TopTop
Begin typing your search above and press return to search.

ചൈനാവിരുദ്ധ പ്രക്ഷോഭത്തിൻ്റെ ഒന്നാം വാർഷികം ആഘോഷിക്കാൻ അനുമതിയില്ല, ഹോങ്കോങ്ങിൽ സംഘർഷം, വ്യാപക അറസ്റ്റ്

ചൈനാവിരുദ്ധ പ്രക്ഷോഭത്തിൻ്റെ ഒന്നാം വാർഷികം ആഘോഷിക്കാൻ അനുമതിയില്ല, ഹോങ്കോങ്ങിൽ സംഘർഷം, വ്യാപക അറസ്റ്റ്

ഗവൺമെൻ്റ് വിരുദ്ധ പ്രസ്ഥാനത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കാന്‍ പൊലീസ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ഹോങ്കോങ്ങില്‍ സംഘര്‍ഷം. തെരുവിലിറങ്ങിയ ആയിരക്കണക്കിന് പ്രക്ഷോഭകരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കം ചെയ്തു. നിരവധി പേരെ അറസ്റ്റുചെയ്തു. സെൻട്രലിലെ പ്രധാന വാണിജ്യ കേന്ദ്രമായ ഗാർഡൻ പാർക്കിലാണ് ജനങ്ങള്‍ തടിച്ചുകൂടിയത്. അവർ മുദ്രാവാക്യം വിളിക്കാൻ തുടങ്ങിയതോടെ പൊലീസ് ഇടപെട്ടു. ജനങ്ങളോട് എത്രയും പെട്ടെന്ന് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു.

അതോടെ ചിതറിപ്പോയ ജനക്കൂട്ടം നടപ്പാതകളിൽ ഒത്തുകൂടി. പിന്നീട്, പ്രതിഷേധക്കാർ വരിവരിയായി മുദ്രാവാക്യങ്ങൾ മുഴക്കി ബാനറുകളും പ്ലക്കാർഡുകളും ഉയര്‍ത്തി നഗരത്തിലൂടെ മാര്‍ച്ച് ചെയ്തു. 'ഹോങ്കോംഗ് സ്വാതന്ത്ര്യം, ഒരേയൊരു വഴി!', കൂടാതെ 'ഹോങ്കോങ്ങിനെ പുനരുജ്ജീവിപ്പിക്കുക, ഇത് പുതിയ വിപ്ലവം!' തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രധാനമായും ഉയര്‍ന്നത്. അനധികൃതമായി സംഘം ചേര്‍ന്നതിനെതിരെ ജനക്കൂട്ടത്തിന് മുന്നറിയിപ്പ് നൽകാനായി പൊലീസ് നീല പതാകകൾ ഉയർത്തി. പ്രാദേശിക സമയം രാത്രി 7.30 ആയതോടെ ജനക്കൂട്ടത്തിനെതിരെ തിരിഞ്ഞ പൊലീസ്, ഓടാന്‍ ശ്രമിച്ച പലരെയും പിന്തുടര്‍ന്ന് പിടികൂടി. നിരവധിപേരെ അറസ്റ്റു ചെയ്തു. ഒടുവില്‍ നഗരത്തിലൂടെ പൊലീസ് മാര്‍ച്ച് നടത്തുകയും ചെയ്തു. അപ്പോഴും പൊലീസ് വിരുദ്ധ മുദ്രാവാക്യം വിളികളുമായി ചെറു സംഘങ്ങള്‍ തെരുവിലുണ്ടായിരുന്നു.

2019 ജൂണില്‍ കുറ്റവാളികളെ ചൈനക്ക് കൈമാറാനുള്ള വിവാദ ബില്ലിനെതിരെയാണ് ഹോങ്കോങ്ങ് ജനത തെരുവിലിറങ്ങിയത്. തങ്ങളുടെ ജനാധിപത്യ അവകാശങ്ങളുടെ കടയ്ക്കല്‍ കത്തി വയ്ക്കുന്ന നിയമമാണ് വരാന്‍ പോകുന്നതെന്ന് അവര്‍ ആക്ഷേപിച്ചു. ചൈനയുടെ പിന്തുണയോടെ ഭരണം നടത്തുന്ന ചീഫ് എക്സിക്യുട്ടീവ്‌ കാരിലാമിനെതിരെ ശക്തമായി പ്രതിഷേധിച്ചു. ഒടുവില്‍ വിവാദ നിയമം പിന്‍വലിക്കാന്‍ ഭരണകൂടം തയ്യാറായെങ്കിലും ജനങ്ങള്‍ പിന്‍വാങ്ങിയില്ല. കാരിലാം രാജിവയ്ക്കണമെന്നും, ചൈനയില്‍ നിന്നും സ്വാതന്ത്ര്യം വേണമെന്നും ഉള്ള ആവശ്യങ്ങളുമായി ജനങ്ങള്‍ തെരുവില്‍ തുടര്‍ന്നു. കൊറോണ വന്നതോടെയാണ് ഹോങ്കോങ്ങില്‍- സംഘര്‍ഷങ്ങള്‍ക്ക് നേരിയ അയവു വന്നത്.


Next Story

Related Stories