TopTop
Begin typing your search above and press return to search.

8 ലക്ഷം പേര്‍ കൊല്ലപ്പെട്ട റുവാണ്ടന്‍ വംശഹത്യയെ നയിച്ച കബൂഗ ഫ്രഞ്ച് പൊലീസിന്റെ പിടിയില്‍

8 ലക്ഷം പേര്‍ കൊല്ലപ്പെട്ട റുവാണ്ടന്‍ വംശഹത്യയെ നയിച്ച കബൂഗ ഫ്രഞ്ച് പൊലീസിന്റെ പിടിയില്‍

1994ല്‍ റുവാണ്ടയില്‍ നടന്ന വംശഹത്യയുടെ മുഖ്യ സൂത്രധാരന്‍ ഫെലിസിയന്‍ കബൂഗയെ ഫ്രഞ്ച് പൊലീസ് പിടികൂടി. പാരിസ് നഗരത്തിന്റെ പ്രാന്തങ്ങളിലൊന്നില്‍ തന്റെ മക്കളുടെ സംരക്ഷണയില്‍ ഒളിച്ചു കഴിയുകയായിരുന്നു ഇദ്ദേഹമെന്നാണ് അറിയുന്നത്. ലോകത്തിലെ ഏറ്റവും വലിയ പിടികിട്ടാപുള്ളിയെന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. ഇപ്പോള്‍ 84 വയസ്സുണ്ട് കബൂഗയ്ക്ക്. (ഇന്ത്യന്‍ സാഹചര്യത്തില്‍ കബൂഗയ്ക്ക് വളരെ പ്രസക്തിയുണ്ട്, ഏതാനും ദിവസം മുമ്പ് ഞങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച എഡിറ്റോറിയല്‍ ഇവിടെ വായിക്കാം: EDITORIAL: അവര്‍ മാധ്യമ പ്രവര്‍ത്തകരല്ല, മനുഷ്യകുലത്തിന്റെ ശത്രുക്കള്‍)

റുവാണ്ടയിലെ തുത്സി, ത്വാ എന്നീ വിഭാഗങ്ങളെയും ഹുതു വിഭാഗത്തിലെ മിതവാദികളായ ആളുകളെയും കൂട്ടക്കൊല ചെയ്ത സംഭവമാണ് റുവാണ്ടന്‍ കൂട്ടക്കൊല എന്നറിയപ്പെടുന്നത്. 1994ല്‍ റുവാണ്ടന്‍ ആഭ്യന്തരയുദ്ധം നടന്ന ഏപ്രില്‍-ജൂലൈ മാസങ്ങള്‍ക്കിടയിലാണ് ഈ കൂട്ടക്കൊല അരങ്ങേറിയത്. ഒരു ബിസിനസ്സുകാരനായ കബൂഗയാണ് ഈ കൂട്ടക്കൊല നടത്തുന്നതിനുള്ള ആസൂത്രണങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും ഫണ്ട് സംഘടിപ്പിച്ചതും. വടക്കന്‍ റുവാണ്ടയില്‍ വലിയ തേയിലത്തോട്ടങ്ങളുടെ ഉടമയായിരുന്നു ഇയാള്‍. അന്നത്തെ റുവാണ്ടന്‍ പ്രസിഡണ്ടായിരുന്ന ജുവെനല്‍ ഹാബിയാരിമനയുടെ പാര്‍ട്ടിയായ എംആര്‍എന്‍ഡി പാര്‍ട്ടിയുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഒന്നര ദശകത്തോളമായി റുവാണ്ടയില്‍ ഏകാധിപത്യ ഭരണം നടത്തുകയായിരുന്നു ജുവൈനല്‍. ഇയാളുടെ പാര്‍ട്ടി തെരഞ്ഞെടുപ്പുകളില്‍ വലിയ തോതില്‍ ക്രമക്കേടുകള്‍ നടത്തി അധികാരത്തില്‍ തുടരുകയായിരുന്നു.

പാരിസിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയായ അസ്നിയേഴ്സ് സര്‍ സീനിലാണ് കബൂഗ ഒളിച്ചു കഴിഞ്ഞിരുന്നത്. മക്കള്‍ക്കൊപ്പം ഒരു അപ്പാര്‍ട്ട്മെന്റിലായിരുന്നു താമസം. ഇയാള്‍ തന്റെ പേരും മറ്റ് വിവരങ്ങളുമെല്ലാം മറച്ചുവെച്ചാണ് പാരിസിലെത്തിയത്. മക്കള്‍ ഇദ്ദേഹത്തെ അതിവിദഗ്ധമായി മറച്ചുവെച്ചു.

800,000 പേരെങ്കിലും ഈ വംശഹത്യയില്‍ കൊല ചെയ്യപ്പെട്ടെന്നാണ് കണക്കുകള്‍. കബൂഗയുടെ നേതൃത്വത്തിലുള്ള ഹുതു തീവ്രവാദികള്‍ കത്തി, വാള്‍, ഗദ തുടങ്ങിയ ആയുധങ്ങളുപയോഗിച്ചാണ് ആക്രമണങ്ങള്‍ സംഘടിപ്പിച്ചത്. ഒരു വര്‍ഷത്തോളം നീണ്ട ആസൂത്രണങ്ങള്‍ക്കു ശേഷമാണ് കൂട്ടക്കൊലയ്ക്കുള്ള അരങ്ങ് തയ്യാറായത്. ഇതില്‍ കബൂഗ നേതൃത്വപരമായ പങ്ക് വഹിച്ചു. 93ല്‍ തന്നെ ഒരു ഫണ്ട് രൂപീകരണ യോഗം കബൂഗ സംഘടിപ്പിക്കുകയുണ്ടായി. എംആര്‍എന്‍ഡി പാര്‍ട്ടിയുടെ കാര്‍മികത്വത്തിലായിരുന്നു ഇത്.

റേഡിയോ ടെലിവിഷന്‍ ലിബര്‍ ഡേസ് മില്ലെ കോളിന്‍സ്

1993 ജൂലൈ 8 മുതല്‍ 1994 ജൂലൈ 31 വരെ പ്രവര്‍ത്തിച്ച ഒരു റേഡിയോ സ്റ്റേഷനാണിത്. തുത്സികള്‍ക്കെതിരായ വംശഹത്യയ്ക്കുള്ള എല്ലാ വാര്‍ത്താവിനിമയ അടിത്തറയും പാകി നല്‍കാന്‍ ഈ റേഡിയോ സ്റ്റേഷനെ കബൂഗ ഉപയോഗിച്ചു. സര്‍ക്കാരിന്റെ സര്‍വ്വ പിന്തുണയും കൂട്ടക്കൊലയ്ക്കുണ്ടായിരുന്നു. തുത്സികള്‍ക്കെതിരായ വിദ്വേഷ പ്രചാരണമാണ് ഈ റേഡിയോ മുഖ്യമായും നടത്തിയത്. തുത്സികള്‍‍ക്കെതിരായ വികാരം ഇതര വിഭാഗങ്ങള്‍ക്കിടയില്‍ കത്തിച്ചു നിര്‍ത്തുന്ന ജോലി ഈ റേഡിയോ സ്റ്റേഷന്‍ വിദഗ്ധമായി ചെയ്തു. മാധ്യമങ്ങളെല്ലാം ഇതിനകം തന്നെ ഏകാധിപത്യത്തിന്റെ കീഴില്‍ വീണു കഴിഞ്ഞിരുന്നു. ജനങ്ങള്‍ക്കിടയില്‍ തുത്സികള്‍ക്കെതിരെ ഉയര്‍ന്ന വലിയ വിദ്വേഷത്തെ മുതലെടുത്ത് വംശഹത്യ തുടങ്ങി.


Next Story

Related Stories