TopTop
Begin typing your search above and press return to search.

കോവിഡിന്റെ മറവില്‍ നിയന്ത്രണം, ടിയാനന്‍മെന്‍ കൂട്ടക്കൊല അനുസ്മരണ ചടങ്ങ് ഹോങ്കോങ് നിരോധിച്ചു

കോവിഡിന്റെ മറവില്‍ നിയന്ത്രണം, ടിയാനന്‍മെന്‍ കൂട്ടക്കൊല അനുസ്മരണ ചടങ്ങ് ഹോങ്കോങ് നിരോധിച്ചു

1989 ജൂണ്‍ നാലിന് വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് നേരെ ചൈന നടത്തിയ കൂട്ടക്കുരുതിയുടെ വാര്‍ഷിക ദിനം ആചരിക്കുന്നതിന് ഹോങ്കോങ്ങില്‍ നിരോധനം. കോവിഡ് 19 ന്റെ നിയന്ത്രണങ്ങളുടെ പാശ്ചാത്തലത്തില്‍ അനുസ്മരണ ചടങ്ങുകള്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് ഹോങ്കോങ് പോലീസ് അറിയിച്ചു. ടിയാനന്‍മെന്‍ സ്‌ക്വയര്‍ സംഭവത്തിന് ശേഷം ഇതാദ്യമായാണ് അനുസ്മരണ ചടങ്ങുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത്. അനുസ്മരണ പരിപാടികള്‍ നിരോധിക്കുകയല്ല മറിച്ച് കോവിഡ് 19 ന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് അവ നടത്താനുള്ള സാഹചര്യം ഉണ്ടാക്കുകയാണ് വേണ്ടതെന്ന് ആനംസ്റ്റി ഇന്റര്‍നാഷണല്‍ പ്രതികരിച്ചു.

ചൈന ഹോങ്കോങ്ങിനെ പൂര്‍ണ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനിടെയാണ് ടിയാനെന്‍മെന്‍ അനുസ്മരണത്തിന് അനുമതി നിഷേധിച്ചതെന്നതാണ് ശ്രദ്ധേയം. 1989 ജൂണ്‍ നാലിനാണ്, ജനാധിപത്യ അവകാശങ്ങള്‍ക്ക് വേണ്ടി പ്രക്ഷോഭത്തിനിറങ്ങിയ വിദ്യാര്‍ത്ഥികളെ അന്നത്തെ ഡെങ് സിയാവോ പിങ്ങിന്റെ നേതൃത്വത്തിലുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കൊലപ്പെടുത്തിയത്. എത്രപേരാണ് മരിച്ചതെന്നതിനെ സംബന്ധിച്ച് ഇന്നും വ്യക്തതയൊന്നുമില്ല.

എല്ലാവര്‍ഷവും ഇതിന്റെ അനുസ്മരണം ഹോങ്കോങ്ങില്‍ നടക്കാറുണ്ട്. എന്നാല്‍ ഇത്തവണ അനുസ്മരണ ചടങ്ങുകള്‍ നടത്തിയാല്‍ അത് കോവിഡ് 19 പടരുന്നതിന് കാരണമായേക്കാമെന്നാണ് ഹോങ്കോങ് പോലീസ് അറിയിച്ചത്. പൊതു പരിപാടികള്‍ അപകടം പിടിച്ചതാണെന്ന് ഹോങ്കോങ്ങ് പൊലീസ് വ്യക്തമാക്കി. പൊലീസിന്റെ നടപടിയില്‍ നിരാശ പ്രകടിപ്പിച്ച സംഘാടകര്‍ മെഴുകുതിരി തെളിച്ച് നിശബ്ദരായി ടിയാന്‍മെന്നില്‍ കൊല്ലപ്പെട്ടവരെ അനുസ്മരിക്കുമെന്ന് പറഞ്ഞു.

അഭിപ്രായ സ്വാതന്ത്ര്യത്തെ തടയാനുള്ള ഉപാധിയായി കോവിഡ് 19 പ്രതിരോധത്തെ മാറ്റരുതെന്ന് ആനംസ്റ്റി ഇന്റര്‍നാഷണല്‍ പ്രതികരിച്ചു. അമേരിക്ക പാസ്സാക്കുന്ന സെക്യുരിറ്റി നിയമത്തിന്റെ പാശ്ചാത്തലത്തില്‍ ഇനി ഹോങ്കോങ്ങില്‍ ടിയാനന്‍മെന്‍ അനുസ്മരണം നടക്കുമോ എന്നു പോലും പറയാത്ത സാഹചര്യമാണെന്ന് ആനംസ്റ്റി ഇന്റര്‍നാഷണല്‍ തെക്കു കിഴക്ക് ഏഷ്യ ഡെപ്യുട്ടി ഡയറക്ടര്‍ ജോഷ്വാ റോസെന്‍സ്വിഗ് പറഞ്ഞു.

കഴിഞ്ഞയാഴ്ചയാണ് ചൈനീസ് പാര്‍ലമെന്റ് ഹോങ്കോങ്ങുമായി ബന്ധപ്പെട്ട സെക്യൂരിറ്റി നിയമം പാസ്സാക്കിയത്. ഒരു രാജ്യം രണ്ട് വ്യവസ്ഥകള്‍ എന്ന നിലയിലായിരുന്നു ഹോങ്കോങ്ങും ചൈനയും നിലനിന്നിരുന്നത്. എന്നാല്‍ പുതിയ നിയമം നടപ്പിലാക്കപ്പെടുന്നതോടെ ചൈനയ്ക്ക് സ്വന്തം സൈന്യത്തെ ഹോങ്കോങ്ങില്‍ വിന്യസിക്കാന്‍ അടക്കമുള്ള അധികാരമുണ്ടാകും. ഇത് ഫലത്തില്‍ ഹോങ്കോങ്ങിന്റെ സ്വതന്ത്ര്യ അസ്ഥിത്വം ഇല്ലാതാക്കുമെന്നാണ് ജനാധിപത്യ വാദികള്‍ പറയുന്നത്. ബ്രീട്ടന്‍ ഹോങ്കോങ്ങില്‍നിന്ന് പിന്മാറിയപ്പോള്‍ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ഒരു രാജ്യം രണ്ട് വ്യവസ്ഥകള്‍ എന്ന സംവിധാനം നിലവില്‍ വന്നത്.


Next Story

Related Stories