TopTop
Begin typing your search above and press return to search.

കാലാവസ്ഥാ മാറ്റം: സ്കൂൾ സമരം കൊണ്ട് 'ഒന്നും നേടാനായില്ലെന്ന്' ഗ്രെറ്റ തൻബെർഗ്

കാലാവസ്ഥാ മാറ്റം: സ്കൂൾ സമരം കൊണ്ട് ഒന്നും നേടാനായില്ലെന്ന് ഗ്രെറ്റ തൻബെർഗ്

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ആഗോളതലത്തിൽ നടത്തിയ സ്കൂൾ സമരം കൊണ്ട് 'ഒന്നും നേടാനായില്ലെന്ന്' പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രെറ്റ തൻബെർഗ്. മാഡ്രിഡിൽ യുഎൻ കാലാവസ്ഥാ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. കാലാവസ്ഥാ അടിയന്തരാവസ്ഥയെ നേരിടുന്നതിൽ യാതൊരുവിധ പുരോഗതിയും കാണാത്തതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച യുഎൻ കാലാവസ്ഥാ സമ്മേളന വേദിയിലും സ്പാനിഷ് തലസ്ഥാനത്തെ തെരുവുകളിലും ആയിരക്കണക്കിന് ചെറുപ്പക്കാർ അണിനിരക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാലാവസ്ഥയ്ക്കു വേണ്ടിയുള്ള സ്കൂൾ സമരത്തിന്‍റെ (School strike for climate) നേതാവാണ്‌ ഗ്രെറ്റ തൻബെർഗ്. ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനുമെതിരെ സർക്കാരുകൾ അടിയന്തിര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് 'ഫ്രൈഡേയ്സ് ഫോർ ഫ്യൂചർ' എന്ന സംഘടനയുടെ നേതൃത്വത്തിൽ സ്കൂൾ കുട്ടികൾ നടത്തുന്ന സമരമാണ് 'കാലാവസ്ഥയ്ക്കു വേണ്ടിയുള്ള സ്കൂൾ സമരം'. 2018-ൽ സ്വീഡനിൽ വൻ ഉഷ്ണതരംഗവും കാട്ടുതീകളും ഉണ്ടായി. ഇതിനെതിരെ പ്രതികരിക്കാനായി തൻബെർഗ് തെരഞ്ഞെടുത്ത വഴി സ്കൂളിൽ പോകാതെ പ്രതിഷേധിക്കുക എന്നതായിരുന്നു. സ്വീഡിഷ് പാർലമെന്റിനു മുന്നിൽ 'കാലാവസ്ഥയ്ക്കു വേണ്ടിയുള്ള സ്കൂൾ സമരം' എന്നെഴുതിയ ബോർഡും പിടിച്ചു നിന്ന് തൻബെർഗ് സമരം ചെയ്തു. പാരിസ് ഉടമ്പടി പ്രകാരം തങ്ങളിൽ നിക്ഷിപ്തമായ ഉത്തരവാദിത്വം നിറവേറ്റാൻ സര്‍ക്കാർ തയ്യാറാകണമെന്നായിരുന്നു തന്‍ബെർഗിന്റെ പ്രധാന ആവശ്യം.

സമരം പെട്ടന്നുതന്നെ ലോകമാസകലമുള്ള വിദ്യാര്‍ഥികള്‍ ഏറ്റെടുത്തു. ന്യൂയോര്‍ക്ക് മുതല്‍ കൊച്ചിവരെയുള്ള പ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ പരിസ്ഥിതിക്കുവേണ്ടി തെരുവിലിറങ്ങി. എന്നിട്ടും ഹരിതഗൃഹ വാതക ബഹിര്‍ഗമനം ഒട്ടും കുറഞ്ഞിട്ടില്ല. 'ലോകമെമ്പാടുമുള്ള വിദ്യാര്‍ഥികള്‍ സമരരംഗത്തുണ്ടെങ്കിലും അതൊന്നും പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാരുകള്‍ക്ക് സാധിക്കുന്നില്ലെന്ന്' ഗ്രേറ്റ പറയുന്നു. യു.എന്‍ മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങളില്‍ അവര്‍ പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, രാജ്യങ്ങള്‍ അതെത്രത്തോളം പ്രാവര്‍ത്തികമാക്കും എന്ന കാര്യത്തില്‍ അവര്‍ ആശങ്ക പ്രകടിപ്പിച്ചു.

'ഗവൺമെന്റുകൾ വിശ്വസനീയമായ വാഗ്ദാനങ്ങൾ നൽകുകയും ഉണര്‍ന്നു പ്രവർത്തിക്കാൻ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്താൽ വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിക്കും. ഞങ്ങള്‍ക്ക് സമരം തുടരാന്‍ ഒട്ടും താല്പര്യമില്ല. സ്കൂള്‍ മുടക്കി സമരം ചെയ്തു നടക്കാന്‍ അധികനാള്‍ കഴിയില്ല. അപ്പോഴും, ജനങ്ങള്‍ ദുരിതത്തിലാണ്, അവര്‍ മരിച്ചുകൊണ്ടിരിക്കുകയാണ്. ഇനിയും നമുക്ക് കാത്തിരിക്കാന്‍ ആവില്ല'- ഗ്രെറ്റ തൻബെർഗ് പറഞ്ഞു.


Next Story

Related Stories