Top

ഗൊതബായ രാജപക്സ ശ്രീലങ്കൻ പ്രസിഡന്റ്

ഗൊതബായ രാജപക്സ ശ്രീലങ്കൻ പ്രസിഡന്റ്

ശ്രീലങ്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ശ്രീലങ്ക പൊതുജന പെരുമന സ്ഥാനാർത്ഥിയും മുൻ പ്രസിഡൻ്റ് മഹീന്ദ രാജപക്സയുടെ സഹോദരനുമായ ഗൊതബായ രാജപക്സയ്ക്ക് വിജയം. മുൻ പ്രസിഡൻ്റ് ആർ പ്രേമദാസയുടെ മകനും യുഎൻപി (യുണൈറ്റഡ് നാഷണലിസ്റ്റ് പാർട്ടി) സ്ഥാനാർത്ഥിയുമായ സജിത്ത് പ്രേമദാസയെ പരാജയപ്പെടുത്തിയാണ് ഗൊതബായ രാജപക്സ ശ്രീലങ്കയുടെ പുതിയ പ്രസിഡൻ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ശ്രീലങ്കന്‍ സൈന്യത്തിലെ മുന്‍ ലെഫ്.കേണല്‍ ആയിരുന്ന ഗൊതബായ രാജപക്‌സ 49.6 ശതമാനം വോട്ട് നേടിയാണ് വിജയിച്ചിരിക്കുന്നത് എന്ന് വാര്‍ത്താ ഏജന്‍സിയായ എ എഫ് പി റിപ്പോര്‍ട്ട് ചെയ്യുന്നു.

2009ൽ എൽടിടിഇ ഗ്രൂപ്പുകളെ പൂർണമായും നശിപ്പിച്ച സൈനിക നടപടി സമയത്തെ പ്രതിരോധ സെക്രട്ടറിയും മഹീന്ദയെ പോലെ തീവ്ര വലതുപക്ഷ ആശയഗതിക്കാരനുമാണ് ഗൊതബായ രാജപക്സ. തമിഴ് വംശീയ ന്യൂനപക്ഷങ്ങൾക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ മഹീന്ദയുടെ ഗവൺമെൻ്റ് അന്താരാഷ്ട്ര തലത്തിൽ രൂക്ഷ വിമർശനമേറ്റുവാങ്ങിയിരുന്നു. അതേസമയം 2009ലെ ആഭ്യന്തര യുദ്ധത്തിൻ്റെ അവസാന ഘട്ടത്തിലുണ്ടായ സൈനിക നടപടിക്കിടെയുണ്ടായ ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളിൽ യുഎൻ അന്വേഷണവും ഇടപെടലും അനുവദിക്കില്ല എന്നാണ് പ്രചാരണത്തിനിടെ ഗൊതബായ പറഞ്ഞിരുന്നത്. തടവിലാക്കപ്പെട്ട സൈനികരെ മോചിപ്പിക്കുമെന്നും ഗൊതബായ പറഞ്ഞിരുന്നു.

ബുദ്ധിസ്റ്റ് സിംഹള ഭൂരിപക്ഷത്തിൻ്റെ മൃഗീയ പിന്തുണ ഗൊതബായയ്ക്ക് ലഭിച്ചു എന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. തമിഴ് തീവ്രവാദികളാൽ കൊല്ലപ്പെട്ട പിതാവ് പ്രേമദാസയുടെ ജനകീയതയും അതേസമയം തീവ്ര വലതുപക്ഷക്കാരനായ ഗൊതബായയ്ക്കെതിരായ തമിഴ് ന്യൂനപക്ഷങ്ങളുടേയും മുസ്ലീങ്ങളുടേയും പിന്തുണയും വിജയത്തിനായി പ്രതീക്ഷിച്ചിരുന്ന സജിത്ത് പ്രേമദാസയ്ക്ക് നിരാശയാണ് ഫലം. സിംഹള ഭൂരിപക്ഷ മേഖലകളിൽ തീർത്തും പിന്നോട്ടുപോയ സജിത്ത് പ്രേമദാസയ്ക്ക് തമിഴ് ഭൂരിപക്ഷ മേഖലകളിൽ പിന്തുണ ലഭിച്ചതായാണ് റിപ്പോർട്ട്. കഴിഞ്ഞ ഏപ്രിലില്‍ ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോ അടക്കം വിവിധ പ്രദേശങ്ങളിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ 269 പേരാണ് കൊല്ലപ്പെട്ടത്. ഇതേ തുടര്‍ന്നുണ്ടായ അരക്ഷിതാവസ്ഥയില്‍ നിന്ന് ശ്രീലങ്ക പൂര്‍ണമായും മോചനം നേടിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഭീകരതയെ തുടച്ചുനീക്കും, ശക്തമായ നടപടികളുണ്ടാകും, സുരക്ഷ ഉറപ്പാക്കും തുടങ്ങിയ വാഗ്ദാനങ്ങളെല്ലാമാണ് ഗൊതബായ രാജപക്‌സ മുന്നോട്ടുവച്ചത്.

മൂന്ന് ആഡംബര ഹോട്ടലുകളിലും മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലുമാണ് ഈസ്റ്റര്‍ ദിനത്തില്‍ ഭീകരാക്രമണം നടന്നത്. ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. അന്വേഷം ഇന്ത്യയിലേയ്ക്കും നീണ്ടു. ഇന്ത്യയില്‍ നിന്നുള്‍പ്പടെ ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ടായിട്ടും ഭീകരാക്രമണം തടയാനും സുരക്ഷ ഉറപ്പാക്കാനുമായില്ല എന്നതില്‍ റനില്‍ വിക്രമസിംഗെയുടെ യുഎന്‍പി കടുത്ത വിമര്‍ശനമേറ്റുവാങ്ങിയിരുന്നു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് മൈത്രിപാല സിരിസേന അടക്കമുള്ള വിക്രമസിംഗെയ്‌ക്കെതിരെ ഗുരുതര ആരോണങ്ങള്‍ ഉന്നയിച്ചിരുന്നു. വിക്രമസിംഗെ പ്രധാനമന്ത്രി സ്ഥാനം രാജി വയ്ക്കുകയും ചെയ്തിരുന്നു. റനിൽ വിക്രമസിംഗെ പൊതുവെ ഇന്ത്യയുമായി അടുപ്പം പുലര്‍ത്തുന്ന നേതാവായി അറിയപ്പെടുമ്പോള്‍ കടുത്ത ചൈനീസ് പക്ഷപാതിയായാ മഹീന്ദ രാജപക്‌സെ അറിയപ്പെട്ടത്. മഹീന്ദ പ്രസിഡന്റായിരിക്കെ ഹംബന്‍ടോട്ട തുറമുഖം അടക്കം നിരവധി പദ്ധതികളില്‍ ചൈന വന്‍ തോതില്‍ നിക്ഷേപം നടത്തിയിരുന്നു. 2014ല്‍ രണ്ട് ചൈനീസ് മുങ്ങിക്കപ്പലുകളെ കൊളോംബോ തുറമുഖത്ത് അനുവദിച്ചത് ഇന്ത്യയേയും പാശ്ചാത്യരാജ്യങ്ങളേയും ആശങ്കയിലാക്കിയ സംഭവമായിരുന്നു.

40,000ത്തോളം തമിഴ് വംശജരാണ് മഹീന്ദ രാജപ്കസ പ്രസിഡന്റും ഗൊതബായ രാജപക്‌സ പ്രതിരോധ സെക്രട്ടറിയുമായിരിക്കെ കൊല്ലപ്പെട്ടത്. ഈസ്റ്റര്‍ ദിന ഭീകരാക്രമണത്തിന് ശേഷം മുസ്ലീങ്ങളെ ലക്ഷ്യം വച്ച് വ്യാപക അക്രമങ്ങളാണ് നടന്നത്. ഈ സാഹചര്യത്തില്‍ തമിഴ് വംശീയ ന്യൂനപക്ഷങ്ങളും മുസ്ലീങ്ങളും ഗൊതബായ പ്രസിഡന്റാകാനുള്ള സാധ്യതയില്‍ വലിയ ആശങ്ക പ്രകടിപ്പിച്ചിരുന്നു.


Next Story

Related Stories