ആഫ്രിക്കയിലെ ചെറു രാജ്യമായ ഗാംബിയ മ്യാന്മറിന്റെ വംശീയഹത്യയ്ക്കെതിരെ അന്താരാഷ്ട്ര കോടതിയില്‍

റോഹിങ്ക്യന്‍ മൂസ്ലീങ്ങള്ക്കെതിരായ വംശീയഹത്യയില്‍ അന്താരാഷ്ട്ര സമൂഹം പല രീതിയില്‍ ആശങ്ക രേഖപ്പെടുത്തിയതാണ്. ഐക്യരാഷ്ട്ര സഭയും ഇക്കാര്യത്തില്‍ മ്യാന്മര് സര്‍ക്കാരിനെതിരെ രംഗത്തുവന്നതാണ്. മ്യാന്മര് നേതാവ് ഓങ് സാന്‍ സൂകിയ്ക്ക് നല്കിയ നൊബെല്‍ സമ്മാനം തിരിച്ചെടുക്കണമെന്നും ആവശ്യവും ശക്തമായി. എന്നാല്‍ ഇപ്പോള്‍ ആഫ്രിക്കയിലെ ഒരു ചെറു രാജ്യം വംശഹത്യയ്ക്ക് മ്യാന്മറിനെതിരെ നടപടിയാവശ്യപ്പെട്ട് അന്താരാഷ്ട്ര കോടതിയെ സമീപിച്ചിരിക്കയാണ്. ഹര്‍ജി സ്വീകരിക്കപ്പെടുകയാണെങ്കില്‍ ഇതാദ്യമായിട്ടായിരിക്കും വംശഹത്യയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര നീതിന്യായ കോടതി സ്വന്തം നിലയില്‍ അന്വേഷണം നടത്തുക.
കഴിഞ്ഞ ദിവസമാണ് മ്യാന്മാറിനെതിരെ 46 പേജുള്ള ഹര്‍ജിയാണ് ഗാംബിയ സമര്‍പ്പിച്ചത്. മ്യാന്മാറിലെ റാക്കിനില് റോഹിങ്ക്യ മുസ്ലീം വിഭാഗത്തില്‍പ്പെട്ടവരെ കൂട്ടക്കൊലയ്ക്കും ബലാല്‍സംഗത്തിനും വിധേയമാക്കിയെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. 1948 ലെ വംശഹത്യയ്ക്കെതിരായ കണ്‍വന്‍ഷനിലെ തീരുമാനങ്ങള്‍ക്കനുസരിച്ചാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് അന്താരാഷ്ട്ര ധാരണകളും നിയമങ്ങളും ലംഘിച്ചാല്‍ ഒരു രാജ്യത്തിന് മറ്റൊരു അംഗരാജ്യത്തിനെതിരെ നടപടിയെടുക്കമെന്ന ചൂണ്ടിക്കാട്ടിയാണ് മ്യാന്മറിനെതിരെ ഗാംബിയ ഹര്‍ജി നല്‍കിയിരിക്കുന്നത്.
വംശഹത്യയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ട്രിബ്യൂണലുകളുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നേരത്തെ സെര്‍ബിയക്കെതിരായ നിലപാടുകള്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി സ്വീകരിച്ചത്.
അന്താരാഷ്ട്ര രാജ്യങ്ങളുടെ കൂട്ടായ്മയായി ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോപ്പറേഷന് അംഗമാണ് ആഫ്രിക്കയിലെ ചെറു രാജ്യമായ ഗാംബിയ
' ചെറിയ രാജ്യമാണെങ്കിലും അന്താരാഷ്ട്ര മനുഷ്യാവകാശ വിഷയങ്ങളില്‍ ഗാംബിയയുടെ ശബ്ദം ലോകത്തെമ്പാടും ശ്രദ്ധിക്കുന്നതാണ്' വൈസ് പ്രസിഡന്റ് ഇസാതൗ തൗറെ പറഞ്ഞു.
2016ലും മറ്റും മ്യാന്മര് റോഹിങ്ക്യന്‍ വംശജര്‍ക്കെതിരെ നടത്തിയ ആക്രമണങ്ങള്‍ ഒരു വിഭാഗത്തെ തന്നെ ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടള്ളതാണെന്ന് ആരോപിച്ചാണ് ഗാംബിയ അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്. റോഹിങ്ക്യന്‍ വംശജര്‍ക്കെതിരായ ആക്രമണത്തിനും സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രചാരണത്തിനും നേതൃത്വം നല്കിയതും മ്യാന്മാര് പട്ടാളമായിരുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കി. റോഹിങ്ക്യന്‍ വംശജര്‍ക്കെതിരായ നടപടികള്‍ പട്ടാളം ആരംഭിച്ചതോടെയാണ് അവര്‍ക്കെതിരെ ആക്രമണവും അറസ്റ്റും ബലാല്‍സംഗങ്ങളും തുടര്കഥകളായെന്നും ഗാംബിയ ആരോപിച്ചു. പളളികള്‍ തകര്‍ക്കപ്പെട്ടു. വീടുകള്‍ തീവെച്ച് നശിപ്പിക്കപ്പെടുകയും കടകള്‍ കൊള്ളയടിക്കപ്പെടുകയും ചെയ്തു. ദര് ഗീ സര് എന്ന പ്രദേശത്ത് ആളുകളെ വെടിവെച്ചുകൊലപെടുത്തിയതിനെകുറിച്ചുള്ള ഐക്യരാഷ്ട്ര സഭ റിപ്പോര്‍ട്ടും പരാതിയില്‍ ഉന്നയിക്കുന്നു.ഇപ്പോഴും അവിടെ കഴിയുന്ന റോഹിങ്ക്യന്‍ വംശജര്‍ കനത്ത ഭീതിയിലാണ് കഴിയുന്നതെന്നും ഗാംബിയ നല്കിയ ഹര്‍ജിയില്‍ ആരോപിക്കുന്നു.
ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ അന്താരാഷ്ട്ര സമൂഹം കാഴ്ചക്കാരായി ഇരിക്കില്ലെന്ന് മ്യാന്മാറിനെ ബോധ്യപ്പെടുത്തുക കൂടി ഹര്‍ജി അയക്കുന്നതിലൂടെ ലക്ഷ്യമിടുന്നുണ്ടെന്ന് രാജ്യത്തെ സോളിസിറ്റര്‍ ജനറല്‍ അബുബകര്‍ മാരി തംബാദൗ പറഞ്ഞു. മ്യാന്മാര് പോലുളള രാജ്യങ്ങളുടെ ചെയ്തികള്‍ക്കെതിരെയാണ് ജനീവയില്‍ അന്താരാഷ്ട്ര കണ്വെന്ഷന് നിലവില്‍ വന്നിട്ടുള്ളതെന്ന് ഗാംബിയയുടെ അഭിഭാഷകന് സാന്റ്സ് വ്യക്താക്കി.
പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയിലെ ജനസംഖ്യയില്‍ 90 ശതമാനവും മുസ്ലീങ്ങളാണ്. ആഫ്രിക്കയിലെ ഏറ്റവും ചെറിയ രാജ്യമാണ് ഗാംബിയ.
Next Story