TopTop
Begin typing your search above and press return to search.

മാക്രോണിന് തിരിച്ചടി; തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ സോഷ്യലിസ്റ്റ്, പരിസ്ഥിതി വാദികള്‍ക്ക് മുന്നേറ്റം

മാക്രോണിന് തിരിച്ചടി; തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ സോഷ്യലിസ്റ്റ്, പരിസ്ഥിതി വാദികള്‍ക്ക് മുന്നേറ്റം

ഫ്രാന്‍സില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഹരിത പാര്‍ട്ടികള്‍ക്ക് മിന്നുന്ന വിജയം. പരിസ്ഥിതിവാദക്കാരായ സ്ഥാനാര്‍ത്ഥികളാണ് മിക്ക സീറ്റിലും വിജയിച്ചത്. യൂറോപ്പ് എക്കോളജി ലെസ് വെർട്സ് (ഇഇഎൽവി) എന്ന ഗ്രീന്‍ പാര്‍ട്ടിക്കാണ് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ലഭിച്ചതെന്ന് പ്രാഥമിക ഫലങ്ങൾ സൂചിപ്പിക്കുന്നു. പ്രാദേശികമായി വേരുറപ്പിക്കുന്നതിൽ പരാജയപ്പെട്ട ഇമ്മാനുവൽ മാക്രോണിന്റെ ലാ റിപബ്ലിക് എൻ മാർഷെ (എൽ‌ആർ‌എം) പാർട്ടിക്ക് തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച തിരിച്ചടി ലഭിച്ചു.

പാരീസിലെ ഇപ്പോഴത്തെ മേയറും ജനകീയ നേതാവുമായ ആനി ഹിഡാൽഗോ ത്രികോണ മത്സരത്തിനടിയിലും വലിയ ഭൂരിപക്ഷത്തിലേക്ക് അടുക്കുകയാണ്. കാലാവസ്ഥാ വ്യതിയാനവും മലിനീകരണവും കൈകാര്യം ചെയ്യുന്നതിനാണ് പ്രഥമ പരിഗണന എന്നതായിരുന്നു അവരുടെ പ്രധാന വാഗ്ദാനം. സോഷ്യലിസ്റ്റ് ആയ ഹിഡാൽഗോയ്ക്ക് ഇഇഎൽവിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും പിന്തുണ നല്‍കിയിരുന്നു.

കൊറോണ വൈറസ് മഹാമാരിക്കിടെ നടന്ന തിരഞ്ഞെടുപ്പിൽ, പലരും പോളിംഗ് സ്റ്റേഷനുകളിൽ നിന്ന് വിട്ടുനിന്നത് പോളിംഗ് ശതമാനത്തില്‍ ചരിത്രപരമായ ഇടിവിനു കാരണമായി. ഫ്രാൻസില്‍ രണ്ടു മാസത്തെ കൊവിഡ് ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കുന്നതിനു മുന്‍പ് മാർച്ച് 15 നാണ് ആദ്യ റൗണ്ട് നടന്നത്. അടുത്ത ഞായറാഴ്ച നടക്കാനിരുന്ന രണ്ടാം റൗണ്ട് വോട്ടെടുപ്പ് മാറ്റിവയ്ക്കേണ്ടി വന്നു. 2014 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം 52.4% ആയിരുന്നുവെങ്കില്‍ ഇത്തവണയത് 40% മാത്രമായി കുറഞ്ഞു. പ്രാദേശിക മേയർമാരിൽ 60% ത്തിലധികം പേരെയും ആദ്യ റൗണ്ടിൽ തന്നെ തിരഞ്ഞെടുത്തിരുന്നു. എങ്കിലും പാരീസ്, മാർസെയിൽ, ടൌലൂസ്, ലിയോൺ എന്നിവയുൾപ്പെടെയുള്ള പല പ്രധാന നഗരങ്ങളിലും പട്ടണങ്ങളിലും വോട്ടെടുപ്പ് നടന്നിരുന്നില്ല.

ഫ്രാൻസിന്റെ മൂന്നാമത്തെ വലിയ നഗരമായ ലിയോണില്‍ മുതിർന്ന സോഷ്യലിസ്റ്റ് നേതാവും നിലവിലെ മേയറുമായ ജെറാർഡ് കൊളംബിനെ ഇഇഎൽവി സ്ഥാനാര്‍ഥി തറപറ്റിച്ചു. 2001 മുതൽ മേയറായിരുന്ന സോഷ്യലിസ്റ്റ് പാർട്ടിയുടെ മാർട്ടിൻ ഓബ്രി ലില്ലില്‍നിന്നും വെറും 227 വോട്ടുകളുടെ പിന്‍ബലത്തിലാണ് വിജയിച്ചു കയറിയത്.


Next Story

Related Stories