TopTop
Begin typing your search above and press return to search.

കൊറോണ എങ്ങനെ വന്നു? ചൈന മറുപടി പറയണം - ജർമ്മൻ ചാൻസിലർ ആഞ്ജല മെർക്കൽ

കൊറോണ എങ്ങനെ വന്നു? ചൈന മറുപടി പറയണം - ജർമ്മൻ ചാൻസിലർ ആഞ്ജല മെർക്കൽ

കൊറോണ വൈറസ് എവിടെ നിന്ന് വന്നു എന്നത് സംബന്ധിച്ച് ചൈന മറുപടി പറയണമെന്നും ഇക്കാര്യത്തില്‍ സുതാര്യത വേണമെന്നും ജര്‍മ്മന്‍ ചാന്‍സിലര്‍ ആഞ്ജല മെര്‍ക്കല്‍. നേരത്തെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും മറ്റും ചൈനയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. വുഹാനിലെ ലാബില്‍ നിന്ന് ചോര്‍ന്നതായാരിക്കാം കൊറോണ വൈറസ് എന്ന് യുഎസ് ഉദ്യോഗസ്ഥര്‍ ആരോപിക്കുകയും ചൈന ഇത് തള്ളിക്കളയുയകയും ചെയ്തിരുന്നു. എച്ച്‌ഐവി വൈറസിന്റെ കണ്ടുപിടിത്തത്തിന് വൈദ്യശാസ്ത്ര നോബെല്‍ നേടിയ ഫ്രഞ്ച് വൈറോളജിസ്റ്റ് ലൂക്ക് മൊണ്ടാഗ്നിയറും ചൈനയാണ് വൈറസ് ഉണ്ടാക്കിയതെന്ന ആരോപണമുന്നയിച്ചിരുന്നു.

കോറോണ വൈറസ് വന്ന ആദ്യ ദിവസങ്ങളിലെ കൂടുതല്‍ വിവരങ്ങള്‍ ആവശ്യമാണ് എന്ന് ആഞ്ജല മെര്‍ക്കല്‍ പറഞ്ഞു. വൈറസിന്റെ ഉദ്ഭവം സംബന്ധിച്ച് ചൈന കൂടുതല്‍ സുതാര്യത കാണിക്കുന്നത് ലോകത്തെല്ലാവര്‍ക്കും ഇതില്‍ നിന്ന് പാഠമുള്‍ക്കൊള്ളാന്‍ സഹായകമാകും - മെര്‍ക്കല്‍ ബെര്‍ലിനില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വുഹാനിലെ ഒരു ഇറച്ചിച്ചന്തയില്‍ നിന്നാണ് വൈറസിന്റെ ഉദ്ഭവമെന്നാണ് ചൈനീസ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അതേസമയം വുഹാനിലെ ഒരു വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്ന് ചോര്‍ന്നതാണ് വൈറസ് എന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് (വിദേശകാര്യ വകുപ്പ്) ഉദ്യോഗസ്ഥര്‍ ആരോപിച്ചിരുന്നു. വൈറസ് എങ്ങനെ വന്നു എന്നത് സംബന്ധിച്ച് അന്വേഷണം നടത്തുന്നതായി യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞിരുന്നു.

വുഹാനിലെ മരണം നേരത്തെ പറഞ്ഞതിനേക്കാൾ 50 ശതമാനം കൂടുതലാണെന്ന് പുതുക്കിയ കണക്കുമായി ചൈന പിന്നീട് വ്യക്തമാക്കിയിരുന്നു. കണക്കെടുപ്പിലെ പിഴവാണ് ചൈന ചൂണ്ടിക്കാട്ടിയത്. അതേസമയം കോവിഡ് മരണ നിരക്ക് ചൈന കുറച്ചുകാണിക്കുന്നതായുള്ള പാശ്ചാത്യരാജ്യങ്ങളുടെ ആരോപണങ്ങളെ ശരിവയ്ക്കുന്ന നിലയിലായി. ചൈന തന്നെ ഇക്കാര്യം അംഗീകരിച്ചതോടെ കാര്യങ്ങൾ. ചൈന ശരിയായ രീതിയിലാണ് വൈറസിനെ കൈകാര്യം ചെയ്തത് എന്ന് പറയാനാകില്ലെന്നും നമുക്കറിയാത്ത കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നുമാണ് ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞത്. കൊറോണ വൈറസ് എങ്ങനെ വന്നു എന്നത് സംബന്ധിച്ച് കടുപ്പമുള്ള ചോദ്യങ്ങള്‍ക്ക് ചൈന മറുപടി നല്‍കേണ്ടി വരുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക്ക് റാബ് പറഞ്ഞിരുന്നു. ചൈനയ്ക്കും ലോകാരോഗ്യ സംഘടനയ്ക്കുമെതിരെ രംഗത്തുവന്ന ഓ്‌സ്‌ട്രേലിയ, സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടിരുന്നു. വൈറസിനോടുള്ള ചൈനയുടെ പ്രതികരണം സംബന്ധിച്ച് പരിശോധന വേണമെന്നാണ് ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടത്.

ജര്‍മ്മനിയില്‍ 1,46,293 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 4683 പേര്‍ മരിച്ചു. 50110 പേര്‍ ചികിത്സയിലാണ്. 2889 പേരുടെ നില ഗുരുതരം. ചൈനയിൽ 82747 കേസുകൾ വന്നു. 4632 പേർ മരിച്ചു. 1031 പേർ ചികിത്സയിലാണ്. 81 പേരുടെ നില ഗുരുതരം.


Next Story

Related Stories