TopTop
Begin typing your search above and press return to search.

കൊറോണ വൈറസ് വ്യാപനത്തിന് കാരണം വനങ്ങളിലെ മനുഷ്യരുടെ ഇടപെടല്‍; ജീവാപായ ഭീഷണിയുള്ള ജീവികള്‍ കൂടുതല്‍ അപകടകാരികള്‍

കൊറോണ വൈറസ് വ്യാപനത്തിന് കാരണം വനങ്ങളിലെ മനുഷ്യരുടെ ഇടപെടല്‍; ജീവാപായ ഭീഷണിയുള്ള ജീവികള്‍ കൂടുതല്‍ അപകടകാരികള്‍

കൊറോണ വൈറസിന്റെ വ്യാപനത്തിന് കാരണമായത് വനങ്ങള്‍ക്കു മേലുള്ള മനുഷ്യരുടെ കടന്നുകയറ്റമെന്ന് പഠനം. വന്യജീവികളെ വേട്ടയാടുന്നതും, വനം നശിപ്പിക്കുന്നതും, നഗരങ്ങളിലേക്കുള്ള ജനങ്ങളുടെ കൂട്ട കുടിയേറ്റങ്ങളുമെവ്വാം ലോകത്തിന്റെ ജൈവവൈവിധ്യത്തെ തകര്‍ക്കുന്നുവെന്നും ഇതാണ് കൊറോണ പോലുള്ള വൈറസുകളുടെ വ്യാപനത്തിന് കാരണമാകുന്നതെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. മൃഗങ്ങളെ വേട്ടയാടുന്നവരിലേക്ക് ഇത്തരം വൈറസുകള്‍ എളുപ്പത്തില്‍ കുടിയേറുന്നു. പിന്നീടവ മറ്റു മനുഷ്യരിലേക്ക് പരക്കുന്നു: പഠനം പറഞ്ഞു. വിഖ്യാതമായ റോയല്‍ സൊസൈറ്റി പ്രൊസീഡിങ്സിലെ ജീവശാസ്ത്രപരമായ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുന്ന 'റോയല്‍ സൊസൈറ്റി ബി'യിലാണ് ഈ പഠനം വന്നിരിക്കുന്നത്.

വനങ്ങളുമായി മനുഷ്യര്‍ക്ക് വന്നിട്ടുള്ള ഉയര്‍ന്ന സമ്പര്‍ക്കമാണ് ഇപ്പോഴത്തെ വൈറസ് വ്യാപനത്തിനു കാരണമെന്ന് പഠനം നിരൂപിക്കുന്നു. മനുഷ്യരുമായി വൈറസുകളെയും മറ്റ് സൂക്ഷ്മജീവികളെയും പങ്കിടുന്ന മൃഗങ്ങളെ പട്ടികപ്പെടുത്തുകയും ചെയ്തിട്ടുണ്ട് ഈ പഠനം. നായ്ക്കള്‍, പശുക്കള്‍ തുടങ്ങിയവയുമായാണ് മനുഷ്യര്‍ ഇത്തരത്തില്‍ സൂക്ഷ്മാണുക്കളെ പങ്കുവെക്കുന്നത്. അണ്ണാന്‍, വവ്വാല്‍ തുടങ്ങിയ, മനുഷ്യരുമായി കൂടുതല്‍ ഇടപഴകാനിടയുള്ള ജീവികളുടെ ശരീരങ്ങള്‍ വൈറസ്സുകളുടെ കേന്ദ്രസ്ഥാനങ്ങളാണ്. വൈറസ്സുകളുടെ 75 ശതമാനവും ഇവയുടെ ശരീരങ്ങളില്‍ കാണാം. വവ്വാലുകളില്‍ മാത്രം സാര്‍സ്, നിപ, മാര്‍ബര്‍ഗ്, എബോള തുടങ്ങിയ വൈറസ്സുകളുടെ സാന്നിധ്യം കാണാവുന്നതാണ്. യുഎസ്സില്‍ നിന്നും ഓസ്ട്രേലിയയില്‍ നിന്നുമുള്ള ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്.

വംശനാശ ഭീഷണിയുള്ള ജീവികളില്‍ നിന്നുള്ള വൈറസ് വ്യാപന സാധ്യത വളരെ വലുതാണെന്നും കണ്ടെത്തിയിട്ടുണ്ട് പഠനം. മനുഷ്യരിലേക്ക് പകര്‍ന്ന 142 വൈറസ്സുകളെ വംശനാശഭീഷണിയുള്ള ജീവികളിലെ വൈറസ്സുകളുമായി താരതമ്യം ചെയ്താണ് പഠിതാക്കള്‍ ഈ നിഗമനത്തിലെത്തിയത്. ആവാസകേന്ദ്രങ്ങള്‍ ഇല്ലാതാകുന്നതു മൂലവും വേട്ടയാടല്‍, മൃഗവില്‍പ്പന തുടങ്ങിയവ മൂലവും അപകടത്തെ നേരിടുന്ന ജീവികള്‍ കൂടുതല്‍ അപകടകാരികളായി മാറും.

മൃഗങ്ങളില്‍ നിന്നും വൈറസ്സുകള്‍ പുറത്തേക്ക് വമിക്കുന്നതിനു പ്രധാന കാരണം അവയുടെ വാസകേന്ദ്രങ്ങള്‍ നഷ്ടമാകുന്നതാണെന്ന് ഈ ഗവേഷണം നയിക്കുന്ന ക്രിസ്റ്റൈന്‍ ക്രൂഡര്‍ ജോണ്‍സണ്‍ പറയുന്നു. ആവാസവ്യവസ്ഥ തകരുന്നതോടെ ഇവ തങ്ങളിലെ വൈറസുകള്‍ മനുഷ്യരുമായി പങ്കിടുന്നു. വന്യജീവികളുമായി എങ്ങനെ ഇടപഴകണമെന്നതില്‍ ശരിയായ ധാരണ മനുഷ്യനുണ്ടാകണം. ശരിയായ രീതിയിലുള്ള സഹവര്‍ത്തിത്വമാണ് ആവശ്യം. നമുക്ക് തരാന്‍ ആവശ്യത്തിലധികം വൈറസ്സുകള്‍ അവയുടെ പക്കലുണ്ടെന്ന്ത് തിരിച്ചറിയണമെന്നും ക്രിസ്റ്റൈന്‍ പറയുന്നു.

ചൈന, ഇന്തോനീഷ്യ, ജോര്‍ദ്ദാന്‍ തുടങ്ങിയ രാജ്യങ്ങളിലെ വെറ്റ് മാര്‍ക്കറ്റുകള്‍ (വന്യമൃഗങ്ങളെ വേട്ടയാടിപ്പിടിച്ച് വില്‍ക്കുന്ന ചന്തകള്‍) ലോകത്തിന് വലിയ അപകടമാണ് വരുത്തുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ചൈനയില്‍ വളരെ സജീവമാണ് ഇത്തരം വിപണികള്‍. ഇത്തരം വിപണികളെ പൂര്‍ണമായും നിരോധിക്കണമെന്നാണ് ആവശ്യമുയരുന്നത്. ലോകാരോഗ്യ സംഘടന ഈയാവശ്യം ഉന്നയിക്കണമെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയടക്കമുള്ളവര്‍ ആവശ്യപ്പെടുകയുണ്ടായി.

ചൈനയിലെ വുഹാനില്‍ സ്ഥിതി ചെയ്യുന്ന വെറ്റ് മാര്‍ക്കറ്റില്‍ നിന്നാണ് കോവിഡ്-19 രോഗം പടര്‍ന്നുതുടങ്ങിയത്. വന്യമൃഗങ്ങളില്‍ നിന്നും പകരുന്ന രോഗങ്ങള്‍ മൂലം (zoonotic diseases) ഓരോ വര്‍ഷവും 20 ലക്ഷം പേരാണ് മരിക്കുന്നത്. എബോള, മെര്‍സ്, നിപ തുടങ്ങിയ നിരവധി രോഗങ്ങള്‍ ഇങ്ങനെ പടരുന്നതാണ്.


Next Story

Related Stories