TopTop
Begin typing your search above and press return to search.

യുദ്ധത്തില്‍ ആരോഗ്യ സംവിധാനങ്ങള്‍ നശിപ്പിക്കപ്പെട്ട യെമനില്‍ ആദ്യത്തെ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു

യുദ്ധത്തില്‍ ആരോഗ്യ സംവിധാനങ്ങള്‍ നശിപ്പിക്കപ്പെട്ട യെമനില്‍ ആദ്യത്തെ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു

യമനില്‍ ആദ്യത്തെ കൊവിഡ്-19 കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി വിവരം. കഴിഞ്ഞ അഞ്ച് വര്‍ഷമായി തുടരുന്ന യുദ്ധത്തില്‍ അമ്പെ തകര്‍ന്നു കിടക്കുന്ന രാജ്യത്ത് കൊന്റോണ വൈറസ്സിന്റെ സാന്നിധ്യം പുതിയ ഭീതി പടര്‍ത്തിയിരിക്കുകയാണ്. ഈ രാജ്യത്തിന്റെ മെഡിക്കല്‍ രംഗം യുദ്ധത്തില്‍ തകര്‍ന്നു കിടക്കുകയാണ്.

യെമനിലെ തുറമുഖ നഗരമായ ആഷ് ഷിഹ്റിലാണ് ആദ്യത്തെ കൊവിഡ് കേസ് സ്ഥിരീകരിച്ചിരിക്കുന്നതെന്ന് സര്‍ക്കാര്‍ പറയുന്നു. യെമനിലെ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഹദ്രാമോണ്ടിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ഒരു പുരുഷനാണ് രോഗിയെന്നും ഇദ്ദേഹത്തിന്റെ നില ഇപ്പോള്‍ ഗുരുതരമല്ലെന്നും മാത്രമാണ് ലഭ്യമായിട്ടുള്ള വിവരം.

പ്രവിശ്യയുടെ ഗവര്‍ണറായ ഫരാഗ് അല്‍ ബൗഷ്നി പറയുന്നത് സ്ഥലത്ത് ഭാഗികമായ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്നാണ്. തുറമുഖത്തെ എല്ലാ തൊഴിലാളികളെയും 14 ദിവസത്തേക്ക് ക്വാറന്റൈനിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തൊട്ടടുത്തുള്ള അല്‍ മാഹ്റ പ്രവിശ്യ തുറമുഖ നഗരവുമായുള്ള ബന്ധം പൂര്‍ണമായും വിച്ഛേദിച്ചിട്ടുണ്ട്.

യെമനിലെ കൊറോണ വ്യാപനം സംബന്ധിച്ച വിവരങ്ങളൊന്നും വരുന്നില്ല എന്നത് പൊതുവില്‍ ആശങ്കയുയര്‍ത്തിയിരുന്നു. മെഡിക്കല്‍ സൗകര്യങ്ങള്‍ ഏതാണ്ട് ഇല്ലെന്നു തന്നെ പറയാവുന്ന നിലയിലാണ് രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും. ഇക്കാരണത്താല്‍ തന്നെ കൊറോണ വ്യാപിച്ചിരിക്കാമെന്നും അത് തിരിച്ചറിയാന്‍ വൈകുന്നതാണെന്നും ലോകം ഭയപ്പെട്ടു. ഇപ്പോഴും കൊറോണ ടെസ്റ്റിങ് സൗകര്യങ്ങള്‍ അപ്രാപ്യമാണ് യെമനിലെ മിക്കയിടങ്ങളിലും. ഹൂതി വിമതരുമായുള്ള യുദ്ധത്തിനിടയില്‍ മിക്ക ആശുപത്രികളും തകര്‍ക്കപ്പെട്ടിരിക്കുകയാണ്.

അതെസമയം യമനിൽ സൗദി നേതൃത്വത്തിലുള്ള സഖ്യ സഖ്യസേന പ്രഖ്യാപിച്ച ഏകപക്ഷീയമായ രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. രാഷ്ട്രീയ പരിഹാരത്തിനുള്ള യുഎൻ ശ്രമങ്ങളെ പിന്തുണയ്ക്കാനും കൊറോണ വൈറസ് വ്യാപനം തടയാനും സഹായിക്കുമെന്ന് സഖ്യസേന പറഞ്ഞു. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഈ നടപടിയെ സ്വാഗതം ചെയ്തു. എന്നാല്‍ സഖ്യസേന ഇതിനെ മറ്റൊരു തന്ത്രമെന്ന നിലയിലാണ് നോക്കിക്കാണുന്നത്.

ബുധനാഴ്ച രാത്രി സഖ്യ സേനയുടെ വെടിനിർത്തൽ പ്രഖ്യാപനത്തിന് മണിക്കൂറുകൾക്ക് ശേഷവും ഇരുകൂട്ടരും പരസ്പരം ആക്രമണം നടത്തിയാതായും റിപ്പോര്‍ട്ടുണ്ട്.

ഒരു ലക്ഷത്തിലധികം ആളുകളെ കൊന്നൊടുക്കിയ യുദ്ധമാണ് യമനില്‍ നടന്നുവരുന്നത്. ലോകത്തിലെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധിയായാണ്‌ ഐക്യരാഷ്ട്രസഭ ഈ യുദ്ധത്തെ കാണുന്നത്.


Next Story

Related Stories