TopTop
Begin typing your search above and press return to search.

കൊറോണ മുന്നറിയിപ്പ് നല്‍കിയ ക്യാപ്റ്റനെ പുറത്താക്കിയതിന് വിമര്‍ശനം - യുഎസ് നേവി സെക്രട്ടറി രാജി വച്ചു

കൊറോണ മുന്നറിയിപ്പ് നല്‍കിയ ക്യാപ്റ്റനെ പുറത്താക്കിയതിന് വിമര്‍ശനം - യുഎസ് നേവി സെക്രട്ടറി രാജി വച്ചു

കൊവിഡ് 19 മുന്നറിയിപ്പ് നല്‍കിയ യുഎസ് നാവികസേന കപ്പലിന്റെ ക്യാപ്റ്റനെ പുറത്താക്കിയ സംഭവത്തില്‍ രൂക്ഷവിമര്‍ശനമുയര്‍ന്നതിന് പിന്നാലെ യുഎസ് നേവി ആക്ടിംഗ് സെക്രട്ടറി തോമസ് മോഡ്‌ലി രാജിവച്ചു. യുഎസ്എസ് തിയോഡോര്‍ റൂസ് വെല്‍റ്റ് എന്ന യുദ്ധക്കപ്പലിന്റെ ക്യാപ്റ്റനെ പുറത്താക്കിയ നേവി സെക്രട്ടറിയുടെ നടപടിക്കെതിരെ വലിയ പ്രതിഷേധവും വിമര്‍ശനങ്ങളുമുയര്‍ന്നിരുന്നു. ക്യാപ്റ്റന്‍ ബ്രെറ്റ് ക്രോസിയറെ പുറത്താക്കിയത് തെറ്റായിപ്പോയി എന്ന് പറഞ്ഞ് തോമസ് മോഡ്‌ലി ക്ഷമാപനം നടത്തിയത്. ക്യാപ്റ്റന്റെ പ്രവൃത്തി വിഡ്ഢിത്തരമാണെന്ന് നേരത്തെ മോഡ്‌ലി അഭിപ്രായപ്പെട്ടിരുന്നു.

പ്രസിഡന്റ് ട്രംപ് പ്രശ്‌നത്തില്‍ ഇടപെടുമെന്ന സൂചന നല്‍കിയതിന് പിന്നാലെയാണ് നേവി സെക്രട്ടറി രാജി വച്ചത്. സ്വന്തം തീരുമാനപ്രകാരമാണ് മോഡ്‌ലി രാജി വച്ചത് എന്ന് പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്‍ പറഞ്ഞു. തോമസ് മോഡ്‌ലിക്ക് പകരം ആര്‍മി അണ്ടര്‍ സെക്രട്ടറി ജയിംസ് മക്ക്‌ഫെര്‍സണ്‍ പുതിയ നേവി സെക്രട്ടറി ആയേക്കും. കഴിഞ്ഞയാഴ്ചയാണ് ക്യാപ്റ്റന്‍ ക്രോസിയറെ പുറത്താക്കിയത്. റൂസ് വെല്‍റ്റ് യുദ്ധക്കപ്പലിലെ നാവികര്‍, ക്യാപ്റ്റന് യാത്രയയപ്പ് നല്‍കുന്ന വീഡിയോ വൈറലായിരുന്നു.

യുഎസ് കോണ്‍ഗ്രസ് അംഗങ്ങളും എതിരായതോടെയാണ് മോഡ്ലി മാപ്പ് പറയാന്‍ തയ്യാറായത്. ക്യാപ്റ്റന്‍ ക്രോസിയന്‍ വീഡ്ഢിയും വിവരംകെട്ടവനുമാണെന്ന അഭിപ്രായം തിരുത്തിയ മോഡി, താന്‍ ഇങ്ങനെ കരുതുന്നില്ല എന്നും പറഞ്ഞു. തന്റെ കപ്പലിലെ കൊവിഡ് ബാധയില്‍ സഹായം തേടി മാര്‍ച്ച് 30ന് പ്രതിരോധ ഉദ്യോഗസ്ഥര്‍ക്ക് ക്യാപ്റ്റന്‍ ക്രോസിയര്‍കത്ത് നല്‍കിയിരുന്നു. 4000ത്തിലധികം വരുന്ന ക്രൂ ആണ് കപ്പലിലുണ്ടായിരുന്നത്. നമ്മള്‍ യുദ്ധത്തിലല്ല, നാവികര്‍ മരിക്കേണ്ട കാര്യമില്ല - എന്ന് ക്യാപ്റ്റന്‍ കത്തില്‍ പറഞ്ഞിരുന്നു.

മോഡ്ലിയുടെ രാജിയില്‍ തനിക്ക് പങ്കില്ല എന്ന് പറഞ്ഞ പ്രസിഡന്റ് ട്രംപ്, ക്യാപ്റ്റന്‍ ക്രോസിയറേയും വിമര്‍ശിച്ചു. കത്ത് നല്‍കിയത് തെറ്റായിപ്പോയെന്നും ക്യാപ്റ്റന്‍ ക്രോസിയര്‍ ഏണസ്റ്റ് ഹെമിംഗ് വേ ആകാന്‍ ശ്രമിക്കേണ്ടതില്ലായിരുന്നു എന്നും പറഞ്ഞു. രണ്ട് മാന്യര്‍ തമ്മില്‍ തര്‍ക്കത്തില്‍പ്പെടുമ്പോള്‍ അത് പരിഹരിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത് എന്നാണ് പരിഹാസപൂര്‍വം ട്രംപ് പ്രതികരിച്ചത്. ക്യാപ്റ്റന്‍ ക്രോസിയറെക്കുറിച്ച് നല്ല കാര്യങ്ങളാണ് കേട്ടിരിക്കുന്നത് എന്നും അദ്ദേത്തിന്റെ കരിയര്‍ നശിപ്പിക്കാന്‍ താല്‍പര്യമില്ലെന്നും ട്രംപ് പറഞ്ഞു. അതേസമയം യുഎസ് നേവി ക്യാപ്റ്റന്റെ നടപടികളില്‍ അന്വേഷണം നടത്തുന്നുണ്ട്. യുഎസ് കോണ്‍ഗ്രസിലെ ഡെമോക്രാറ്റിക്ക് അംഗങ്ങള്‍ ആവശ്യപ്പെട്ടത് ക്യാപ്റ്റന്‍ ക്രോസിയറെ പുറത്താക്കിയ തീരുമാനത്തെ സംബന്ധിച്ച് അന്വേഷണം വേണമെന്നാണ്. ക്രോസിയറെ പുറത്താക്കിയ നടപടി ക്രിമിനല്‍ പ്രവൃത്തിയാണെന്ന് ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളിലൊരാളും മുന്‍ വൈസ് പ്രസിഡന്റുമായ ജോ ബൈഡന്‍ അഭിപ്രായപ്പെട്ടു.


Next Story

Related Stories