TopTop
Begin typing your search above and press return to search.

പശ്ചിമേഷ്യ പുകയുന്നു, അമേരിക്ക പുറത്തുപോകണമെന്ന് ഇറാഖ്, ഇനി ആണവകരാറില്ലെന്ന് ഇറാൻ

പശ്ചിമേഷ്യ പുകയുന്നു, അമേരിക്ക പുറത്തുപോകണമെന്ന് ഇറാഖ്, ഇനി ആണവകരാറില്ലെന്ന് ഇറാൻ

ഇറാൻ സൈനിക കമാൻ്റർ കാസ്സെം സുലൈമാനിയുടെ കൊലപാതകത്തെ തുടർന്ന് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ വഷളാകുന്നു. അമേരിക്കക്കെതിരായ നീക്കം ഇറാഖ് ശക്തമാക്കി. രാജ്യത്തുനിന്നുള്ള മുഴുവൻ അമേരിക്കൻ സൈനികരെയും പുറത്താക്കണമെന്ന ഇറാഖ് പാർലമെൻ്റ് പ്രമേയം പാസ്സാക്കി. 2015 ൽ യുറോപ്യൻ യുണിയനിലെ രാജ്യങ്ങളും അമേരിക്കയുമായി ഒപ്പുവെച്ച ആണവ കരാറിൽ ഇനി നിലനിൽക്കുന്നതെല്ലെന്ന് ഇറാനും വ്യക്തമാക്കി.

യുറേനിയം സമ്പുഷ്ടീകരണം, അണ്വായുധ ഗവേഷണത്തിനും വികസനത്തിനും ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ തുടങ്ങിയ 2015 ലെ ആണവകരാറില്‍ പറഞ്ഞ ഒരു കാര്യവും പിന്തുടരില്ലെന്ന് ഇറാൻ സർക്കാർ അറിയിച്ചു. കരാറിൽനിന്ന് ട്രംപ് അധികാരത്തിലെത്തിയയുടൻ അമേരിക്ക പിൻവാങ്ങിയിരുന്നു.

അതേസമയം, സുലൈമാനിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിൽ ലക്ഷങ്ങൾ അണിനിരന്നു. അഹ്‍വാസിൽ നിന്ന് ടെഹ്‍റാനിലേക്കുള്ള വിലാപയാത്രയിൽ നെഞ്ചിലടിച്ച് ഇനി അമേരിക്കയുടെ മരണം എന്ന മുദ്രാവാക്യങ്ങളുമായാണ് ജനം തെരുവിലിറങ്ങിയത്. നഗരത്തിലെ പ്രധാനപ്പെട്ട മൊല്ലവി സ്ക്വയറിൽ വെള്ളയും പച്ചയുമായ പതാകകളും സുലൈമാനിയുടെ ചിത്രങ്ങളും ഏന്തി എത്തിയ ജനക്കൂട്ടം, അമേരിക്കാ വിരുദ്ധ മുദ്രാവാക്യങ്ങൾ തുടർച്ചയായി മുഴക്കി മുന്നോട്ടു നീങ്ങി.

അതിനിടെയാണ് അമേരിക്കൻ സൈന്യത്തെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്ന പ്രമേയം ഇറാഖ് പാർലമെൻ്റ് പാസ്സാക്കിയത്. സുലൈമാനിയുടെ ആഗ്രഹമാണ് ഇതിലൂടെ നടപ്പിലാകുന്നതെന്ന് ഇറാനിലെ റവല്യൂഷണറി ഗാർഡ് പ്രതികരിച്ചു. ഇറാഖ് പാർലമെൻ്റിൻ്റെ പ്രമേയം അനുസരിക്കാൻ അമേരിക്കയ്ക്ക് ബാധ്യതയില്ല. സൈനിക പിൻമാറ്റത്തിന് ഒരു വർഷത്തെയെങ്കിലും നോട്ടീസ് നൽകണമെന്നാണ് വ്യവസ്ഥ. എന്നാൽ അമേരിക്കൻ അനുകൂലിയായിരുന്ന ഇറാഖ് പ്രധാനമന്ത്രി തന്നെ പ്രമേയത്തിന് മുൻകൈയെടുത്തുവെന്നത് ശ്രദ്ധേയമാണ്. രാജ്യത്തിൻ്റെ പരമാധികാരം ഉറപ്പിക്കാൻ അമേരിക്ക പുറത്തു പോകേണ്ടത് ആവശ്യമാണ് അദ്ദേഹം പറഞ്ഞു.

രാജ്യത്തെ പ്രധാന മേജർ ജനറൽമാരിൽ ഒരാളായിരുന്ന സുലൈമാനിയെ വധിച്ചത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നാണ് ഇറാൻ വിദേശകാര്യമന്ത്രി മൊഹമ്മദ് ജാവദ് സരീഫ് പറഞ്ഞു. ഇറാന്‍റെ സാംസ്കാരികപൈതൃകം ഉറങ്ങിക്കിടക്കുന്ന ഏതെങ്കിലും കേന്ദ്രം ആക്രമിച്ചാൽ അത് യുദ്ധകുറ്റകൃത്യമായി കണക്കാക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഐഎസിനെ തുരത്തുന്നതിന് അമേരിക്കയുടെ സഹായം ആവശ്യമില്ലെന്നും രാജ്യത്തെ സംരക്ഷിക്കുന്നതിനായി സ്വന്തം സായുധസേന ഉണ്ടെന്നും ഇറാഖീ പാർലമെന്‍റിലെ ലീഗൽ കമ്മിറ്റിയംഗവും ഷിയാ അനുകൂല എംപിയുമായ അമർ അൽ–ഷിബിലി പറഞ്ഞു.


Next Story

Related Stories