെ നേരിടാന്‍ ഒരു ബില്യണ്‍ ഡോളര്‍ സംഭാവനയായി നല്‍കുമെന്ന് ട്വീറ്റര്‍ ചീഫ് എക്‌സിക്യൂട്ടീവ് ജാക് ഡോര്‍സെ പറഞ്ഞു. തന്റെ സമ്പത്തിന്റെ 28 ശതമാനമാണിതെന്നാണ് അദ്ദേഹം പറഞ്ഞത്.


Next Story

Related Stories