TopTop
Begin typing your search above and press return to search.

ചൈനയ്ക്കെതിരെ പ്രതിഷേധിച്ചാല്‍ ഇനി ജീവപര്യന്തം തടവ്, പ്രക്ഷോഭങ്ങള്‍ക്കിടെ ഹോങ്കോങ് സുരക്ഷാ നിയമം നിലവില്‍ വന്നു

ചൈനയ്ക്കെതിരെ പ്രതിഷേധിച്ചാല്‍ ഇനി ജീവപര്യന്തം തടവ്, പ്രക്ഷോഭങ്ങള്‍ക്കിടെ ഹോങ്കോങ് സുരക്ഷാ നിയമം  നിലവില്‍ വന്നു

വിവാദങ്ങള്‍ക്കിടെ ചൈന ഹോങ്കോങ് സുരക്ഷാ നിയമം പാസാക്കി. ചൈനക്കെതിരായ പരസ്യ പ്രതിഷേധം കുറ്റകരമാക്കുന്നതാണ് സുരക്ഷാനിയമം. ചൈനീസ് പാര്‍ലമെന്റായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് ഐകകണ്‌ഠ്യേനയാണ്‌ നിയമം പാസാക്കിയത്. നിയമം ലംഘിക്കുന്ന ഹോങ്കോങ് പൌരന്‍മാര്‍ക്ക് ജീവപര്യന്തം തടവ് അനുഭവിക്കേണ്ടി വരും.

ജനാധിപത്യ അനുകൂല പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങള്‍ ശക്തമായതോടെയാണ് ചൈന തിടുക്കപ്പെട്ട് നിയമം പാസാക്കിയത്. പുതിയ നിയമം പ്രതിഷേധങ്ങളെ ഫലപ്രദമായി അടിച്ചമര്‍ത്തുകയും ഹോങ്കോങ്ങിന്റെ സ്വാതന്ത്ര്യത്തെ ദുർബലപ്പെടുത്തുകയും ചെയ്യുമെന്ന് വിമർശകർ പറയുന്നു.

ചൈനയിലെ ഒരു പ്രത്യേക ഭരണമേഖലയാണ്‌ ഹോങ്കോങ്ങ്. 1842 മുതൽ ബ്രിട്ടീഷ് കോളനി ആയിരുന്ന ഹോങ്കോങ്ങ് 1997-ൽ ചൈനയ്ക്ക് തിരികെ കിട്ടി. ചൈനയും ബ്രിട്ടനും സംയുക്തമായി നടപ്പാക്കിയ പ്രഖ്യാപനമനുസരിച്ച് 2047 വരെ ഹോങ്കോങ്ങിന് സ്വയം ഭരണാവകാശം ഉണ്ടാ‍കും. "ഒറ്റരാജ്യം - രണ്ട് വ്യവസ്ഥ" സമ്പ്രദായമനുസരിച്ച് ഹോങ്കോങ്ങ് സ്വന്തം നിയമവ്യവസ്ഥ, നാണയം, കസ്റ്റംസ് നയം, സാംസ്കാരിക സംഘം, കായിക സംഘം, കുടിയേറ്റ നിയമം എന്നിവ നിലനിർത്തുന്നു.

ഹോങ്കോങ് ചീഫ് എക്സിക്യുട്ടീവ്‌ കാരി ലാം നിയമത്തെ ന്യായീകരിച്ചുകൊണ്ട് രംഗത്തുവന്നു. എന്നാല്‍ നിയമം പ്രാബല്യത്തില്‍ വരുന്നതിനു മുന്‍പ് അതിലെ ഉള്ളടക്കത്തെ കുറിച്ച് തനിക്കൊന്നും അറിയില്ലായിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തി. കുറ്റവാളികളെ ചൈനക്ക് കൈമാറാനുള്ള കാരി ലാം മുന്‍കൈ എടുത്ത് കൊണ്ടുവന്ന ബില്ലിനെതിരെയാണ് കഴിഞ്ഞ വര്‍ഷം ഹോങ്കോങ് ജനത തെരുവിലിറങ്ങിയത്. പ്രതിഷേധം ശക്തമായതോടെ അവര്‍ക്ക് തീരുമാനം പിന്‍വലിക്കേണ്ടിവന്നു. എന്നിട്ടും പ്രക്ഷോഭവുമായി മുന്നോട്ടു പോയ ജനങ്ങള്‍ കാരിലാം രാജിവയ്ക്കണമെന്ന ആവശ്യമാണ്‌ ഉന്നയിച്ചത്. ചൈനയോടാണ് കാരി ലാമിന് പ്രതിപത്തി എന്നത് അവരുടെ പ്രവര്‍ത്തികളില്‍തന്നെ പ്രകടമാണ്.

വിഘടനവാദവും ഭീകരവാദവും തടയാനാണ് പുതിയ നിയമമെന്നാണ് ചൈനയുടെ അവകാശ വാദം. നിയമ പ്രകാരം കേസുകളെല്ലാം ഇനി ചൈനീസ് ഭരണകൂടം തീരുമാനിക്കും വിധം വിചാരണ ചെയ്യപ്പെടും.

അതേസമയം, ചൈനയുടെ ഹോങ്കോങ് നയത്തെ രൂക്ഷമായി വിമർശിച്ച് അമേരിക്ക രംഗത്തെത്തി. ഹോങ്കോങ്ങിലേക്കുള്ള എല്ലാ ആയുധ കയറ്റുമതിയും അമേരിക്ക അവസാനിപ്പിക്കുകയാണെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പറഞ്ഞു. ഹോങ്കോങിന് ആയുധങ്ങൾ നൽകിയാൽ അത് ചൈനീസ് സൈന്യം ദുരുപയോഗം ചെയ്യാനുള്ള സാധ്യത മുന്നില്‍ കണ്ടാണ്‌ ഇത്തരമൊരു പ്രഖ്യാപനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹോങ്കോങ്ങിലെ പുതിയ സുരക്ഷാ നിയമങ്ങളുമായി മുന്നോട്ട് പോകാനുള്ള ചൈനയുടെ "നിന്ദ്യമായ തീരുമാനത്തെ" അപലപിച്ചുകൊണ്ട് യൂറോപ്യൻ നേതാക്കളും രംഗത്തെത്തി. 'സാധ്യമായ നടപടികളെക്കുറിച്ച് അന്താരാഷ്ട്ര പങ്കാളികളുമായി കൂടിയാലോചിച്ച് വരികയാണെന്ന്' യൂറോപ്യൻ കമ്മീഷൻ മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ പറഞ്ഞു.

പുതിയ നിയമം അടിച്ചേൽപ്പിക്കുന്നത് ഗുരുതരമായ നടപടിയാണെന്നാണ് യുകെയുടെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് വിശേഷിപ്പിച്ചത്. കൊറോണ വൈറസ് പകർച്ചവ്യാധി മൂലം സെപ്റ്റംബറിൽ നടക്കേണ്ടിയിരുന്ന യൂറോപ്യൻ യൂണിയൻ-ചൈന ഉച്ചകോടി മാറ്റിവച്ചിരുന്നു. എന്നാൽ ഇത് വേഗത്തിൽ പുന:ക്രമീകരിക്കേണ്ടതുണ്ടെന്നും, ചൈന വിഷയത്തില്‍ യൂറോപ്യൻ യൂണിയൻ ഒറ്റ ശബ്ദത്തിൽ സംസാരിക്കേണ്ടത് അത്യാവശ്യമാണെന്നും ജർമ്മൻ വിദേശകാര്യ മന്ത്രി ഹെയ്‌കോ മാസ് പറഞ്ഞു.


Next Story

Related Stories