TopTop
Begin typing your search above and press return to search.

'ജനസംഖ്യാ വളർച്ചയെ പുനരുജ്ജീവിപ്പിക്കണം' ഇറാൻ പുരുഷവന്ധ്യംകരണവും ഗർഭനിരോധന മാർഗ്ഗങ്ങളും നിയന്ത്രിക്കുന്നു

ജനസംഖ്യാ വളർച്ചയെ പുനരുജ്ജീവിപ്പിക്കണം ഇറാൻ പുരുഷവന്ധ്യംകരണവും ഗർഭനിരോധന മാർഗ്ഗങ്ങളും നിയന്ത്രിക്കുന്നു

ഇറാനിലെ സര്‍ക്കാര്‍ ആശുപത്രികളും ക്ലിനിക്കുകളും ഇനി മുതൽ വാസക്ടമിയോ (പുരുഷവന്ധ്യംകരണം) നടത്തുകയോ ഗർഭനിരോധന മാർഗ്ഗങ്ങൾ നൽകുകയോ ചെയ്യില്ലെന്ന് ഒരു മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനസംഖ്യാ വളർച്ചയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ഈ തീരുമാനം. 'ഇറാനിയൻ സ്ത്രീകൾക്ക് ഇപ്പോൾ ശരാശരി 1.7 കുട്ടികളാണ് ഉള്ളത്. അത്, ജനസംഖ്യ നിലനിർത്താൻ ആവശ്യമായ 2.2 ൽ താഴെയാണ്' എന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ പോപ്പുലേഷൻ ആന്റ് ഫാമിലി ഹെൽത്ത് ഓഫീസ് ഡയറക്ടർ ജനറൽ ഹമീദ് ബരാകതി വ്യക്തമാക്കി.

നിലവിലെ ട്രെൻഡ് അനുസരിച്ച് രാജ്യത്തെ മൂന്നിലൊന്ന് മനുഷ്യരും 2050 ഓടെ 60 വയസ്സിനു മുകളിൽ പ്രായമുള്ളവരാകും. 'നമ്മള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, നമ്മള്‍ ഏറ്റവും പ്രായമേറിയവരുടെ രാജ്യമായി മാറുമെന്ന്' ബരാകതി പറയുന്നു. ഫാമിലി പ്ലാനിംഗ് നടപടിക്രമങ്ങളും ഉൽപ്പന്നങ്ങളും ഫാർമസികളിൽ നിന്നും സ്വകാര്യ ആശുപത്രികളിൽ നിന്നും തുടർന്നും ലഭ്യമാകും. സര്‍ക്കാര്‍ ആശുപത്രികളിൽ ചികിത്സ തേടുന്ന ജീവൻ അപകടത്തിലാകുമെന്ന അവസ്ഥയില്‍ എത്തിയവര്‍ക്കും നിയന്ത്രണം ബാധകമാകില്ല.

പരമോന്നത നേതാവ് അയതോല്ല അലി ഖമേനി ഉൾപ്പെടെയുള്ള ഇറാൻ സർക്കാരിലെ യാഥാസ്ഥിതികർ കുറഞ്ഞത് ഒരു ദശാബ്ദത്തോളമായി കൂടുതല്‍ സന്താനോത്പാദനം നടത്താന്‍ പൗരന്മാരെ പ്രേരിപ്പിക്കുന്നു. കുടുംബാസൂത്രണ സംവിധാനങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയും, വന്ധ്യതാ ക്ലിനിക്കുകളുടെ എണ്ണം വർദ്ധിപ്പിച്ച് 18 മുതൽ 24 മാസം കൂടുമ്പോൾ കുട്ടികളുണ്ടാകുന്നത് സുരക്ഷിതമാണെന്ന് ഇറാനിയന്‍ ജനതയെ ബോധ്യപ്പെടുത്തിയുമെല്ലാം അതിനുള്ള ശ്രമങ്ങള്‍ നടത്തുന്നുമുണ്ട്. 2013-ല്‍ കൊണ്ടുവന്ന പരിഷ്കാരങ്ങളുടെ ഭാഗമായി പ്രസവാവധി ഒമ്പത് മാസവും, പിതാക്കന്മാർക്ക് രണ്ടാഴ്ചയും അവധി നൽകിയിട്ടുണ്ട്.

എന്നിട്ടും ജനനനിരക്ക് കുറയുന്നു. മോശം സാമ്പത്തിക സാഹചര്യങ്ങള്‍ ആണ് അതിന് കാരണമെന്ന് ബരാകതി പറയുന്നു. വിവാഹത്തിനും കുടുംബത്തിനും യുവാക്കള്‍ വിസമ്മതിക്കുന്ന പ്രവണതയുണ്ട്. 'ചെറുപ്പക്കാര്‍ വിവാഹം കഴിക്കാനോ കുട്ടികളുണ്ടാകാനോ തയ്യാറാകില്ല. നമ്മള്‍ വിവാഹ വായ്പ നല്‍കിയാല്‍ പോലും അയാൾക്ക് സുരക്ഷിതത്വം തോന്നാത്ത കാലത്തോളം ഇതുതന്നെയായിരിക്കും അവസ്ഥയെന്നും' അദ്ദേഹം വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസം നേടുന്നതിന് സ്ത്രീകൾ വിവാഹം വൈകിപ്പിക്കുന്നതും, രണ്ടിൽ കൂടുതൽ കുട്ടികളുണ്ടാകുന്നത്തിലുള്ള സാംസ്കാരിക വിരോധവും സർക്കാർ അഭിസംബോധന ചെയ്യേണ്ട ഘടകങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.


Next Story

Related Stories