TopTop
Begin typing your search above and press return to search.

ഹോങ്കോങ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ക്ക് വന്‍ മുന്നേറ്റം, ചൈനയ്ക്ക് തിരിച്ചടി

ഹോങ്കോങ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ക്ക് വന്‍ മുന്നേറ്റം, ചൈനയ്ക്ക് തിരിച്ചടി

ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടി ഹോങ്കോങ്ങിലെ ഡെമോക്രാറ്റുകൾ. ആറുമാസത്തെ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് ശേഷം റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിലാണ് ഡെമോക്രാറ്റുകൾ മുന്നേറ്റം നടത്തിയത്. തിരഞ്ഞെടുപ്പിലെ തിരിച്ചടിയോടെ ചൈനീസ് പിന്തുണയിലുള്ള ഹോങ്കോങ് ഭരണകൂടത്തിന് സ്വാതന്ത്ര പ്രതിഷേധം കൂടുതൽ സമ്മർ‌ദ്ദക്കിലാക്കും.

ചരിത്ര വിജയമാണ് ഹോങ്കോങ് പ്രാദേശിക തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേടിയത്. 18 ഡിസ്ട്രിക്റ്റ് കൗണ്‍സിലുകളിലേക്ക് തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ 17-ലും ഡെമോക്രാറ്റുകള്‍ ആധിപത്യം നേടിയതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ചൈനീസ് നയങ്ങളെ അനുകൂലിക്കുന്ന എഫ് ടിയുവിനായിരുന്നു കൂടുതല്‍ സീറ്റുകള്‍.

തിരഞ്ഞെടുപ്പ് ഫലത്തിലൂടെ ഹോങ്കോങ് ജനത ചൈനയ്ക്ക് കൃത്യമായ മറുപടിയാണ് നല്‍കിയിരിക്കുന്നതെന്ന് ഡെമോക്രാറ്റ് നേതൃത്വം പ്രതികരിച്ചു. ഇനിയും ചൈന അടിച്ചമര്‍ത്തല്‍ തുടരരുതെന്നും അവര്‍ ആവശ്യപ്പെട്ടു. അതേസമയം, ജനങ്ങളുടെ വിധി അംഗീകരിക്കുന്നുവെന്ന് ഹോങ്കോങ് ഭരണാധികാരിയായ ചീഫ് എക്സിക്യൂട്ടീവ് കാരി ലാം തിരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം പ്രതികരിച്ചു. ചൈനയെ പോലെ തന്നെ ലാമിനും ഹോങ്കോങ് ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് വന്‍ തിരിച്ചടിയാണ്. ചൈന അനുകൂല പക്ഷത്തുള്ള കാരി ലാം പ്രക്ഷോഭകര്‍ക്ക് എതിരായി ശക്തമായി നിലകൊണ്ടിരുന്നു.

പ്രക്ഷോഭങ്ങള്‍ക്കിടെയും കനത്ത പോളിംഗ് രേഖപ്പെടുത്തിയ പ്രാദേശിക തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കരുതെന്നും, എല്ലാവരും വോട്ട് ചെയ്ത് ചൈനക്ക് തങ്ങളുടെ ശക്തി കാണിച്ചു കൊടുക്കണമെന്നും പ്രക്ഷോഭകര്‍ ഇന്നലെ ആഹ്വാനം ചെയ്തിരുന്നു. ഹോങ്കോങ്ങ് കണ്ടതില്‍വെച്ച് ഏറ്റവും വലിയ ജനപങ്കാളിത്തമാണ് പോളിംഗ് സ്റ്റേഷനുകളില്‍ കണ്ടത്. മണിക്കൂറുകളോളം കാത്തുനിന്നാണ് പലരും വോട്ട് ചെയ്തത്.

ഇന്നലെ രാത്രി 10.30-ന് വോട്ടെടുപ്പ് അവസാനിക്കുമ്പോള്‍ ഏകദേശം 3 ദശലക്ഷം ആളുകൾ വോട്ട് ചെയ്തുവെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജനം ബൂത്തുകളിലേക്ക് ഒഴുകിയെത്തിയതോടെ പോളിംഗ് 71 ശതമാനമായി ഉയര്‍ന്നു. 18 ജില്ലാ കൗൺസിലുകളിൽ 17-ഉം ജനാധിപത്യ അനുകൂല രാഷ്ട്രീയ പാര്‍ട്ടികള്‍ നേടുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോട്ടുകള്‍ ഉണ്ട്. നിലവില്‍ ഭൂരിപക്ഷം കൗൺസിലുകളും ഭരിക്കുന്നത് ചൈനയെ അനുകൂലിക്കുന്ന ഗ്രൂപ്പുകളാണ്. മൊത്തം 452 ജില്ലാ കൗൺസിൽ സീറ്റുകളിലേക്ക് ആയിരത്തിലധികം സ്ഥാനാർത്ഥികൾ മത്സരിച്ചിരുന്നു.

ജില്ലാ കൗൺസിലുകൾക്ക് യഥാർത്ഥത്തില്‍ വലിയ അധികാരങ്ങളൊന്നും ഇല്ലെങ്കിലും ഈ തിരഞ്ഞെടുപ്പിനെ ലോകം ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ജൂണിൽ സർക്കാർ വിരുദ്ധ പ്രതിഷേധം ആരംഭിച്ചതിന് ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. അതിനാല്‍ നിലവിലെ സര്‍ക്കാറിന് എത്രത്തോളം ജനപിന്തുണയുണ്ടെന്നു അളക്കപ്പെടുന്ന ആദ്യ പരീക്ഷകൂടിയാണിത്. ഹോങ്കോങ്ങിന്റെ തിരഞ്ഞെടുപ്പ് സമ്പ്രദായത്തിൽ 117 ജില്ലാ കൗൺസിലർമാരും ചീഫ് എക്സിക്യൂട്ടീവിന് വോട്ട് ചെയ്യുന്ന 1200 അംഗ സമിതിയിൽ ഉണ്ടാകും. അതിനാല്‍ കൂടുതല്‍ സീറ്റുകള്‍ നേടി അടുത്ത ചീഫ് എക്സിക്യൂട്ടീവ് ആരാകണമെന്ന് തീരുമാനിക്കുന്നതില്‍ വ്യക്തമായ പങ്കുവഹിക്കണം എന്നാണ് പ്രക്ഷോഭകരുടെ ആഗ്രഹം.

കുറ്റവാളികളെ വിചാരണയ്‌ക്കായി ചൈനയ്‌ക്ക് കൈമാറാനുള്ള ബില്ലിനെതിരെയാണ് ഹോങ്കോങ്ങില്‍ ബഹുജന പ്രക്ഷോഭം ആരംഭിച്ചത്. ബിൽ പിന്‍വലിച്ചെങ്കിലും ചീഫ് എക്‌സിക്യുട്ടീവ് കാരി ലാം രാജിവെയ്ക്കണമെന്നും പൊലീസ് ക്രൂരതയെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം തുടരുകയായിരുന്നു. ഇപ്പോഴത് ചൈനയില്‍ നിന്നും കൂടുതല്‍ സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന തരത്തിലുള്ള പ്രസ്ഥാനമായി പരിണമിച്ചിരിക്കുകയാണ്. ചൈനയുടെ പിന്‍ബലത്തോടെയാണ് കാരി ലാം ഇപ്പോൾ ഭരണം നിലനിര്‍ത്തുന്നത്. ചൈനയുടെ 70-ാം വാർഷികാഘോഷത്തെ ഹോങ്കോങ്ങുകാര്‍ കരിദിനമായി ആചരിച്ച് വ്യാപക പ്രതിഷേധം നടത്തിയിരുന്നു.


Next Story

Related Stories