TopTop
Begin typing your search above and press return to search.

ജനസമ്പര്‍ക്ക പരിപാടിക്കിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് മുഖത്തടിയേറ്റു; മൂന്നുപേര്‍ പിടിയില്‍

ജനസമ്പര്‍ക്ക പരിപാടിക്കിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് മുഖത്തടിയേറ്റു; മൂന്നുപേര്‍ പിടിയില്‍

ജനസമ്പര്‍ക്ക പരിപാടിക്കിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് മുഖത്തടിയേറ്റു. കോവിഡ് സാഹചര്യം മനസിലാക്കുന്നതിനായി രാജ്യവ്യാപകമായി നടത്തുന്ന യാത്രക്കിടെയാണ് ആക്രമണം. തെക്കന്‍ ഫ്രാന്‍സിലെ ഡ്രോമില്‍, ജനങ്ങളുമായി സംവദിക്കുന്നതിനിടെ ഒരാള്‍ മാക്രോണിന്റെ മുഖത്തടിച്ചത്.


സുരക്ഷാവേലിക്കു സമീപം നില്‍ക്കുന്നവരുടെ അടുത്തേക്കെത്തിയ മാക്രോണ്‍ ഹസ്തദാനത്തിനായി കൈ നീട്ടവെ ഒരാള്‍ കവിളത്ത് അടിക്കുകയായിരുന്നു. ഉടന്‍തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ട് അദ്ദേഹത്തെ മാറ്റി. മുഖത്തടിച്ചയാളെയും കൂടെയുണ്ടായിരുന്ന രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, പ്രകോപനത്തിന് പിന്നിലെ കാരണം വ്യക്തമല്ല. മാക്രോണിനുനേരെ നടന്ന ആക്രമണം ഏറ്റവും വലിയ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തുന്നത്. അതേസമയം, ഒറ്റപ്പെട്ട സംഭവമെന്നാണ് മാക്രോണ്‍ പ്രതികരിച്ചത്. പൊതുസംവാദങ്ങളില്‍ ഇത്തരത്തിലുള്ള അതീവ അക്രമകാരികളായ ആളുകളെ ഉള്‍പ്പെടുത്താതിരിക്കുക. അവരത് അര്‍ഹിക്കുന്നില്ലെന്ന് മാക്രോണ്‍ ഫ്രഞ്ച് പത്രത്തോട് പ്രതികരിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

2022ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കൂടി കണക്കിലെടുത്താണ് മാക്രോണിന്റെ പര്യടനം. കഴിഞ്ഞദിവസങ്ങളില്‍ ഫ്രാന്‍സിലെ തെക്കു കിഴക്കന്‍ പ്രവിശ്യകളിലായിരുന്നു അദ്ദേഹത്തിന്റെ സന്ദര്‍ശനം. ഡ്രോമില്‍ വിദ്യാര്‍ഥികളുമായും റെസ്റ്റോറന്റ് ഉടമകളുമായും കൂടിക്കാഴ്ചയും നിശ്ചയിച്ചിരുന്നു. കോവിഡിനുശേഷം ജനജീവിതം സാധാരണനിലയിലേക്ക് തിരിച്ചുവരുന്നതിനെക്കുറിച്ച് നേരിട്ട് ചോദിച്ചറിയുന്നതിനായാണ് ഇത്തരം കൂടിക്കാഴ്ചകള്‍.


Next Story

Related Stories