TopTop

'അമേരിക്ക ഫസ്റ്റ് അല്ല, ട്രംപ് ഫസ്റ്റ്', പ്രസിഡന്റിന് രാജ്യ താൽപര്യങ്ങളേക്കാൾ വ്യക്തി താൽപര്യങ്ങളെന്ന് ഇംപീച്മെന്റ് വിചാരണക്കിടെ പ്രോസിക്യൂട്ടർമാർ

ഡൊണാൾഡ് ട്രംപ് തന്റെ വ്യക്തിപരവും രാഷ്ട്രീയപരവുമായ താൽപ്പര്യങ്ങൾക്കാണ് രാജ്യത്തിന്റെ ദേശീയ സുരക്ഷയേക്കാളും, സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകളേക്കാളും പ്രാധാന്യം നല്‍കിയതെന്ന് ഇംപീച്ച്‌മെന്റ് വിചാരണക്കിടെ പ്രോസിക്യൂട്ടർമാര്‍ അഭിപ്രായപ്പെട്ടു. 'അമേരിക്കാ ഫസ്റ്റ് എന്നല്ല, ട്രംപ് ഫസ്റ്റ് എന്നതാണ് അദ്ദേഹത്തിന്‍റെ പെരുമാറ്റം സൂചിപ്പിക്കുന്നത്' സെനറ്റര്‍മാരെ അഭിസംബോധന ചെയ്ത് സംസാരിക്കവേ പ്രോസിക്യൂട്ടർമാര്‍ തുറന്നടിച്ചു.

ജനപ്രതിനിധിസഭയില്‍ നിന്നുള്ള ഡെമോക്രാറ്റുകളാണ് ആദ്യം പ്രസിഡന്റിനെതിരായ കേസുകള്‍ നിരത്തുന്നത്. കഴിഞ്ഞ മാസം സഭ പാസാക്കിയ രണ്ട് ഇംപീച്ച്‌മെന്‍റ് പ്രമേയങ്ങളുടേയും അടിസ്ഥാനത്തില്‍ ട്രംപിനെ ശിക്ഷിക്കണമെന്ന് ഹൌസ് ഓഫ് റെപ്രസന്റേറ്റീവ്‌സ് ജുഡീഷ്യറി കമ്മിറ്റി ചെയർമാൻ ജെറി നാഡ്‌ലർ വാദിച്ചു. സെനറ്റ് അംഗീകരിച്ച നിയമങ്ങള്‍ പ്രകാരം ഹൗസ് മാനേജര്‍മാര്‍ക്ക് അവരുടെ വാദങ്ങള്‍ ഉന്നയിക്കാന്‍ മൂന്ന് ദിവസങ്ങളിലായി 24 മണിക്കൂര്‍ സമയമുണ്ട്. ഇതിനു ശേഷമായിരിക്കും ട്രംപിന്‍റെ അഭിഭാഷക സംഘം മറുവാദം നടത്തുക. ഡെമോക്രാറ്റുകളുടെ കേസ് തള്ളാന്‍ ട്രംപിന്‍റെ അഭിഭാഷകര്‍ക്ക് മൂന്ന് ദിവസം വരെ സമയം ലഭിക്കും.

ഹൗസ് ഇന്റലിജന്‍സ് ചെയര്‍മാന്‍ ആദം ഷിഫാണ് വിചാരണയില്‍ ആദ്യം വാദമുഖങ്ങള്‍ അവതരിപ്പിച്ചത്. സെനറ്റ് വിചാരണയുടെ പുതിയ ഘട്ടങ്ങളിലേക്കു വഴിതുറക്കുന്നതായിരുന്നു ഷിഫിന്റെ വാദങ്ങള്‍. വിചാരണയില്‍ കൂടുതല്‍ സാക്ഷികളെയും രേഖകളും ഹാജരാക്കണമെന്ന് പ്രധാന ആവശ്യമാണ് ഡെമോക്രാറ്റുകള്‍ മുന്നോട്ടുവെക്കുന്നത്. എന്നാല്‍ ആദ്യദിനംതന്നെ ഇത്തരം ഭേദഗതി ആവശ്യങ്ങളെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു ഭൂരിപക്ഷമുള്ള സെനറ്റ് വോട്ടിനിട്ടു തള്ളിയിരുന്നു.

ഈ വര്‍ഷം നടക്കാന്‍ പോകുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ തന്‍റെ എതിർ സ്ഥാനാർഥിയായ ഡെമോക്രറ്റിക് പാർട്ടിയിലെ ജോ ബൈഡനും മകൻ ഹണ്ടറിനും എതിരെ അപകീർത്തികരമായ വിവരങ്ങൾ തപ്പിയെടുക്കാൻ ഉക്രെയിനുമേൽ സമ്മർദ്ദം ചെലുത്തി എന്നതാണ് ട്രംപിന് മേലുള്ള ആരോപണം. ജോ ബൈഡൻ അമേരിക്കൻ വൈസ്പ്രസിഡന്റായിരുന്ന കാലത്ത് മകൻ ഹണ്ടർ ഉക്രെയിനിലെ ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്നു. ഉക്രെയിനെ ഇക്കാര്യത്തിന് നിർബന്ധിക്കാൻ വേണ്ടി, അമേരിക്കൻ കോൺഗ്രസ് അടുത്തിടെ ഉക്രെയിന് അനുവദിച്ച 400 മില്യൺ ഡോളറിന്റെ പട്ടാളസഹായം തടഞ്ഞുവച്ച് ട്രംപ് വിലപേശിയത്രേ. ഇത് പ്രസിഡന്‍റ് എന്ന നിലയിലുള്ള അധികാരങ്ങളുടെ ദുര്‍വിനിയോഗമാണ് എന്നാണ് ഡെമോക്രാറ്റുകളുടെ ആക്ഷേപം.

അധികാരദുർവിനിയോഗം നടത്തി, സാക്ഷികൾ ഹജരാകുന്നതു തടഞ്ഞും രേഖകൾ പിടിച്ചുവച്ചും അന്വേഷണം തടസ്സപ്പെടുത്തി എന്നിവയാണ് ജനപ്രതിനിധിസഭ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ. അമേരിക്കയുടെ 243 വര്‍ഷത്തെ ചരിത്രത്തിനിടെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്യുന്ന മൂന്നാമത്തെ പ്രസിഡന്റ് ആണ് ട്രംപ്.


Next Story

Related Stories