Top

അല്‍ ഖായിദയിലെ ഇന്ത്യാക്കാരന്‍ അസി ഉമര്‍ താലിബാന്‍ കേന്ദ്രത്തില്‍ കൊല്ലപ്പെട്ടു

അല്‍ ഖായിദയിലെ ഇന്ത്യാക്കാരന്‍ അസി ഉമര്‍ താലിബാന്‍ കേന്ദ്രത്തില്‍ കൊല്ലപ്പെട്ടു

അല്‍ ഖായിദയുടെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്ന അസിം ഉമര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. യുഎസ്സും അഫ്ഗാനിസ്ഥാനും ഒരുമിച്ചു നടത്തിയ ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് അഫ്ഗാനിസ്ഥാന്‍ ചാരസംഘടന വെളിപ്പെടുത്തി. 2014ല്‍ രൂപീകൃതമായ അല്‍ ഖായിദ ഇന്‍ ദി ഇന്ത്യന്‍ സബ് കോണ്‍ടിനെന്റ് അഥവാ AQIS എന്ന വിഭാഗത്തെ നയിച്ചിരുന്നത് ഉത്തര്‍പ്രദേശുകാരനായ അസിം ഉമറാണ്.

1995ല്‍ ഇയാള്‍ പാകിസ്താനിലേക്ക് കടക്കുകയും പിന്നീട് ഹര്‍ക്കത്തുല്‍ മുജാഹിദ്ദീനില്‍ ചേരുകയുമായിരുന്നു. 1974നും 76നും ഇടയിലാണ് ഇയാള്‍ ജനിച്ചതെന്നാണ് കരുതപ്പെടുന്നത്.

താലിബാന്‍ കേന്ദ്രമായ മൂസ ഖ്വാല ജില്ലയില്‍ നടത്തിയ ആക്രമണത്തിലാണ് അസിം ഉമര്‍ കൊല്ലപ്പെട്ടത്. ഈ ആക്രമണത്തില്‍ വേറെയും ആറ് അക്വിസ് അംഗങ്ങള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരില്‍ ഭൂരിഭാഗം പേരും പാകിസ്താനില്‍ നിന്നുള്ളവരാണ്. റൈഹാന്‍, അയ്മന്‍ അല്‍ സവാഹിരി എന്നീ പ്രമുഖരും ഇതില്‍പ്പെടുന്നു.

അഫ്ഗാന്‍ ചാരസംഘടനയായ നാഷണല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി നല്‍കുന്ന വിവരങ്ങള്‍ പ്രകാരം അസിം ഉമര്‍‌ പാകിസ്താന്‍കാരനാണ്. ഇയാളുടെ പക്കല്‍ പാകിസ്താന്‍ ഐഡന്റിറ്റി കാര്‍ഡുണ്ടായിരുന്നതാകാം ഇങ്ങനെ കരുതാന്‍ കാരണമെന്നാണ് കരുതേണ്ടത്.

സെപ്തംബര്‍ 22, 23 എന്നീ തിയ്യതികളിലാണ് യുഎസ് - അഫ്ഗാന്‍ സേനകള്‍ താലിബാന്‍ കേന്ദ്രത്തില്‍ സംയുക്ത ഓപ്പറേഷന്‍ നടത്തിയത്. ആദ്യ റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നത് ഉമര്‍ രക്ഷപ്പെട്ടുവെന്നാണ്. താലിബാന്‍ കേന്ദ്രത്തിലെ ഉമറിന്റെ സാന്നിധ്യം കാണിക്കുന്നത് ഇരു സംഘടനകളും തമ്മില്‍ ഇപ്പോഴും തുടരുന്ന ഉറച്ച ബന്ധമാണെന്ന് തങ്ങളുടെ രഹസ്യവൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.


Next Story

Related Stories