TopTop
Begin typing your search above and press return to search.

ഹോങ്കോങ്ങിന്റെ 'ആഗോള സാമ്പത്തിക കേന്ദ്ര' പദവിക്കെതിരെ ട്രംപ്, ഭീഷണി വേണ്ടെന്ന് മറുപടി

ഹോങ്കോങ്ങിന്റെ ആഗോള സാമ്പത്തിക കേന്ദ്ര പദവിക്കെതിരെ ട്രംപ്, ഭീഷണി വേണ്ടെന്ന് മറുപടി

ആഗോള സാമ്പത്തിക കേന്ദ്രമെന്ന പ്രത്യേക പദവി ഇല്ലാതാക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്‍റെ നീക്കങ്ങൾക്കെതിരെ മുതിർന്ന ഹോങ്കോംഗ് സർക്കാർ ഉദ്യോഗസ്ഥർ. ഹോങ്കോങ്ങിന് മേൽ ദേശീയ സുരക്ഷാ നിയമങ്ങൾ ഏർപ്പെടുത്തിയ ചൈനക്ക് മറുപടിയെന്നോണമായിരുന്നു നഗരത്തിന് ഇനി സാമ്പത്തിക ആനുകൂല്യങ്ങൾ ആവശ്യമില്ലെന്നും ചില ഉദ്യോഗസ്ഥർക്ക് ഉപരോധം നേരിടേണ്ടിവരുമെന്നും ട്രംപ് നിലപാട് എടുത്തത്.

എന്നാൽ, പ്രസ്താവനയ്ക്ക് പിന്നാലെ തന്നെ ഹോങ്കോങ് സുരക്ഷാ മന്ത്രി ജോൺ ലീ പ്രതികരണവുമായി രംഗത്തെത്തി. ഹോങ്കോംഗ് സർക്കാരിനെ ഭീഷണിപ്പെടുത്തേണ്ടെന്നും, പുതിയ നിയമങ്ങളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

'(ഹോങ്കോംഗ്) സർക്കാരിനെ ഭീഷണിപ്പെടുത്തുന്നതില്‍ അവർ വിജയിക്കുമെന്ന് ഞാൻ കരുതുന്നില്ല, കാരണം ഞങ്ങൾ ചെയ്യുന്നത് ശരിയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,' ലീ പറഞ്ഞു. ട്രംപിന്റെ നടപടികളുടെ അടിസ്ഥാനം "തീർത്തും തെറ്റാണ്" എന്നായിരുന്നു നീതിന്യായ മന്ത്രി തെരേസ ചെംഗിന്‍റെ പ്രതികരണം. ദേശീയ സുരക്ഷാ നിയമങ്ങള്‍ നടപ്പിലാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ദേശീയ സുരക്ഷാ നിയമനിർമ്മാണം മുന്നോട്ടുവച്ചുകൊണ്ട് ഹോങ്കോങ്ങിന്റെ ഉയർന്ന സ്വയംഭരണാവകാശം സംബന്ധിച്ച് ബീജിംഗ് വാക്ക് ലംഘിച്ചുവെന്നും ഈ പ്രദേശം മേലിൽ യുഎസിന്‍റെ സാമ്പത്തിക ആനുകൂല്യങ്ങൾ ആവശ്യപ്പെടുന്നില്ലെന്നും ട്രംപ് പറഞ്ഞിരുന്നു. 'ഒരു പ്രത്യേക കസ്റ്റംസ്, യാത്രാ പ്രദേശം എന്ന നിലയിലുള്ള ചൈനയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി ഹോങ്കോങ്ങിനു നല്‍കുന്ന മുൻ‌ഗണന റദ്ദാക്കാൻ ഞങ്ങൾ നടപടിയെടുക്കും. ഹോങ്കോങ്ങിന്റെ സ്വാതന്ത്ര്യ ധ്വംസനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന വ്യക്തികൾക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്യും' -ട്രംപ് കൂട്ടിച്ചേർത്തു.

ഹോങ്കോങ്ങിനെതിരെയുള്ള ചൈനയുടെ നീക്കം ലോകം നേരിടുന്ന വന്‍ ദുരന്തമാണെന്ന് പറഞ്ഞ ട്രംപ് എന്നാൽ ഈ നീക്കങ്ങൾ എന്നുമുതല്‍ നടപ്പാക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഏതറ്റംവരേയും പോകാന്‍ തങ്ങള്‍ തയ്യാറാണെന്ന വ്യക്തമായ സന്ദേശം നല്‍കുകയാണ് അദ്ദേഹം.


Next Story

Related Stories