TopTop
Begin typing your search above and press return to search.

ബെർലിൻ മേളയിൽ ഗോൾഡൻ ബിയർ നേടിയ സംവിധായകനെ ഇറാൻ ജയിലിലടച്ചു

ബെർലിൻ മേളയിൽ ഗോൾഡൻ ബിയർ നേടിയ സംവിധായകനെ ഇറാൻ ജയിലിലടച്ചു

കഴിഞ്ഞ മാസത്തെ ബെർലിൻ ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ഇറാനിയന്‍ സംവിധായകനെ ജയിലിലടച്ചു. ഒരുവര്‍ഷത്തെ തടവ്‌ ശിക്ഷയാണ് ഇറാനിയന്‍ കോടതി വിധിച്ചതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു. രാജ്യസുരക്ഷയെ അപകടപ്പെടുത്തിയെന്നാണ് റസൂലോഫിനെതിരെ ഇറാന്‍ ഭരണകൂടം ആരോപിക്കുന്നത്. റസൂലോഫിന് ഇറാൻ വിട്ടു പോകുന്നതിന് വിലക്കുള്ളതിനാല്‍ പുരസ്കാരം സ്വീകരിക്കാന്‍ അദ്ദേഹം പോയിരുന്നില്ല.

അദ്ദേഹം സംവിധാനം ചെയ്തതില്‍ മൂന്ന് സിനിമകള്‍ ഇറാനി 'സിസ്റ്റത്തിനെതിരായ പ്രചാരണമാണ്' എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ തടവ് ശിക്ഷ വിധിച്ചതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ നാസർ സരഫ്ഷൻ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. രണ്ടു വര്‍ഷത്തേക്ക് സിനിമാ നിര്‍മ്മാണത്തില്‍ ഏര്‍പ്പെടുന്നതിനും കോടതി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇറാനിൽ കൊറോണ വൈറസ് പടർന്നുപിടിച്ച സാഹചര്യംകൂടെ ആയതിനാല്‍ ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്നും അഭിഭാഷകൻ പറഞ്ഞു. രാജ്യത്ത് വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി 54,000 തടവുകാരെ ഇറാന്‍ താൽക്കാലികമായി ജയിലുകളില്‍ നിന്ന് നാട്ടിലേക്ക് അയച്ചിട്ടുണ്ട്.

'ദേര്‍ ഈസ് നോ ഈവിള്‍' എന്ന ചിത്രത്തിനാണ് റസൂലോഫിന് പുരസ്കാരം ലഭിച്ചത്. ഇറാനിലെ വധശിക്ഷയെക്കുറിച്ചുള്ള നാല് വ്യത്യസ്ത കഥകളിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. വധശിക്ഷ നടപ്പാക്കുന്നയാൾ മുതൽ ഇരകളുടെ കുടുംബങ്ങളുടെ ജീവിതംവരെ സിനിമ ചര്‍ച്ച ചെയ്യുന്നു. തന്റെ ഏറ്റവും പുതിയ ചിത്രം 'സ്വേച്ഛാധിപത്യ ഭരണത്തിനു കീഴില്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനെക്കുറിച്ചാണ് എന്ന്' മൊബൈൽ ഫോൺ വഴി നടത്തിയ വാർത്താ സമ്മേളനത്തിൽ റസൂലോഫ് പറഞ്ഞിരുന്നു. 'നമുക്ക് വേണമെങ്കില്‍ നമ്മുടെ ഉത്തരവാദിത്വങ്ങളെല്ലാം മാറ്റിവെച്ച് എല്ലാം സര്‍ക്കാരിനെ ഏല്‍പ്പിച്ച് മിണ്ടാതിരിക്കാം. പക്ഷെ, രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടത് അതല്ല'- എന്നും പുരസ്കാര ലബ്ധിക്ക് ശേഷം അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.


Next Story

Related Stories