TopTop
Begin typing your search above and press return to search.

ഒളിമ്പിക്സ് റദ്ദാക്കുന്നത് അജണ്ടയിലില്ല; അന്തിമ തീരുമാനം ഒരുമാസത്തിനുള്ളിലെന്ന് ഒളിമ്പിക് കമ്മറ്റി

ഒളിമ്പിക്സ് റദ്ദാക്കുന്നത് അജണ്ടയിലില്ല; അന്തിമ തീരുമാനം ഒരുമാസത്തിനുള്ളിലെന്ന് ഒളിമ്പിക് കമ്മറ്റി

2020 ജൂലൈ മാസത്തില്‍ നടക്കാനിരിക്കുന്ന ഒളിമ്പിക്സ് മാറ്റി വെക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നത് ഒരു മാസത്തേക്ക് നീട്ടി വെച്ച് ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മറ്റി. ഒളിമ്പിക്സ് റദ്ദാക്കുന്നത് നിലവില്‍ അജണ്ടയിലില്ലെന്ന് ഒളിമ്പിക് കമ്മറ്റി പുറത്തിറക്കിയ പ്രസ്താവന പറഞ്ഞു. കഴിഞ്ഞദിവസമാണ് അടിയന്തിര യോഗം ചേര്‍ന്ന് കമ്മറ്റി ഈ തീരുമാനം കൈക്കൊണ്ടത്.

ടോക്കിയോയില്‍ നടക്കാനിരിക്കുന്ന ഒളിമ്പിക്സ് നീട്ടിവെക്കണമെന്ന ആവശ്യം പൊതുവില്‍ ഉയരുന്നുണ്ട്. നിരവധി കായികസംഘടനകളും കായികതാരങ്ങളുമെല്ലാം ഒളിമ്പിക്സ് റദ്ദാക്കണമെന്ന ആവശ്യം ഉന്നയിക്കുന്നുണ്ട്. ജപ്പാനില്‍ സ്ഥിതി നിയന്ത്രണത്തിലാണെന്നും അവിടുത്തെ ജനങ്ങള്‍ കായികമാമാങ്കത്തെ ആവേശത്തോടെ സ്വാഗതം ചെയ്യുന്നുണ്ടെന്നും ഒളിമ്പിക് കമ്മറ്റിയുടെ പ്രസ്താവന പറയുന്നു. ഇക്കാരണത്താല്‍ തന്നെ ചില സുരക്ഷാ നിയന്ത്രണങ്ങളോടെ ഒളിമ്പിക്സ് നടത്താന്‍ സാധിക്കുമെന്ന ആത്മവിശ്വാസം തങ്ങള്‍ക്ക് വന്നിട്ടുണ്ടെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി.

ഗെയിംസ് തുടങ്ങുന്ന തിയ്യതിയില്‍ മാറ്റം വരുത്തുന്നടക്കമുള്ള കാര്യങ്ങളാണ് തങ്ങളുടെ ആലോചനയിലുള്ളതെന്ന് കമ്മിറ്റി പറയുന്നു. ഇത് ടോക്കിയോ 2020 ഓര്‍ഗനൈസിങ് കമ്മറ്റിയുമായി ചര്‍ച്ച ചെയ്തു വരികയാണ്. ജാപ്പനീസ് അധികൃതരുമായും ടോക്കിയോ മെട്രോപോളിറ്റന്‍ അധികാരികളുമായും ചര്‍ച്ചകള്‍ നടക്കുന്നു. അടുത്ത നാലാഴ്ചയ്ക്കകം കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ കഴിയുമെന്ന ആത്മവിശ്വാസവും ഒളിമ്പിക് കമ്മറ്റി പ്രകടിപ്പിക്കുന്നുണ്ട്.

ഒളിമ്പിക്സ് റദ്ദാക്കുന്നത് ഒരുതരത്തിലും ആരെയും സഹായിക്കില്ലെന്നാണ് ഒളിമ്പിക് കമ്മറ്റിയുടെ നിലപാട്. ഇക്കാരണത്താല്‍ തന്നെ റദ്ദാക്കല്‍ അജണ്ടയിലില്ല. "വിജയിക്കാന്‍ നേരിയൊരു സാധ്യത മാത്രമേയുള്ളൂവെങ്കിലും വിട്ടുകൊടുക്കുന്നത് കായികതാരങ്ങളുടെ രീതിയല്ല," ഒളിമ്പിക് കമ്മറ്റി പറഞ്ഞു.


Next Story

Related Stories