TopTop
Begin typing your search above and press return to search.

കൊറോണ സഹായമായി 40 ലക്ഷം ഡോളർ കിട്ടി, അമേരിക്കക്കാരൻ ലാംബർഗിനി വാങ്ങി - യുഎസ്സിൽ ബെയിൽ ഔട്ട് മണി കൊണ്ട് ബിസിനസ്സുകാർ നടത്തുന്നത് വൻ തട്ടിപ്പ്

കൊറോണ സഹായമായി 40 ലക്ഷം ഡോളർ കിട്ടി, അമേരിക്കക്കാരൻ ലാംബർഗിനി വാങ്ങി - യുഎസ്സിൽ ബെയിൽ ഔട്ട് മണി കൊണ്ട് ബിസിനസ്സുകാർ നടത്തുന്നത് വൻ തട്ടിപ്പ്

കൊറോണ വൈറസ് സഹായമായി ഗവൺമെന്റിൽ നിന്ന് 40 ലക്ഷം ഡോളർ കിട്ടിയ അമേരിക്കക്കാരൻ ആഡംബര കാറായ ലാംബർഗിനി വാങ്ങി. ഫ്ളോറിഡ സ്വദേശിയായ ഡേവിഡ് ടി ഹൈൻസ് എന്ന 29കാരനാണ് ഗവൺമെന്റിന്റെ പേചെക്ക് പ്രൊട്ടക്ഷൻ പ്രോഗ്രാം (പിപിപി) വഴി കിട്ടിയ പണം ഉപയോഗിച്ച് ലാംബർഗിനി വാങ്ങിയത്. കോറോണ വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായ ബിസിനസ്സുകൾക്ക് ഗവൺമെന്റ് നൽകുന്ന സഹായമാണ് 29കാരൻ ലാംബർഗിനിക്കായി ചെലവാക്കിയത്. 3.18 ലക്ഷം ഡോളർ വില മതിക്കുന്ന ലാംബർഗിനി ഹുറാകാൻ ഇവോ ആണ് ബെയിൽ ഔട്ട് മണി കൊണ്ട് ഡേവിഡ് ഹൈൻസ് വാങ്ങിയത്. ഇയാളെ അറസ്റ്റ് ചെയ്തതായി യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. പിപിപി വഴി വായ്പയായി കിട്ടിയ പണം ദുരുപയോഗം ചെയ്തതായി ചൂണ്ടിക്കാട്ടി ഡേവിഡ് ഹൈൻസിനെതിരെ നിയമനടപടി തുടങ്ങിയിട്ടുണ്ട്.

ആഡംബര കാർ വാങ്ങിയതിന് പുറമെ ആഡംബര ഹോട്ടലുകളിലെ താമസത്തിനും വലിയ തോതിലുള്ള ഷോപ്പിംഗിനുമായി ഹൈൻസ് പണം ദുരുപയോഗം ചെയ്തതായി പ്രോസിക്യൂട്ടർമാർ പറയുന്നു. വായ്പാ തട്ടിപ്പിനും നിയമവിരുദ്ധ പണമിടപാടുകൾക്കും വ്യാജ പ്രസ്താവനകൾക്കും കേസെടുത്തിട്ടുണ്ട്. ലക്ഷണക്കണക്കിന് ഡോളർ പണം ശമ്പളമായും വായ്പയായും നൽകിയതായി ഹൈൻസ് അവകാശപ്പെട്ടിരുന്നു. ഹൈൻസിന്റെ സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്ന ഇത്തരം കാര്യങ്ങൾ വ്യാജമാണെന്ന് ബാങ്ക് രേഖകളും മറ്റ് ഔദ്യോഗികരേഖകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഡേവിഡ് ഹൈൻസ് അടക്കം നിരവധി ബിസിനസ്സുകാർ കൊറോണ കാരണം ഗവൺമെന്റിൽ നിന്ന് സാമ്പത്തികസഹായം ആവശ്യപ്പെട്ടിരുന്നു. കെയർസ് ആക്ട് പ്രകാരം രണ്ട് ട്രില്യൺ ഡോളർ കൊറോണ വൈറസ് ബിൽ ആയി മാർച്ച് അവസാനം അനുവദിച്ചിരുന്നു. ചെറുകിട ബിസിനസ്സുകൾക്ക് 349 ബില്യൺ ഡോളർ അനുവദിച്ചു. ഏപ്രിലിൽ യുഎസ് കോൺഗ്രസ് 310 ബില്യൺ ഡോളർ കൂടി അനുവദിച്ചിരുന്നു. ബിസിനസ്സുകാർ കൂടുതൽ പണം ലഭിക്കാനായി ജീവനക്കാരുടെ എണ്ണം പെരുപ്പിച്ച കാണിക്കുന്ന നിലയുണ്ട്. പ്രവർത്തന ചെലവ് കൂടുതലാണെന്ന് കാണിക്കാനാണിത്. പ്രവർത്തനം നിർത്തിയ കമ്പനികളുടെ പേരിൽ പോലും പലരും വായ്പ വാങ്ങിയതായി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

മേയിലും ജൂണിലുമായി 4600 ഡോളർ ഷോപ്പിംഗിനായി ഡേവിഡ് ഹൈൻസ് ചെലവാക്കിയതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ജ്വല്ലറിക്കായി 8500 ഡോളറിലധികം ചെലവാക്കി. ഡേറ്റിംഗ് ആപ്പുകൾ അടക്കമുള്ളവയ്ക്കായി വലിയ തോതിൽ പണം ചെലവാക്കി. ബിസിനിസ് ആവശ്യത്തിന് ഉപയോഗിക്കാതെയാണ് ഈ പണമെല്ലാം ധൂർത്തടിച്ചത്. ഡേവിഡ് ഹൈൻസ് ആദ്യം ഏഴ് ബിസിനസ്സുകൾക്കെന്ന് പറഞ്ഞ് 13.5 മില്യൺ ഡോളറിലധികം വായ്പയാണ് ഷാർലറ്റിലെ ഒരു ബാങ്കിനോട് ആവശ്യപ്പെട്ടത്. മൂന്ന് ആപ്ലിക്കേഷനുകൾ സ്വീകരിച്ച ബാങ്ക് 3.9 മില്യൺ ഡോളർ ഈ ബാങ്ക് അനുവദിച്ചു. മേയ് 11 മുതൽ ഹൈൻസിന് പണം ലഭിക്കുകയും ചെയ്തു.


Next Story

Related Stories