TopTop
Begin typing your search above and press return to search.

അമേരിക്കയ്ക്കും ഇസ്രയേലിനും വേണ്ടി ചാരപ്പണി നടത്തിയെന്ന് ആരോപണം - 2018ല്‍ അറസ്റ്റ് ചെയ്തയാളുടെ വധശിക്ഷ ഇറാന്‍ നടപ്പാക്കി

അമേരിക്കയ്ക്കും ഇസ്രയേലിനും വേണ്ടി ചാരപ്പണി നടത്തിയെന്ന് ആരോപണം - 2018ല്‍ അറസ്റ്റ് ചെയ്തയാളുടെ വധശിക്ഷ ഇറാന്‍ നടപ്പാക്കി

യുഎസ്സിനും ഇസ്രയേലിനും വേണ്ടി ചാരപ്പണി നടത്തിയെന്ന് ആരോപിച്ച് 2018ല്‍ അറസ്റ്റ് ചെയ്ത മൂസാവി മജീദ് എന്നയാളുടെ വധശിക്ഷ ഇറാന്‍ നടപ്പാക്കി. ഇറാനിയന്‍ ഗവണ്‍മെന്റ് വാര്‍ത്താ ഏജന്‍സിയായ ഐആര്‍ഐബിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇറാന്‍ പൗരനാണ് ഇയാള്‍. യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട റെവല്യൂഷണറി ഗാര്‍ഡ്‌സ് മുന്‍ കമാന്‍ഡര്‍ കാസിം സൊലെയ്മാനിയെ നിരീക്ഷിച്ച് ഇസ്രയേല്‍, യുഎസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് മൂസാവി മജീദ് വിവരങ്ങള്‍ നല്‍കിയതായാണ് ഇറാനിയന്‍ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയത്.

ഈ വര്‍ഷം ജനുവരി മൂന്നിന് ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ വിമാനത്താവളത്തിന് സമീപം യുഎസ് വ്യോമസേന നടത്തിയ ആക്രമണത്തിലാണ് കാസിം സൊലൈമാനി കൊല്ലപ്പെട്ടത്. റെവലൂഷണറി ഗാര്‍ഡ്‌സിന്റെ കുദ്‌സ് ഫോഴ്്‌സ് തലവനായിരുന്നു സൊലെയ്മാനി. യുഎസ്സിനും സഖ്യകക്ഷികള്‍ക്കും നേരെ പശ്ചിമേഷ്യയില്‍ നടക്കുന്ന ആക്രമണങ്ങളുടെ സൂത്രധാരനായാണ് യുഎസ് സൊലെയ്മാനിയെ കണ്ടിരുന്നത്.

ഗവണ്‍മെന്റ് വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിന് മൂന്ന് പേര്‍ക്ക് വിധിച്ച വധശിക്ഷ ഇറാനില്‍ വ്യാപകമായ ജനകീയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഈ മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കുന്നത് മാറ്റിവച്ചിരിക്കുകയാണ് ഗവണ്‍മെന്റ്. 'Don't execute' എന്ന് പറഞ്ഞ് വലിയ പ്രചാരണമാണ് കഴിഞ്ഞയാഴ്ച മുതല്‍ മൂന്നുപേരുടെ വധശിക്ഷ നടപ്പാക്കുന്നതിനെതിരെ ഉയര്‍ന്നത്. ലക്ഷക്കണക്കിനാളുകളാണ് വധശിക്ഷക്കെതിരായ ട്വിറ്റർ കാംപെയിനിൽ ഭാഗമായത്.


Next Story

Related Stories